Oddly News

63 കാരനായ പുരോഹിതന്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചു…! ഗോത്രപാരമ്പര്യം വിവാദമായി

ഘാനയില്‍ നടന്ന ഒരു വിവാദ വിവാഹത്തില്‍ 63 കാരനായ പുരോഹിതന്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ പരമ്പരാഗത ചടങ്ങില്‍ വിവാഹം കഴിച്ചു. തലസ്ഥാനമായ അക്രയിലെ നുങ്കുവ ഏരിയയിലെ ആത്മീയ നേതാവായ നുമോ ബോര്‍കെറ്റി ലവേ സുരു തതതകകകയാണ് പരമ്പരാഗതമായ രീതിയില്‍ വിവാഹിതനായത്. ശനിയാഴ്ച നടന്ന ഒരു വലിയ ചടങ്ങില്‍ അജ്ഞാതനായ കുട്ടിയെ വിവാഹം കഴിച്ചു.

‘ഗ്ബോര്‍ബു വുലോമോ’ അല്ലെങ്കില്‍ പരമ്പരാഗത മഹാപുരോഹിതന്‍ എന്നറിയപ്പെടുന്ന സുരു നുങ്കുവ തദ്ദേശീയ സമൂഹത്തില്‍ കാര്യമായ ആത്മീയ അധികാരം കയ്യാളുന്നയാളാണ്. ഘാനയില്‍ വിവാഹം കഴിക്കാനുള്ള നിയമപരമായ കുറഞ്ഞ പ്രായം 18 വയസ്സായിട്ടും ചടങ്ങ് നടന്നത് ശ്രദ്ധേയമാണ്. ഡസന്‍ കണക്കിന് കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്ത വിവാഹ ചടങ്ങിന്റെ ചിത്രങ്ങളില്‍ ലളിതമായ വെളുത്ത വസ്ത്രവും അനുയോജ്യമായ ശിരോവസ്ത്രവും ധരിച്ച പെണ്‍കുട്ടിയെ കാണാം. ചടങ്ങിനിടെ, പ്രാദേശിക ഭാഷയായ ഗായില്‍ വിവാഹത്തിനെത്തിയ സ്ത്രീകള്‍ പെണ്‍കുട്ടിയോട് ഭര്‍ത്താവിനെ കളിയാക്കി വസ്ത്രം ധരിക്കാന്‍ പറയുന്നതും കേള്‍ക്കാം. ഭാര്യയുടെ ചുമതലകള്‍ക്കായി തയ്യാറെടുക്കാനും അവര്‍ സമ്മാനിച്ച സുഗന്ധദ്രവ്യങ്ങള്‍ പൂശി ഭര്‍ത്താവിനെ ആകര്‍ഷിക്കാനും അവര്‍ ആവശ്യപ്പെടുന്നു.

ഈ ആചാരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച നിരവധി ഘാനക്കാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. വിവാഹം വേര്‍പെടുത്തി വൈദികനെതിരേ അന്വേഷണം വേണമെന്നും വിമര്‍ശകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിവാഹത്തെ ന്യായീകരിച്ച് നിരവധി സമുദായ നേതാക്കളും രംഗത്ത് വന്നു. ആളുകള്‍ക്ക് ഓരോരുവരുടേയും ആചാരങ്ങളും പാരമ്പര്യങ്ങളും മനസ്സിലാകുന്നില്ലെന്ന് പറഞ്ഞു. പുരോഹിതന്റെ ഭാര്യയെന്ന നിലയില്‍ പെണ്‍കുട്ടിയുടെ പങ്ക് ‘തികച്ചും പാരമ്പര്യവും ആചാരവുമാണ്’ എന്നാണ് ഇവരുടെ വാദം.

ആറാമത്തെ വയസ്സില്‍ പുരോഹിതന്റെ ഭാര്യയാകാന്‍ ആവശ്യമായ ആചാരങ്ങള്‍ പെണ്‍കുട്ടി ആരംഭിച്ചെങ്കിലും ഈ പ്രക്രിയ അവളുടെ വിദ്യാഭ്യാസത്തിന് തടസ്സമായില്ലെന്നും ന്യായീകരിക്കുന്നവര്‍ പറയുന്നു. ഇനി പ്രസവം ഉള്‍പ്പെടെയുള്ള വിവാഹ ഉത്തരവാദിത്തങ്ങള്‍ക്കായി പെണ്‍കുട്ടിയെ ഒരുക്കുന്നതിനായി രണ്ടാമത്തെ ആചാരപരമായ ചടങ്ങിന് പെണ്‍കുട്ടി വിധേയയാകുമെന്ന് പ്രതീക്ഷിക്കുന്നു.

പോലീസ് പെണ്‍കുട്ടിയെ തിരിച്ചറിയുകയും പിന്തുടരുകയും അമ്മയ്ക്ക് തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. വിവാദ വിവാഹത്തെക്കുറിച്ച് ഘാന സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഘാനയിലെ പെണ്‍കുട്ടികളില്‍ ഗണ്യമായ ശതമാനവും പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് വിവാഹം കഴിക്കുന്നെന്നാണ് ‘ഗേള്‍സ് നോട്ട് ബ്രൈഡ്സ്’ എന്ന ഒരു ആഗോള എന്‍ജിഒയുടെ കണ്ടെത്തല്‍.