Oddly News

കോമ്പറ്റീഷന്‍ ഐറ്റം അല്ല കേട്ടോ ! ഒരു വര്‍ഷത്തിനിടെ ഇയാള്‍ ഓര്‍ഡര്‍ ചെയ്തത് 7.3 ലക്ഷം രൂപയുടെ ഇഡ്ഡലി

ലോക ഇഡ്ഡലി ദിനമായ മാര്‍ച്ച് മുപ്പത്തിയൊന്നിന് ഇഡ്ഡലി സൂപ്പര്‍ സ്റ്റാറിനെ പ്രഖ്യാപിച്ചിരിക്കുകയാണ് സ്വിഗ്ഗി. ഹൈദരാബാദിലെ ഒരു സ്വിഗ്ഗി ഉപയോക്താവ് കഴിഞ്ഞ 12 മാസത്തിനിടെ ഓര്‍ഡര്‍ ചെയ്തത്7.3 ലക്ഷം രൂപയുടെ ഇഡ്ഡലിയാണത്രേ. അത്താഴമായി ഇഡ്ഡലി കഴിക്കാന്‍ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂര്‍ , മുംബൈ തുടങ്ങിപല നഗരങ്ങളിലെയും ഒട്ടേറെ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നുണ്ടത്രേ.

റവ ഇഡ്ഡലിക്ക് ബെംഗളൂരില്‍ ആരാധകര്‍ ഏറെയാണ് അതേ സമയം തമിഴ്‌നാട് , അന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ പ്രദേശങ്ങളില്‍ നെയ്യ്/ നെയ്യ് കരം പൊടി ഇഡ്ഡലിയാണ് വളരെ പ്രിയങ്കരം. തട്ടേ ഇഡ്ഡലിയുടെയും മിനി ഇഡ്ഡ്‌ലിയുടെ ഫാന്‍സും ഒട്ടും തന്നെ കുറവല്ല. മസാല ദേശയ്ക്ക് തൊട്ട് പിന്നില്‍ സ്വിഗ്ഗിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഓര്‍ഡര്‍ ചെയ്ത പ്രഭാതഭക്ഷണങ്ങളുടെ  കൂട്ടത്തില്‍ രണ്ടാം സ്ഥാനമാണ് ഇഡ്ഡലിയ്ക്കുള്ളത്.

ഏറ്റവും കൂടുതലായി ഇത് ഓര്‍ഡര്‍ ചെയ്യുന്നത് രാവിലെ 8 മണി മുതല്‍ 10 മണി വരെയാണ്. ഇനി ഇഡ്ഡ്‌ലിക്ക് ഇന്ത്യയില്‍ മാത്രമാണ് ആരാധകരുള്ളതെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ബര്‍മ്മ തുടങ്ങിയ രാജ്യങ്ങളിലും ഇഡ്ഡലിക്ക് ഫാന്‍സുണ്ട്.കേരളത്തിലെ രാമശ്ശേരി എന്ന് ഗ്രാമം രാമശ്ശേരി ഇഡ്ഡ്‌ലിക്ക് പ്രശസ്തമാണ്. വിദേശികളടക്കം നിരവധി ആളുകളാണ് ഇവിടെ വന്ന് രാമശ്ശേരി ഇഡ്ഡലിയുടെ രുചി നുകരുന്നത്.