Sports

എട്ടു വര്‍ഷത്തെ ഇടവേള, മുംബൈ വീണ്ടും ചാംപ്യന്മാര്‍ ; രഞ്ജിയില്‍ കിരീടം നേടുന്നത് നാല്‍പ്പത്തിരണ്ടാം തവണ

മുംബൈ: വിദര്‍ഭയ്‌ക്കെതിരേ തകര്‍പ്പന്‍ പ്രകടനവുമായി മുംബൈ രഞ്ജിട്രോഫിയില്‍ എഴുതിച്ചേര്‍ത്തത് ചരിത്രം. വ്യാഴാഴ്ച അവസാന വിക്കറ്റായ ഉമേഷ് യാദവിനെ ധവാല്‍ കുല്‍ക്കര്‍ണ്ണി വീഴ്ത്തിയതോടെ മുംബൈ നാല്‍പ്പത്തിരണ്ടാം തവണയാണ് രഞ്ജി ചാംപ്യന്‍പദവി നേടിയത്.

നീണ്ട എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുംബൈയുടെ ഏറ്റവും പുതിയ രഞ്ജി ട്രോഫി വിജയം. അതേസമയം, തങ്ങളുടെ അവസാന രണ്ട് രഞ്ജി ഫൈനലുകളും വിജയിച്ച വിദര്‍ഭയ്ക്ക് 169 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടത്്. 2015-16 ലായിരുന്നു മുംബൈ അവസാനമായി വിജയം നേടിയത്. 538 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വിദര്‍ഭ ഓപ്പണര്‍മാരായ അഥര്‍വ ടൈഡെയ്ക്കും ധ്രുവ് ഷോറേയ്ക്കും തുടക്കമിട്ടെങ്കിലും അത് മുതലാക്കാനായില്ല. കരുണ് നായര്‍ മധ്യനിരയില്‍ 74 റണ്‍സ് നേടിയെങ്കിലും നിന്ന് ഒരുപാട് സമയം കളഞ്ഞു.

കളിയുടെ പ്രധാന ഭാഗങ്ങളില്‍ മുംബൈ ആധിപത്യം പുലര്‍ത്തിയിരുന്നുവെങ്കിലും ഹര്‍ഷ് ദുബെയും അക്ഷയ് വാഡ്കറും നാലാം ദിവസത്തെ രാവിലെ മനോഹരമായി ബാറ്റ് ചെയ്ത് മുംബൈയുടെ ജയവും ആകാംഷയും നീട്ടിക്കൊണ്ടു പോയി. ഒരു രഞ്ജി ഫൈനലില്‍ വാഡ്കര്‍ തന്റെ രണ്ടാം സെഞ്ച്വറി നേടി, തോല്‍വിയിലും തന്റെ ക്ലാസ് കാണിച്ചു. വിദര്‍ഭയുടെ ക്യാപ്റ്റന്റെ പുറത്താകല്‍ പ്രളയഗേറ്റുകള്‍ തുറന്നു, 15 റണ്‍സിനിടെ അവസാന അഞ്ച് വിക്കറ്റുകള്‍ വീണതോടെ മുംബൈ അതിവേഗം ഇന്നിംഗ്സ് അവസാനിപ്പിച്ചു.

ആദ്യ ഇന്നിംഗ്സില്‍ ബാറ്റര്‍മാര്‍ പതറിയില്ലായിരുന്നുവെങ്കില്‍ വിദര്‍ഭയ്ക്ക് മത്സരം കൂടുതല്‍ അടുപ്പിക്കാമായിരുന്നു. ശക്തമായ മുംബൈ ബാറ്റിംഗ് നിരയെ 224 റണ്‍സിന് പുറത്താക്കിയ വിദര്‍ഭയ്ക്ക് ആദ്യ ഇന്നിംഗ്‌സില്‍ നേടാനായത് 105 റണ്‍സ് ആയിരുന്നു. മുഷീര്‍ ഖാന്റെ (136) ഡാഡി സെഞ്ചുറിയുടെയും ശ്രേയസ് അയ്യരുടെ (95), അജിങ്ക്യ രഹാനെയുടെയും (73) സംഭാവനകളുടെയും പിന്‍ബലത്തില്‍, മുംബൈ രണ്ടാം ഇന്നിംഗ്സില്‍ 418 റണ്‍സ് നേടി. അജിങ്ക്യ രഹാനെയായിരുന്നു മുംബൈയെ നയിച്ചത്.