Hollywood

മികച്ച നടന്‍ സിലിയന്‍ മര്‍ഫി, നടി എമ്മാസ്‌റ്റോണ്‍, സംവിധായകന്‍ നോളന്‍ ; ഓപ്പണ്‍ഹൈമര്‍ തകര്‍ത്തുവാരി

ഹോളിവുഡ്: മികച്ച സംവിധായകനും നടനുമടക്കം ക്യാമറയും മികച്ച ചിത്രവുമടക്കം ഓസ്‌ക്കറില്‍ കിടിലന്‍ മുന്നേറ്റം നടത്തി സിലിയന്‍ മര്‍ഫിയുടെയും ക്രിസ്റ്റഫര്‍ നോളന്റെയും ഓപ്പണ്‍ഹൈമര്‍. സിനിമയിലെ ഏഴു സുപ്രധാന പുരസ്‌ക്കാരം സിനിമ തൂത്തുവാരിയപ്പോള്‍ എമ്മാ സ്‌റ്റോണിന് മികച്ച നടിയുള്‍പ്പെടെ മൂന്ന് പുരസ്‌ക്കാരവുമായി പൂവര്‍തിംഗ്‌സും മികച്ച പ്രകടനം നടത്തി.

ന്യൂക്ലീയര്‍ ഫിസിസ്റ്റ് റോബര്‍ട്ട് ഓപ്പണ്‍ഹൈമറെ അവതരിപ്പിച്ചതിനാണ് സിലിയന്‍ മര്‍ഫി മികച്ച നടനുള്ള പുരസ്‌ക്കാരം നേടിയത്. ചെറിയ വേഷങ്ങള്‍ ചെയ്തു കൊണ്ടു സിനിമയില്‍ എത്തിയ സിലിയന്‍ മര്‍ഫിയുടെ ആദ്യ പുരസ്‌ക്കാരമാണ് ഇത്. ആദ്യമായിട്ടാണ് അദ്ദേഹം ഓസ്‌ക്കര്‍ നോമിനേഷന്‍ ചെയ്യപ്പെടുന്നതും. നേരത്തേ ബാഫ്ത്ത, സ്‌ക്രീന്‍ ആക്‌ടേഴ്‌സ് ഗില്‍ഡ്, ഗോള്‍ഡന്‍ ഗ്‌ളോബ് എന്നീ പുരസ്‌ക്കാരങ്ങള്‍ സിലിയന്‍ മര്‍ഫി നേടിയിരുന്നു. അയര്‍ലന്റില്‍ നിന്നും ഓസ്‌ക്കര്‍ നേടുന്ന മൂന്നാമത്തെയാളാണ് സിലിയന്‍ മര്‍ഫി. നേരത്തേ ദാനിയല്‍ ഡേ ലൂയിസ്, ബാരി ഫിറ്റ്‌സ്ഗരാള്‍ഡ് എന്നിവരും പുരസ്‌ക്കാരം നേടിയിരുന്നു.

മികച്ച സംവിധായകന്‍, മികച്ച സഹനടന്‍, മികച്ച ക്യാമറാമെന്‍, മികച്ച എഡിറ്റിംഗ് തുടങ്ങിയ പുരസ്‌ക്കാരങ്ങളും ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ ഹൈമാര്‍ നേടി. ക്രിസ്റ്റഫര്‍ നോളന്റെ സിനിമ 13 നോമിനേഷനുകളുമായിട്ടാണ് ഓസ്‌ക്കറില്‍ എത്തിയത്. അതില്‍ ആറെണ്ണം നേടി. 11 നോമിനേഷന്‍ വന്ന പൂവര്‍തിംഗ്‌സ് നാലു പുരസ്‌ക്കാരം നേടി. ഓപ്പണ്‍ഹൈമറിലെ ആറ്റംബോബിന്റെ നിര്‍മ്മാതാവ് ഓപ്പണ്‍ഹൈമറിന്റെ ധര്‍മ്മസങ്കടങ്ങള്‍ അവതരിപ്പിച്ച ഐറിഷ് നടന്‍ സിലിയന്‍ മര്‍ഫി നേടിയപ്പോള്‍ മികച്ച സഹനടനുള്ള പുരസ്‌ക്കാരം വന്നത് ഓപ്പണ്‍ ഹൈമറില്‍ സഹതാരത്തെ അവതരിപ്പിച്ച റോബര്‍ട്ട് ഡൗണി ജൂനിയറാണ് നേടിയത്. ക്രിസ്റ്റഫര്‍ നോളനുമായുള്ള മര്‍ഫിയുടെ ആറാമത്തെ കൂട്ടുകെട്ട് ഇരുവര്‍ക്കും നല്‍കിയത് സുവര്‍ണ്ണ നേട്ടമായിരുന്നു.

ഓപ്പണ്‍ ഹൈമറിലൂടെ നോളന്‍ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഒറിജിനല്‍ സ്‌കോറിന് ഓപ്പണ്‍ഹൈമറിലൂടെ ലുഡ്‌വിഗ് ഗോരന്‍സണ്‍ നേടി. ഓപ്പണ്‍ഹൈമറിന് ക്യാമറ ഒരുക്കി ഹോയ്‌തേ വാന്‍ ഹോയ്‌തേമ മികച്ച ഛായാഗ്രഹകനായി മാറി. ജെന്നിഫര്‍ ലാമേ മികച്ച ചിത്രസംയോജനത്തിനുള്ള പുരസ്‌ക്കാരവും കുറിച്ചു. 11 നോമിനേഷനുമായി എത്തിയ പൂവര്‍ തിംഗ്‌സ് മികച്ച നടിയടക്കം മുന്ന് പുരസ്‌ക്കാരം നേടി. എമ്മാ സ്‌റ്റോണാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. സിനിമയിലെ ബെല്ലാ ബക്‌സ്റ്ററെ അവതരിപ്പിച്ചതിനായിരുന്നു പുരസ്‌ക്കാരം.