Movie News

ഇതാണ് മഞ്ഞുമ്മല്‍ ബോയ്‌സിലെ ഗുണ കേവ്‌സ് ; നമ്മുടെ പെരുമ്പാവൂരില്‍, വീഡിയോ പുറത്ത്

ജാന്‍ എ മന്‍ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത് തിയേറ്ററില്‍ മികച്ച പ്രതികരണവുമായി മുന്നോട്ട് പോകുന്ന ചിത്രമാണ് ” മഞ്ഞുമ്മല്‍ ബോയ്‌സ് ” . 2006-ല്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിയ്ക്കുന്നത്. എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്ന് കൊടൈക്കനാലിലേക്ക് പോകുന്ന ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറഞ്ഞത്.

ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ മനോഹര ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ചിത്രത്തിന്റെ കലാസംവിധാനവും ക്യാമറയും അഭിനന്ദനം അര്‍ഹിയ്ക്കുന്ന തരത്തിലാണ് ഒരുക്കിയിരിയ്ക്കുന്നത്.

കൊടൈക്കനാലിലെ ഗുണ കേവ് പോലെ തന്നെയുള്ള ഒന്ന് സെറ്റിടുകയായിരുന്നു. മൂന്നു മാസം കൊണ്ട് ഫൈബറില്‍ നിര്‍മ്മിച്ച 50 അടിയോളം ഇയരമുള്ള സെറ്റിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഷൂട്ട് ചെയ്തത്ഗുണ കേവ്‌സിന്റെ ഒര്‍ജിനാലിറ്റിയെ വെല്ലുന്ന രീതിയില്‍ ചിത്രത്തിന്റെ ആര്‍ട്ട് ഒരുക്കിയത് പ്രൊഡക്ഷന്‍ ഡിസൈനറായ അജയന്‍ ചാലിശ്ശേരിയാണ്. ചിത്രം സെറ്റിട്ടാണ് ചിത്രീകരിച്ചതെന്ന് വിശ്വസിക്കാനാകാത്ത രീതിയിലായിരുന്നു കലാസംവിധാനം.

അജയന്‍ ചാലിശ്ശേരി തന്നെ അടുത്തിടെ ഒരു അഭിമുഖത്തില്‍, ചിത്രത്തിനായി സെറ്റിട്ടത് പെരുമ്പാവൂരില്‍ ഒഴിഞ്ഞു കിടന്ന ഒരു ഗോഡൗണിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സെറ്റിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരിയ്ക്കുകയാണ്. 50 അടി ഉയരമുള്ള സെറ്റില്‍ ഒരുക്കിയിരിക്കുന്ന ഗുണാകേവാണ് വീഡിയോയില്‍ കാണാന്‍ സാധിയ്ക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.