Sports

പിതാവും ജേഷ്ഠനും ജേഷ്ഠത്തിയും അകാലത്തില്‍ മരിച്ചു; അമ്മ മരണത്തിനു തൊട്ടടുത്തെത്തി; ആകാശ്ദീപ് വരുന്നത് ദുരിതക്കടല്‍ താണ്ടി

റാഞ്ചിയിലെ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ സംഭവബഹുലമായ ആദ്യ മണിക്കൂറാണ് ആകാശ് ദീപ് നടത്തിയത്. ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രാളിയുടെ ഓഫ് സ്റ്റംപ് തെറുപ്പിച്ച് ആദ്യ സ്‌പെല്ലില്‍ തന്നെ വിക്കറ്റ് നേടിയെന്ന് തോന്നിപ്പിച്ചു. ആഹ്‌ളാദത്തോടെ ഒരു കാര്‍ട്ട് വീലിലേക്ക് പോയി. പക്ഷേ അമ്പയര്‍ നോബോള്‍ സിഗ്നല്‍ നല്‍കി. എന്നിരുന്നാലും തൊട്ടടുത്ത പന്തില്‍ തന്നെ ബെന്‍ ഡക്കറ്റിന്റെ എഡ്ജ് ചെയ്യിച്ച് സ്‌ളിപ്പില്‍ ക്യാച്ചിനു വിട്ടു വേദന സന്തോഷമാക്കി മാറ്റി. പിന്നാലെ ഒല്ലി പോപ്പിനെ വിക്കറ്റിന് മുന്നില്‍ ഡക്കില്‍ കുരുക്കി. പിന്നാലെ ക്രാളിയെയും വീഴ്ത്തിയതോടെ 7-0-24-3ന് എന്നായി ആകാശ് ദീപിന്റെ ഓപ്പണിംഗ് സ്പെല്‍.

സ്വപ്‌ന തുല്യമായ ഒരു തുടക്കമായിരുന്നു ബീഹാറിലെ സസാരാമിലെ ഡെഹ്രി ഗ്രാമത്തില്‍ നിന്നുള്ള ആകാശ് ദീപിന് കിട്ടിയത്. വ്യക്തിഗതമായി അനേകം നഷ്ടങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ പേസറെ തേടി ഭാഗ്യത്തിന്റെ വരവുണ്ടാകുന്നത്. 2015-ല്‍ പിതാവ് ദാരുണമായി മരിച്ചതായിരുന്നു താരത്തിന്റെ ആദ്യ ഞെട്ടല്‍. ആറ് മാസത്തിന് ശേഷം അദ്ദേഹത്തിന് മൂത്ത സഹോദരനെയും നഷ്ടപ്പെട്ടു. യഥാസമയം വൈദ്യസഹായം എത്തിക്കാന്‍ കഴിയാതെ പോയതായിരുന്നു രണ്ട് മരണങ്ങള്‍ക്കും കാരണമായത്. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ താരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബയോ ബബളിലിലായിരുന്നു. ഈ സമയത്ത് അയാള്‍ക്ക് അമ്മായിയെയും ജേഷ്ഠത്തിയെയും നഷ്ടപ്പെട്ടു. അമ്മയും നഷ്ടപ്പെടുന്നതിന് തൊട്ടരികിലെത്തി. കനത്ത തിരിച്ചടികളുടെ വലിയ കയത്തില്‍ നിന്നുമാണ് ആകാശ്ദീപിന്റെ നീന്തിക്കയറല്‍ ഉണ്ടായത്.

ക്രിക്കറ്റ് ചരിത്രത്തിലെ ആകാശിന്റെ ടെസ്റ്റ് അരങ്ങേറ്റം ഏറെ വൈകാരികത നിറഞ്ഞതായിരുന്നു. റാഞ്ചിയിലെ ജെഎസ്സിഎ സ്റ്റേഡിയത്തില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ആകാശ് ദീപ് അമ്മയുടെ പാദങ്ങളില്‍ തൊട്ടുവന്ദിച്ചാണ് കളിക്കിറങ്ങിയത്. വെള്ളിയാഴ്ച ടോസിന് തൊട്ടുമുമ്പ് ഇന്ത്യയുടെ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡായിരുന്നു ആകാശിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്. വിശ്രമം അനുവദിച്ച ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരമായി വലംകൈയ്യന്‍ പേസര്‍ ലൈനപ്പിലേക്ക് ചുവടുവച്ചപ്പോള്‍ ഇതോടെ ഇന്ത്യയുടെ 313-ാം ടെസ്റ്റ് താരമായിട്ടാണ് മാറിയത്. ഈ പരമ്പരയില്‍ ടീമിലെത്തുന്ന നാലാമത്തെ പുതുമുഖമാണ് ആകാശ് ദീപ്.

വിസാഗ് ടെസ്റ്റില്‍ രജത് പാട്ടിദാറിന്റെ അരങ്ങേറ്റത്തിനും സര്‍ഫറാസ് ഖാനും കീപ്പര്‍ ധുര്‍വ് ജുറലും രാജ്‌കോട്ടില്‍ നടന്ന ടെസ്റ്റിലും അരങ്ങേറിയിരുന്നു. ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് താരത്തിനും ഇന്ത്യന്‍ ടീമിലേക്ക് അവസരം നല്‍കിയത്. 23.58 ഫസ്റ്റ് ക്ലാസ് ശരാശരിയില്‍ ആകാശ് ദീപ് 30 മത്സരങ്ങളില്‍ നിന്ന് 103 വിക്കറ്റ് വീഴ്ത്തി. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്. ടെസ്റ്റിന് മുന്നോടിയായി, നെറ്റ്സില്‍ മുകേഷ് കുമാറിനൊപ്പം കര്‍ക്കശമായി ബൗള്‍ ചെയ്യുകയും വിപുലമായ ബാറ്റിംഗ് സെഷനില്‍ ഏര്‍പ്പെടുകയും ചെയ്തുകൊണ്ട് ആകാശ് ദീപ് തന്റെ സമര്‍പ്പണം പ്രകടമാക്കി.