Crime

മകളുടെ നാലുദിവസം പഴക്കമുള്ള മൃതദേഹത്തിനൊപ്പം 84 കാരി വൃദ്ധയെ കണ്ടെത്തി

തമിഴ്‌നാട്ടിലെ മണാലിയില്‍ 55 വയസ്സുള്ള മകളുടെ നാലുദിവസം പഴക്കമുള്ള മൃതദേഹത്തിനൊപ്പം കഴിയുന്ന 84 കാരി വൃദ്ധയെ കണ്ടെത്തി. ചെന്നൈ പോലീസിന് സമീപമുള്ള മണാലി ന്യൂ ടൗണിലാണ് അഴുകിത്തുടങ്ങിയ മൃതദേഹത്തിനൊപ്പം കിടപ്പ് രോഗിയായ 84 കാരിയെ കണ്ടെത്തിയത്.

വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികളും വീട്ടുടമയും നല്‍കിയ പരാതിയെ തുടര്‍ന്നാണ് സ്ഥലത്തെത്തിയ പോലീസാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ് ജോമിനും മകള്‍ ഷീലയും വര്‍ഷങ്ങളായി ടൗണിലെ ആവഡി പ്രദേശത്തെ വാടകവീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച പൂട്ടിയിട്ടിട്ടില്ലാത്ത വീട്ടിലേക്ക് ചെന്നപ്പോഴാണ് അനങ്ങാന്‍ പോലും കഴിയാത്ത നിലയില്‍ കിടപ്പിലായ അമ്മയെ കണ്ടെത്തിയതെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മകളെ മറ്റൊരു മുറിയില്‍ തറയില്‍ മരിച്ച നിലയില്‍ കിടക്കുന്നതും മൃതദേഹം അഴുകിയ നിലയിലുമാണ് പൊലീസ് കണ്ടതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അവള്‍ മരിച്ചിട്ട് നാല് ദിവസമെങ്കിലും കഴിഞ്ഞിട്ടുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

സ്വാഭാവിക മരണമാണെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പുനരധിവാസ കേന്ദ്രമായ ചെന്നൈയിലെ എന്‍ജിഒയായ അന്‍ബാഗത്തിലേക്കാണ് അമ്മയെ അയച്ചിരിക്കുന്നത്.