മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിന്റെ കൊലപാതക ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയി ഏറ്റെടുത്തു. ഇതോടെ ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 700 ഷൂട്ടർമാരുമായി പ്രവർത്തിക്കുന്ന ദാവൂദ് ഇബ്രാഹിമിന്റെ പാത പിന്തുടരുന്ന സംഘമാണ് ഇതെന്ന് എൻഐഎ വ്യക്തമാക്കി .
ലോറൻസ് ബിഷ്‌ണോയി, ഗോൾഡി ബ്രാർ എന്നിവരുൾപ്പെടെ 16 ഗുണ്ടാസംഘങ്ങൾക്കെതിരെ യുഎപിഎ നിയമപ്രകാരമാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കുറ്റപത്രത്തിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തെ എൻഐഎ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായാണ് താരതമ്യപ്പെടുത്തിയത് .
മുപ്പത്തൊന്നുകാരനായ ലോറൻസ് ബിഷ്‌ണോയിയും സംഘവും ഉത്തരേന്ത്യയിൽ ആധിപത്യം പുലർത്തുന്നതായും തൊണ്ണൂറുകളിൽ ദാവൂദ് ഇബ്രാഹിം ചെറിയ കുറ്റകൃത്യങ്ങളിൽ നിന്ന് ഭീകരസംഘം ഉണ്ടാക്കിയെടുത്തതിന് സമാനമായി ബിഷ്‌ണോയിയും തന്റെ സംഘത്തെ രൂപപ്പെടുത്തിയെന്നും എൻ ഐ എ വ്യക്തമാക്കി .
കനേഡിയൻ പോലീസും ഇന്ത്യൻ ഏജൻസികളും അന്വേഷിക്കുന്ന ഗോൾഡി ബ്രാർ എന്ന സത്വീന്ദർ സിംഗ് ആണ് ലോറൻസ് ബിഷ്‌ണോയി സംഘത്തെ നയിക്കുന്നത്. ബിഷ്‌ണോയിയുടെ സംഘത്തിന് 700-ലധികം ഷാര്‍പ്പ് ഷൂട്ടർമാർ ഉണ്ട്. ഇതിൽ 300 പേർക്ക് പഞ്ചാബുമായി ബന്ധമുള്ളതായി എൻഐഎ കുറ്റപത്രത്തിൽ പറയുന്നു .
ബിഷ്‌ണോയിയുടെയും ഗോൾഡി ബ്രാറിന്റെയും ചിത്രങ്ങൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യു ട്യൂബ് തുടങ്ങിയവയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവാക്കൾക്കിടയിൽ പ്രചരിക്കുന്നതായും ഇതേ സാമൂഹ്യ മാധ്യമങ്ങൾ വഴി തന്നെ യുവാക്കളെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതായും എൻ ഐ എ വ്യക്തമാക്കി.
ആദ്യകാലങ്ങളിൽ പഞ്ചാബിൽ മാത്രം ഒതുങ്ങിയിരുന്ന ലോറൻസ് ബിഷ്‌ണോയി സംഘം പിന്നീട് ഗോൾഡി ബ്രാരിന്റെ സഹായത്തോടെ ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ സഖ്യമുണ്ടാക്കി ഉത്തരേന്ത്യ മുഴുവനായി വ്യാപിച്ചതായും എൻ ഐ എ ചൂണ്ടികാണിക്കുന്നു .
1993-ലാണ് ലോറൻസ് ബിഷ്ണോയിയുടെ ജനനം. ഇയാള്‍ പഠിച്ചിരുന്ന ചണ്ഡീഗഡിലെ ഡിഎവി കോളേജ് കാമ്പസ്സുകളിലെ അരാജകത്വമാണ് ലോറൻസ് ബിഷ്ണോയിയെ ഗുണ്ടാ സംഘങ്ങളിലേക്ക് എത്തിക്കുന്നത്. 2011-ൽ ലോറൻസ് പഞ്ചാബ് യൂണിവേഴ്‌സിറ്റി കാമ്പസ് സ്റ്റുഡൻ്റ്സ് കൗൺസിലിൽ അംഗമായി. ഇവിടെ വെച്ചാണ് ഗുണ്ടാനേതാവ് ഗോൾഡി ബ്രാറിനെ കണ്ടുമുട്ടുന്നത്. ഇതോടെ ഇവർ ഒരുമിച്ച് സര്‍വ്വകലാശാലാ രാഷ്ട്രീയത്തിൽ ഇടപെടാന്‍ തുടങ്ങി. പിന്നീട് വളരെ ശക്തമായ ഈ ബന്ധം ഇരുവരുടേയും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് തുണയായി മാറി.