Crime

അച്ഛന്‍ കടംവാങ്ങിയ 60000 രൂപ ഈടാക്കാന്‍ ഏഴുവയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി മൂന്ന്​ലക്ഷത്തിന് വിറ്റു

ഗാന്ധിനഗര്‍: ഗുജറാത്തിലെ സബര്‍കാന്ത ജില്ലയില്‍ അച്‌ഛന്‍ കടം വാങ്ങിയ അറുപത്തിനായിരം രൂപ ഈടാക്കാന്‍ ഏഴുവയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി മൂന്ന്‌ ലക്ഷം രൂപയ്‌ക്ക് വിറ്റു. കഴിഞ്ഞ 19-നാണ്‌ സംഭവം പുറംലോകം അറിഞ്ഞത്‌. ഇതുമായി ബന്ധപ്പെട്ട്‌ പോലീസ്‌ മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. ശനിയാഴ്‌ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെഏഴ്‌ ദിവസത്തെ പൊലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു.

ആരവല്ലി ജില്ലയിലെ മോദസ സ്വദേശികളായ അര്‍ജുന്‍ നാഥ്, ഷരീഫ, മഹിസാഗര്‍ ജില്ലയിലെ ബാലസിനോര്‍ സ്വദേശിയായ ലക്പതി നാഥ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തേക്കുറിച്ച്‌ പൊലീസ്‌ പറയുന്നത്‌ ഇങ്ങനെ: ഏഴ്‌ വയസുകാരിയുടെ പിതാവിന്‌ പ്രതികളിലൊരാള്‍ 60,000 രൂപ കടമായി നല്‍കിയിരുന്നു. ഉയര്‍ന്ന പലിശയ്‌ക്ക് നല്‍കിയ പണം ദിവസവേതനക്കാരനായ പിതാവിന് കൃത്യസമയത്ത്‌ തിരികെ നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെ പ്രതി ഏഴ്‌ വയസുകാരിയുടെ അച്‌ഛനോട്‌ നാലു ലക്ഷം രൂപ ആവശ്യപ്പെട്ടു.

പണം തിരികെ കൊടുക്കാന്‍ സാധിക്കില്ലെന്ന്‌ കണ്ടതോടെ ഇരുവരും ചേര്‍ന്ന്‌ പെണ്‍കുട്ടിയുടെ അച്‌ഛനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ ഇയാളെക്കൊണ്ട്‌ വെള്ളപ്പേപ്പറുകളിലും ഒപ്പിട്ട്‌ വാങ്ങുകയും ചെയ്‌തു. അതിനുശേഷം ഇയാളുടെ മകളെ തട്ടിക്കൊണ്ട്‌ പോയ സംഘം കുട്ടിയെ രാജസ്‌ഥാനിലെ അജ്‌മീര്‍ സ്വദേശിക്ക്‌ മൂന്ന്‌ ലക്ഷം രൂപയ്‌ക്ക് വിറ്റു.

കുട്ടിയുടെ അച്‌ഛന്‍ പരാതിയുമായി കോടതിയിലെത്തിയപ്പോഴാണ്‌ സംഭവം പുറത്തറിഞ്ഞത്‌. കേസെടുക്കാന്‍ കോടതിയാണ്‌ പോലീസിന്‌ നിര്‍ദ്ദേശം നല്‍കിയത്‌. കുട്ടി അജ്‌മീറിന്‌ സമീപത്തെ ഒരു ഗ്രാമത്തിലുണ്ടെന്ന്‌ മനസിലാക്കാന്‍ സാധിച്ചതായും കുട്ടിക്കുവേണ്ടിയുള്ള തിരച്ചില്‍ ഉൗര്‍ജിതമാക്കിയെന്നും പോലീസ്‌ അറിയിച്ചു.