Crime

47ദിവസത്തിനിടയില്‍ കൊന്നത് 8പേരെ; പരിക്കേറ്റത് 22പേര്‍ക്ക്, കൊലയാളി മനുഷ്യനല്ല

ഉത്തര്‍പ്രദേശില്‍ 8പേരെ കൊന്നു തിന്നുകയും 22 പേര്‍ക്ക് ഗുരതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത ചെന്നായ്ക്കൂട്ടത്തില്‍ അഞ്ചാമനും പിടിയില്‍. ഏഴ് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ എട്ട് പേരാണു ചെന്നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ ഒരു പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടതോടെയാണു ചെന്നായയെ പിടികൂടാന്‍ യു.പി. സര്‍ക്കാര്‍ ‘ഓപ്പറേഷന്‍ ഭേദിയ’ പ്രഖ്യാപിച്ചത്. ആറ് ചെന്നായകള്‍ ചേര്‍ന്നാണ് ആക്രമണങ്ങള്‍ നടത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അവയില്‍ നാലെണ്ണത്തെ നേരത്തെ പിടികൂടിയിരുന്നു. കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയ ആണ്‍ ചെന്നായയാണത്രേ ഇന്നലെ പിടിയിലായത്. പിടികൂടിയ ചെന്നായകളെ മൃഗശാലയിലേക്കു മാറ്റും.



ആദ്യ ചെന്നായയെ 72 മണിക്കൂറുകള്‍ നീണ്ട ദീര്‍ഘമായ ഓപ്പറേഷനിലൂടെ ഉത്തര്‍പ്രദേശ് വനംവകുപ്പ് പിടികൂടി. 47 ദിവസങ്ങള്‍ക്കിടയില്‍ 8 പേരെ കൊലപ്പെടുത്തിയ ചെന്നായ് സംഘത്തിലെ ഒരു ആണ്‍ ചെന്നായയെ 25 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നു ദിവസത്തെ തുടര്‍ച്ചയായ തെരച്ചിലിനൊടുവിലാണ് പിടികൂടിയത്. ഇതിനെ കൂട്ടിലാക്കി വനത്തില്‍ കൊണ്ടുപോയി വിട്ടു.


ലക്നൗവില്‍ ബഹ്റിചിലെ സിസയാ ഗ്രാമത്തിലെ കരിമ്പിന്‍ കാട്ടില്‍ നിന്നുമായിരുന്നു ചെന്നായയെ പിടികൂടിയത്. സിസിയയിലെ കരിമ്പിന്‍ തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ തുടരാനാണ് വനംവകുപ്പിന്റെ ഉദ്ദേശം. നൈറ്റ് വിഷന്‍ ഡ്രോണുകള്‍, കൂട്, മയക്കുവെടി വെക്കാനുള്ള തോക്കുകള്‍ എന്നിവയുമായായിരുന്നു തെരച്ചില്‍ നടന്നത്. ഉത്തര്‍പ്രദേശില്‍ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ വേട്ടയായിരുന്നു ഇത്.

തെരച്ചിലിന്റെ ഭാഗമായി നടത്തിയ ഡ്രോണ്‍ പരിശോധനയില്‍ ചെന്നായ്ക്കൂട്ടം സിസിയ ഗ്രാമത്തിലെ കരമ്പിന്‍ തോട്ടത്തിന് സമീപം താമസിക്കുന്ന ഹോളിയാദവ് എന്നയാളുടെ വീടിന് സമീപം നില്‍ക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇവയില്‍ ഒരെണ്ണത്തിന്റെ ഇടതുകാലിന് പരിക്കേറ്റതായും കണ്ടെത്തി. കഴിഞ്ഞ രണ്ടു തവണയും പിടിക്കുന്നതിന് തൊട്ടടുത്തുവെച്ച് ചെന്നായ്ക്കള്‍ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ ആട്ടിന്‍കുട്ടിയെ കെട്ടിയിട്ട് ആകര്‍ഷിച്ച ശേഷം മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു.