Celebrity Hollywood

61 കാരന്‍ ജോണിഡെപ്പിന് പുതിയ കാമുകി ; തന്നേക്കാള്‍ 33 വയസ് ഇളയവള്‍ യൂലിയ വ്ളോസോവ

നടി ആംബര്‍ഹേര്‍ഡുമായുള്ള വഴക്കും നിയമപോരാട്ടവുമൊക്കെ തളര്‍ത്തിയ ഹോളിവുഡ് സൂപ്പര്‍താരങ്ങളില്‍ ഒരാളായ ജോണിഡെപ്പിന് പുതിയ പങ്കാളി. 61 കാരനായ ഡെപ്പ് തന്നെക്കാള്‍ 33 വയസ്സ് ഇളപ്പമുള്ള റഷ്യന്‍ സുന്ദരി യൂലിയ വ്ളോസോവയിലാണ് പുതിയ കാമുകിയെ കണ്ടെത്തിയിരിക്കുന്നത്. 28 കാരിയായ യൂലിയ റഷ്യന്‍ ബ്യൂട്ടീഷ്യനും മോഡലുമൊക്കെയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ ജോഡി പലസ്ഥലങ്ങളിലും വച്ച് പരസ്പരം കാണുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

‘പൈറേറ്റ്സ് ഓഫ് കരീബിയന്‍” താരവും യൂലിയയും 2021 ഓഗസ്റ്റില്‍ പ്രാഗിലെ കാര്‍ലോവി വേരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ആദ്യമായി കണ്ടുമുട്ടിയത്. വ്ലാസോവയ്ക്ക് അവിടെ ഒരു മേക്കപ്പും ഹെയര്‍സ്റ്റൈലിംഗ് സ്റ്റുഡിയോയും ഉണ്ട്. എന്നാല്‍ ഏതാനും നാളായി ഡെപ്പ് നിലവില്‍ താമസിക്കുന്ന യുകെയിലാണ് ഇവര്‍ സമയം ചെലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലണ്ടന്‍ ഹെലിപോര്‍ട്ടില്‍ ഇരുവരും സമയം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പാശ്ചാത്യമാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ഡെപ്പിന്റെ അന്തരിച്ച സുഹൃത്ത് ജെഫ് ബെക്കിന്റെ 2022 ജൂലൈയില്‍ പ്രാഗില്‍ നടന്ന സംഗീതക്കച്ചേരിയില്‍ ഇരുവരും ഒരുമിച്ച് ചുറ്റിക്കറങ്ങിയിരുന്നു. പ്രതികരണത്തിന് വേണ്ടി സമീപിച്ചെങ്കിലും ഡെപ്പിന്റെ പ്രതിനിധികള്‍ പ്രതികരിച്ചില്ല. അവരുടെ ബന്ധത്തിന്റെ സ്വഭാവത്തെക്കുറിച്ച് മോഡലും ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല. ഈ വര്‍ഷമാദ്യം വ്ലാസോവ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി വഴി ഒരു സ്‌നാപ്പ് പങ്കിട്ടിരുന്നു. നടനുമായുള്ള തന്റെ ബന്ധത്തെ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടിയായിരുന്നു അതെന്ന് വേണം കരുതാന്‍.

പ്രണയത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് ശേഷം, വ്ലാസോവ തിങ്കളാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ചെക്ക് ഭാഷയില്‍ ഒരു പ്രസ്താവന വ്ളോസോവ പോസ്റ്റ് ചെയ്തു: ”സുഹൃത്തുക്കളേ, എന്നെയും എന്റെ വ്യക്തിജീവിതത്തെയും കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. എന്റെ സ്വകാര്യതയോടുള്ള നിങ്ങളുടെ ധാരണയും ബഹുമാനവും വിലമതിക്കപ്പെടും.” പോസ്റ്റില്‍ അവര്‍ കുറിച്ചു.