ലക്നൗ ∙ ഉത്തർപ്രദേശിലെ സ്വകാര്യ സ്കാനിങ് സെന്ററിൽ എംആർഐ സ്കാനിങ്ങിനിടെ 6 വയസ്സുകാരന് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡയിലെ സ്കാനിങ് സെന്ററിൽ വ്യാഴാഴ്ച വൈകിട്ടാണ് എംആർഐ സ്കാനിങ്ങിനെത്തിയ ആറു വയസ്സുകാരൻ മരിച്ചത്.
കുട്ടിക്ക് സ്കാനിംഗിന് മുൻപ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നും, സെന്ററിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണകാരണമെന്നും കുടുംബം ആരോപിക്കുന്നു. കാലാവധി കഴിഞ്ഞ മരുന്നോ അല്ലെങ്കിൽ അമിത അളവിൽ മയക്കുമരുന്നോ (Sedation) നൽകിയതാണ് മരണത്തിന് ഇടയാക്കിയതെന്നും അവർ കുറ്റപ്പെടുത്തി. സംഭവത്തെത്തുടർന്ന് അധികൃതർ ഈ സെന്റർ പൂട്ടി സീൽ ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചതായി ഗൗതം ബുദ്ധ നഗർ ആരോഗ്യ വകുപ്പിലെ ഡോ. ചന്ദൻ സോണി പിടിഐയോട് പറഞ്ഞു. “മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. അന്വേഷണം പൂർത്തിയായ ശേഷമേ ഇത് വ്യക്തമാകൂ,” അദ്ദേഹം പറഞ്ഞു.
ഡുങ്കർപൂർ ഗ്രാമവാസിയായ ബാലനെ വ്യാഴാഴ്ചയാണ് പൈ-3 മേഖലയിലുള്ള ഡയഗ്നോസ്റ്റിക് സെന്ററിൽ എംആർഐ സ്കാനിംഗിനായി എത്തിച്ചത്. നടപടിക്രമങ്ങൾ തുടങ്ങുന്നതിന് മുമ്പ് കുട്ടി സാധാരണ നിലയിലായിരുന്നുവെന്നും സെന്ററിന്റെ വീഴ്ചയാണ് മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.
ബോധരഹിതനായ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഗ്രാമവാസികൾ സ്കാനിങ് സെന്ററിനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് സ്കാനിങ് സെന്റർ പൂട്ടി.




