Crime

വെറും 41 രൂപ മാത്രം അക്കൗണ്ടിലുള്ള യുവതി പറ്റിച്ചത് 6 ലക്ഷം ; ആഡംബര പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചത് 15 ദിവസം

വെറും 41 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലുള്ള യുവതി ഡല്‍ഹിയിലെ ഒരു ആഡംബര പഞ്ചനക്ഷത്ര ഹോട്ടലിനെ പറ്റിച്ചത് ആറുലക്ഷം രൂപ. ഡല്‍ഹിയിലെ എയ്റോസിറ്റിയിലെ ഒരു പോഷ് ഹോട്ടലില്‍ അടുത്തിടെ ഒരു ആന്ധ്രാപ്രദേശ് യുവതി 15 ദിവസത്തോളം താമസിക്കുകയും സ്പാ ഉള്‍പ്പെടെയുളള വിലയേറിയ ആഡംബര സൗകര്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. മറ്റൊരാളുടെ വ്യാജ അക്കൗണ്ടിലായിരുന്നു തട്ടിപ്പ്.

ഇവരുടെ മൊത്തം ബില്ല് ഏകദേശം 6 ലക്ഷം രൂപ വരെ ഉയര്‍ന്നു, അതില്‍ 2 ലക്ഷത്തിലധികം രൂപ സ്പാ സേവനങ്ങള്‍ക്കായി മാത്രം അവര്‍ ചെലവഴിച്ചതാണ്. ഹോട്ടലിലെ തട്ടിപ്പിന് അറസ്റ്റിലായ യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ 41 രൂപ മാത്രമാണുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ഝാന്‍സി റാണി സാമുവല്‍ എന്ന യുവതി ഡിസംബര്‍ 13ന് 15 ദിവസത്തേക്ക് ഹോട്ടല്‍ ബുക്ക് ചെയ്തിരുന്നു.

ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നതനുസരിച്ച്, 2.11 ലക്ഷം രൂപയുടെ സേവനങ്ങള്‍ ലഭിക്കാന്‍ സാമുവല്‍ ഒരു ഇഷ ദവെയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിരുന്നു. ഐസിഐസിഐ ബാങ്ക് യുപിഐ ആപ്പിലാണ് താന്‍ ഇടപാടുകള്‍ നടത്തുന്നതെന്ന് സാമുവല്‍ ഹോട്ടല്‍ ജീവനക്കാരെ കാണിച്ചു. എന്നിരുന്നാലും, ഇടപാടുകള്‍ക്കുള്ള പണമൊന്നും ലഭിച്ചിട്ടില്ലെന്ന് താമസിയാതെ ഹോട്ടല്‍ കണ്ടെത്തി.

ജനുവരി 13നാണ് സാമുവലിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ 41 രൂപ മാത്രമാണുള്ളതെന്ന് പോലീസ് കണ്ടെത്തി. താന്‍ ഒരു ഡോക്ടറാണെന്നും ഭര്‍ത്താവും ഡോക്ടറാണെന്നും ന്യൂയോര്‍ക്കിലാണ് താമസിക്കുന്നതെന്നും സാമുവല്‍ പോലീസിനോട് പറഞ്ഞു. സാമുവലിന്റെ ഐഡന്റിറ്റി സ്ഥിരീകരിക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം ഡല്‍ഹിയിലെ ഒരു ആഡംബര ഹോട്ടല്‍ ഇത്തരമൊരു തട്ടിപ്പിന് ഇരയാകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം 5 സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് 23 ലക്ഷം രൂപ കബളിപ്പിച്ച് മുറിയില്‍ നിന്ന് വെള്ളി പാത്രങ്ങളും പേള്‍ ട്രേയും ഒരാള്‍ മോഷ്ടിച്ചിരുന്നു.

അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനാണെന്ന് നടിച്ച ഇയാള്‍ ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ നാല് മാസത്തിലേറെയായി താമസിച്ചു വരികയായിരുന്നു. ചില ഔദ്യോഗിക ജോലികള്‍ക്കായി താന്‍ ഇന്ത്യയിലാണെന്ന് ഹോട്ടല്‍ ജീവനക്കാരോട് ഇയാള്‍ പറഞ്ഞിരുന്നു. താമസത്തിനിടെ 35 ലക്ഷം രൂപയുടെ ബില്ല് തട്ടിയെടുത്ത ഇയാള്‍ മൊത്തം തുകയുടെ 23 ലക്ഷം രൂപ നല്‍കാതെ ഒളിച്ചോടി.