വിദേശത്തുള്ള ഏക മകളുടെ അഭാവത്തിൽ അനുഭവിച്ച കടുത്ത ഒറ്റപ്പെടലിന് വിരാമമിട്ട്, 59-ാം വയസ്സിൽ ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് ചൈനീസ് സ്വദേശിയായ സൂ എന്ന സ്ത്രീ. ഏറെ നാളത്തെ ആഗ്രഹത്തിനൊടുവിൽ ഐ.വി.എഫ് (IVF) ചികിത്സയിലൂടെയാണ് ഇവർ വീണ്ടും അമ്മയായത്. ജനുവരി 9-ന് കിഴക്കൻ ജിയാങ്‌സു പ്രവിശ്യയിലെ ഷാങ്‌ജിയാഗാങ് നമ്പർ 1 പീപ്പിൾസ് ആശുപത്രിയിൽ സിസേറിയൻ വഴിയാണ് കുഞ്ഞ് ജനിച്ചത്. ജനനസമയത്ത് 2.2 കിലോഗ്രാം ഭാരമുണ്ടായിരുന്ന കുഞ്ഞ് ആരോഗ്യവാനായിരിക്കുന്നു.
തന്റെ മകൾ ഉപരിപഠനത്തിനും മറ്റുമായി വിദേശത്തേക്ക് പോയതോടെ വീട്ടിൽ അനുഭവപ്പെട്ട ശൂന്യതയാണ് രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന ചിന്തയിലേക്ക് സൂവിനെയും ഭർത്താവിനെയും എത്തിച്ചത്. പ്രായക്കൂടുതൽ മൂലമുള്ള വെല്ലുവിളികൾ മുന്നിലുണ്ടായിരുന്നെങ്കിലും കൃത്യമായ ആരോഗ്യപരിചരണത്തിലൂടെ അവർ മുന്നോട്ട് പോയി. ഗർഭകാലത്ത് പലവിധ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും ഡോക്ടർമാരുടെ പ്രത്യേക പ്ലാനിംഗും നിരീക്ഷണവും തുണയായി. 33 ആഴ്ചകളും അഞ്ച് ദിവസവും പിന്നിട്ടപ്പോഴാണ് ഡോക്ടർമാർ സിസേറിയൻ നിർദ്ദേശിച്ചത്.
ഈ നഗരത്തിൽ പ്രസവിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്ന റെക്കോർഡും ഇതോടെ സൂവിന് സ്വന്തമായി. തന്റെ സ്വപ്നം യാഥാർത്ഥ്യമായതിൽ അതിയായ സന്തോഷമുണ്ടെന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട നിമിഷം ജീവിതത്തിലെ ഏറ്റവും വൈകാരികമായ നിമിഷമായിരുന്നുവെന്നും സൂ പറയുന്നു. ഒറ്റപ്പെടലിന്റെ നാളുകൾക്ക് അന്ത്യമായതിന്റെ ആശ്വാസത്തിലാണ് ഈ ദമ്പതികളിപ്പോൾ എന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.




