ആ കാര്യത്തെക്കുറിച്ച് വേവലാതിപ്പെടാതിരിക്കാനും അതിനെക്കുറിച്ച് മറന്ന് മറ്റു കാര്യങ്ങളിലൂം ഏര്‍പ്പെടാന്‍ വേണ്ടിയാണ് നാം പലപ്പോഴും ഒരു കാര്യം സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുന്നത്. എന്നാല്‍ ഈ സുരക്ഷിതത്വവും മറവിയും ചിലപ്പോള്‍ വലിയ അബദ്ധമായും മാറാറുണ്ട്. ഇറ്റലിയിലെ ഒരു സ്ത്രീക്ക് സംഭവിച്ച കാര്യങ്ങള്‍ കേട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ വാപൊളിച്ചു പോകും.
ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ ഒരു മെത്തയ്ക്കുള്ളില്‍ പൊതിഞ്ഞുവെച്ച അവര്‍ അക്കാര്യം മറന്നു മെത്ത വലിച്ചെറിഞ്ഞുകളഞ്ഞു. 80 വയസ്സുള്ള സ്ത്രീ 53,089 ഡോളര്‍ (ഏകദേശം 45 ലക്ഷം രൂപ) സ്വരൂപിക്കുകയും ബാങ്കിനെ പോലും വിശ്വസിക്കാതെ കള്ളന്മാര്‍ തന്റെ പണം അപഹരിച്ചേക്കുമെന്ന് ഭയപ്പെട്ട് പകരം താന്‍ കിടക്കുന്ന മെത്ത വലിച്ചുകീറി അതിനുള്ളില്‍ ഇട്ട് തുന്നിക്കെട്ടി വെച്ചു.
മെത്ത പിന്നീട് പഴകിയപ്പോള്‍ ഉള്ളില്‍ വെച്ചിരിക്കുന്ന പണത്തെക്കുറിച്ചെല്ലാം മറന്നു അതെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു. പിന്നീടാണ് ഇവര്‍ പണത്തെക്കുറിച്ച് ഓര്‍ത്തത്. അതോടെ പരിഭ്രാന്തയായി ഉടന്‍തന്നെ മോണ്ടെബെല്ലുനയിലെ പോലീസിനെ വിളിച്ച് എല്ലാ കാര്യങ്ങളും പറയുകയും തന്റെ മെത്ത കണ്ടെത്താന്‍ സഹായം തേടുകയും ചെയ്തു. പോലീസ് സമയം പാഴാക്കാതെ ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കുകയും മെത്ത കണ്ടെത്തിക്കൊടുക്കുകയും ചെയ്തു. പണമെല്ലാം അവിടെയുണ്ടെന്ന് സ്ത്രീ പരിശോധന നടത്തി കണ്ടെത്തുകയും ചെയ്തു.
മെത്തയ്ക്കുള്ളില്‍ പണമുണ്ടായിരുന്നെന്ന് കേട്ടതോടെ സ്ത്രീ സന്തോഷം കൊണ്ടു തുള്ളിച്ചാടി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുണൈറ്റഡ് സ്റ്റേറ്റ്സില്‍ നിന്നും സമാനമായ മറ്റൊരു കേസ് സംഭവിച്ചു, ഒരു സ്ത്രീ ഓണ്‍ലൈനില്‍ സൗജന്യമായി ലഭിച്ച ഒരു സോഫയില്‍ നിന്ന് ഏകദേശം 36,256 ഡോളര്‍ കണ്ടെത്തി. കാലിഫോര്‍ണിയയില്‍ നിന്നുള്ള യുവതി തന്റെ പുതിയ വീടിനായി ഓണ്‍ലൈനില്‍ ഫര്‍ണിച്ചറുകള്‍ തിരയുന്നതിനിടെയാണ് സൗജന്യമായി ചില സാധനങ്ങള്‍ കണ്ടതും ഓര്‍ഡര്‍ ചെയ്തതും.
പ്രിയപ്പെട്ട ഒരാളുടെ മരണത്തെത്തുടര്‍ന്ന് ഒരു കുടുംബം സോഫയും മറ്റ് കിടപ്പുമുറി സാധനങ്ങളും നല്‍കുകയായിരുന്നു. തലയണകളില്‍ എന്തോ വിചിത്രമായത് അവള്‍ ശ്രദ്ധിച്ചു, പരിശോധനയില്‍ അതിനുള്ളില്‍ പണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
