Sports

64 നോബോളുകള്‍; 16 ഓവറില്‍ 350 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട്; അര്‍ജന്റീന ചിലിക്കെതിരേ ട്വന്റി20 യില്‍ അടിച്ചത് 450 റണ്‍സ്….!!

ലോകഫുട്‌ബോളിലെ അതികായന്മാരാണ് ലാറ്റിനമേരിക്കക്കാര്‍. ലോകചാംപ്യന്മാരായ അര്‍ജന്റീനയും അയല്‍ക്കാരായ ചിലിയും ഫുട്‌ബോളില്‍ നിറഞ്ഞുനില്‍ക്കുന്ന രാജ്യങ്ങളാണ്. എന്നാല്‍ പറഞ്ഞുവരുന്നത് ഈ രണ്ടുരാജ്യങ്ങളും തമ്മില്‍ നടന്ന ഒരു ക്രിക്കറ്റ് മാച്ചിനെക്കുറിച്ചാണ്. അതും ക്രിക്കറ്റിലെ ഏറ്റവും ആവേശം നിറഞ്ഞ ഫോര്‍മാറ്റായ ടിട്വന്റിയെക്കുറിച്ച്.

വനിതാക്രിക്കറ്റില്‍ ഇരുരാജ്യങ്ങളുടേയും ടീമുകള്‍ ഏറ്റുമുട്ടിയമത്സരം റെക്കോഡുകളുടെ പൊടിപൂരം നിറഞ്ഞതായിരുന്നു. ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ഏറ്റവും വലിയ കൂട്ടുകെട്ട്, ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍, ഏറ്റവും കൂടുതല്‍ നോബോളുകള്‍ എന്നിങ്ങനെ റെക്കോഡുകള്‍ പലതായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അര്‍ജന്റീന 20 ഓവറില്‍ അടിച്ചുകൂട്ടിയത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 421 റണ്‍സായിരുന്നു.

2022 മാര്‍ച്ചില്‍ ബഹ്‌റിന്‍ സൗദി അറേബ്യയ്ക്ക് എതിരേ അടിച്ച ഒന്നിന് 318 റണ്‍സിന്റെ റണ്‍സിന്റെ റെക്കോഡാണ് അര്‍ജന്റീന മറികടന്നത്. അര്‍ജന്റീന ഓപ്പണര്‍ ലൂസിയ ടെയ്‌ലറും ആല്‍ബര്‍ട്ടീനാ ഗാലനും ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് 16.5 ഓവറില്‍ അടിച്ചത് 350 റണ്‍സായിരുന്നു. 84 പന്തുകളില്‍ 169 റണ്‍സ് എടുത്ത ലൂസിയയാണ് പുറത്തായത്. 27 ബൗണ്ടറികളാണ് ഇവര്‍ അടിച്ചുകൂട്ടിയത്. മറുവശത്ത് പുറത്താകാതെ നിന്ന ഗാലന്‍ 84 പന്തുകളില്‍ 145 റണ്‍സ് അടിച്ചു. 23 ഫോറുകള്‍ ഇവരും നേടി. മൂന്നാമത് എത്തിയ മരിയാ കാസ്‌ററിനേയ്‌രാ 16 പന്തുകളില്‍ 40 റണസ് നേടി.

ചിലിയുടെ ബൗളിംഗും റെക്കോഡ് ബുക്കില്‍ കയറി. 73 എക്‌സ്ട്രാസാണ് അവര്‍ വിട്ടുകൊടുത്തത്. ഇതില്‍ 64 നോബോളുകള്‍ ഉണ്ടായിരുന്നു. ചിലയുടെ അന്താരാഷ്ട്ര ടീമില്‍ അരങ്ങേറ്റം നടത്തിയ ഫ്‌ളോറന്‍സിയ മാര്‍ട്ടീനസിന് മത്സരം കാളരാത്രിയായിരുന്നു. ഒരോവറില്‍ അവര്‍ വിട്ടുകൊടുത്തത് 52 റണ്‍സായിരുന്നു. കോസ്റ്റാന്‍സാ ഒയാര്‍സി എന്ന ബൗളര്‍ തന്റെ സ്‌പെല്ലില്‍ നല്‍കിയത് 92 റണ്‍സ്. മൂന്ന് ഓവറില്‍ എമിലിയ ടോറോയും നല്‍കി 83 റണ്‍സ്. ടീമിലെ ആര്‍ക്കും നന്നായി ബാറ്റും ചെയ്യാനായില്ല. 63 റണ്‍സിന് അവര്‍ വീണുപോയപ്പോള്‍ മത്സരം 364 റണ്‍സിനായിരുന്നു ചിലി തോറ്റത്.