Featured

അസര്‍ ബൈജാന്‍ എയര്‍ലൈന്‍സിന്റെ പാസഞ്ചര്‍ ജെറ്റ് ലാന്റിംഗിനിടെ പൊട്ടിത്തെറിച്ചു ; ഞെട്ടിക്കുന്ന വീഡിയോ

അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ പാസഞ്ചര്‍ ജെറ്റ് ലാന്റിംഗിനിടയില്‍ പൊട്ടിത്തെറിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. ക്രിസ്മസ് ദിനത്തില്‍ പടിഞ്ഞാറന്‍ കസാക്കിസ്ഥാനില്‍ അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടമെന്ന് കസാഖ് ഗതാഗത മന്ത്രാലയം അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 67 പേരില്‍ 25 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.

‘ബാക്കു-ഗ്രോസ്‌നി റൂട്ടില്‍ പോകുന്ന ഒരു വിമാനം അക്താവു നഗരത്തിന് സമീപം തകര്‍ന്നുവീണു. ഇത് അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെതാണ്.’ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടെലിഗ്രാമില്‍ മന്ത്രാലയം എഴുതി. കാസ്പിയന്‍ കടലിന്റെ കിഴക്കന്‍ തീരത്തുള്ള ഓയില്‍ ആന്‍ഡ് ഗ്യാസ് ഹബ്ബായ അക്റ്റൗവില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ എംബ്രയര്‍ 190 അടിയന്തര ലാന്‍ഡിംഗ് നടത്തിയതായി അസര്‍ബൈജാന്റെ ഫ്‌ലാഗ് കാരിയര്‍ ആയ എയര്‍ലൈന്‍സ് പറഞ്ഞു.

കസാഖ് ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വിമാനത്തില്‍ 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എന്നിരുന്നാലും, മാധ്യമ റിപ്പോര്‍ട്ടുകളില്‍ വിമാനത്തില്‍ 105 വരെ ആള്‍ക്കാര്‍ ഉണ്ടായിരുന്നെന്നാണ്. 25 പേര്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും അതായത് 42 പേര്‍ അപകടത്തില്‍ മരിച്ചിട്ടുണ്ടാകാമെന്നും കസാക്കിസ്ഥാന്റെ അടിയന്തര സാഹചര്യ മന്ത്രാലയം അറിയിച്ചു. ”പ്രാഥമിക വിവരം അനുസരിച്ച്, രക്ഷപ്പെട്ട 25 പേരുണ്ട്, അവരില്‍ 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,” ടെലിഗ്രാമിലെ മന്ത്രാലയം പറഞ്ഞു. രക്ഷപ്പെട്ട 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു.