Oddly News

ഈജപ്തില്‍ 49 അടി നീളമുള്ള ചുരുള്‍ കണ്ടെത്തി; ‘മരിച്ചവരുടെ പുസ്തകവു’മായി ബന്ധപ്പെട്ട മന്ത്രങ്ങളെന്ന് സൂചന

ഈജിപ്തും മമ്മികളും പിരമിഡും എക്കാലത്തും ലോകത്തിന് വിസ്മയകരമാണ്. അതുകൊണ്ടു തന്നെ ഇനിയും പുറത്തുവരാത്ത പലതരം സത്യങ്ങള്‍ തേടിയുള്ള ലോകത്തിന്റെ തെരച്ചില്‍ ഈജിപ്തില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈജിപ്തുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണ്ടെത്തല്‍ 49 അടി നീളമുള്ള ഒരു ചുരുളാണ്. ‘മരിച്ചവരുടെ പുസ്തകവു’മായി ബന്ധപ്പെട്ടതാണ് ഇതെന്നാണ് വിലയിരുത്തല്‍.

മധ്യ ഈജിപ്തിലെ ട്യൂണ എല്‍-ഗെബെല്‍ എന്ന പുരാതന ശ്മശാനത്തില്‍ നിന്നുമാണ് പുരാവസ്തു ഗവേഷകര്‍ കൗതുകകരമായ ഈ വസ്തു കണ്ടെത്തിയിരിക്കുന്നത്. ശ്മശാനത്തില്‍ നിന്ന് കണ്ടെത്തിയ മനോഹരമായ പുസ്തകം പുരാതന ഈജിപ്ഷ്യന്‍ അനുഷ്ഠാന മന്ത്രങ്ങളുടെ ഒരു പരമ്പരയുടെ ഭാഗമാണെന്ന് കരുതുന്നു. അറിയപ്പെടുന്ന 200 ഓളം മന്ത്രങ്ങളുണ്ടെങ്കിലും അവ കൃത്യമായി പുസ്തകങ്ങളായി ശേഖരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നു. മമ്മി പൊതികള്‍ മുതല്‍ ശവപ്പെട്ടികള്‍, പ്രതിമകള്‍, പാപ്പിറസ് ചുരുളുകള്‍ തുടങ്ങി വിവിധ വസ്തുക്കളില്‍ ഈ മന്ത്രങ്ങളുടെ സീക്വന്‍സുകള്‍ ആലേഖനം ചെയ്തിട്ടുണ്ട്.

ഈ ശ്രേണിയുടെ ഒരു ഭാഗം തൂതന്‍ഖാമുന്‍ രാജാവിന്റെ സ്വര്‍ണ്ണ മാസ്‌കിനുള്ളില്‍ പോലും ആലേഖനം ചെയ്തിട്ടുണ്ട്. സൂര്യദേവനായ റെയുമായും നെതര്‍വേള്‍ഡ് ദേവനായ ഒസിരിസുമായും ഐക്യപ്പെട്ട് മരണപ്പെട്ടവരെ മരണാനന്തര ജീവിതത്തിലെത്താന്‍ വേണ്ടി സൂക്ഷിക്കപ്പെട്ടതാണ് മന്ത്രങ്ങള്‍ എന്നാണ് വിലയിരുത്തല്‍. പാപ്പിറസ് ചുരുളിനൊപ്പം, മമ്മികള്‍, സാര്‍കോഫാഗി, തായത്തുകള്‍, നിരവധി ‘ശബ്ദി’ പ്രതിമകള്‍ എന്നിവയും സൈറ്റ് വെളിപ്പെടുത്തി. ഖനനത്തില്‍ മരിച്ചവരുടെ അവയവങ്ങള്‍ സൂക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്ത ജാറുകളും കിട്ടിയിട്ടുണ്ട്.

2017 ല്‍ ആരംഭിച്ച പുരാവസ്തു ദൗത്യത്തിനിടെ അടുത്തിടെയാണ് ഇത് കണ്ടെത്തിയത്. പുരാതന ഈജിപ്തിലെ ഏകദേശം 3,500 വര്‍ഷം പഴക്കമുള്ളതാണ് ഈ സെമിത്തേരി. ഒക്ടോബര്‍ 15 ന് നടന്ന പത്രസമ്മേളനത്തിലാണ് ഈജിപ്തിലെ ടൂറിസം ആന്‍ഡ് ആന്റിക്വിറ്റീസ് മന്ത്രാലയം ഈ കണ്ടെത്തലുകളുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.