Featured Healthy Food

ചിക്കന്‍ സൂപ്പ് ജലദോഷത്തിനും പനിയ്ക്കും ഒരു മരുന്നായി മാറുന്നത് എങ്ങനെ ?

ചിക്കന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്ന ആളുകളാണോ നിങ്ങള്‍ ? ചിക്കന്‍ ആരാധകരായ ആളുകള്‍ക്ക് അവരുടെ ആരോഗ്യവും മെച്ചമാക്കുന്ന ഒരു വിഭവമാണ് ചിക്കന്‍ സൂപ്പ്. ചിക്കന്‍ സൂപ്പ് വെറുമൊരു ‘കംഫര്‍ട്ട് ഫുഡ്’ മാത്രമല്ല, അസുഖം മാറുവാന്‍ സഹായിക്കുന്ന ഒരു മികച്ച ഔഷധം കൂടിയാണ്. അസുഖകാലത്തെ മികച്ച ഭക്ഷണം എന്നു തന്നെ പറയാം. ജലദോഷമോ പനിയോ വരുമ്പോള്‍, പ്രത്യേകിച്ച് ശൈത്യകാലത്ത്, ചിക്കന്‍ സൂപ്പ് മറ്റ് ഭക്ഷണങ്ങളേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നു. ഡയറ്റീഷ്യന്‍ അനുജ ഗൗര്‍ ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്……

ലഘുവായതും ദഹിക്കാന്‍ എളുപ്പമുള്ളതും – അസുഖമായിരിക്കുമ്പോള്‍ വറുത്തതോ എണ്ണമയമുള്ളതോ ആയ ഭക്ഷണങ്ങള്‍ ദഹനത്തെ ബുദ്ധിമുട്ടിലാക്കും. എന്നാല്‍ ചിക്കന്‍ സൂപ്പ് ലഘുവായ ഭക്ഷണം ആയതിനാല്‍ തന്നെ വയറിന് വളരെ സുഖകരമായി തോന്നും. ഇതില്‍ നിന്നുള്ള ആവി മൂക്കിലെ തടസ്സം മാറാന്‍ സഹായിക്കുകയും, ചൂടുള്ള സൂപ്പ് തൊണ്ടവേദനയ്ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു.

ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു – അസുഖത്തിനെതിരെ പോരാടാന്‍ ശരീരത്തിന് പ്രോട്ടീനും വിറ്റാമിനുകളും ആവശ്യമാണ്. ചിക്കനില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നു. ഇതില്‍ ചേര്‍ക്കുന്ന പച്ചക്കറികളായ കാരറ്റ്, സെലറി തുടങ്ങിയവ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നല്‍കുന്നു. മാത്രമല്ല, ഇതില്‍ ചേര്‍ക്കുന്ന ഇഞ്ചി, വെളുത്തുള്ളി, കുരുമുളക് എന്നിവ കഫക്കെട്ടും വീക്കവും കുറയ്ക്കാനും  സഹായിക്കുന്നു.

ജലാംശം നിലനിര്‍ത്തുന്നു – പനിയും ജലദോഷവും ഉള്ളപ്പോള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത് വളരെ പ്രധാനമാണ്. ചൂടുള്ള സൂപ്പുകള്‍ കഫം അലിയിച്ചു കളയാനും ശ്വസനം സുഗമമാക്കാനും സഹായിക്കുന്നു.

ശാരീരികവും മാനസികവുമായ ആശ്വാസം – സസ്യാഹാരം കഴിക്കുന്നവര്‍ക്ക് വെജിറ്റബിള്‍ സൂപ്പുകളും പരിപ്പ് സൂപ്പുകളും ആശ്വാസം നല്‍കുമെങ്കിലും, നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണക്രമം പിന്തുടരുന്നവര്‍ക്ക് ചിക്കന്‍ സൂപ്പ് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു.

സൂപ്പ് ഉണ്ടാക്കുമ്പോള്‍ ഇവ കൂടി ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും :

മഞ്ഞള്‍ : ഇതിലെ കുര്‍ക്കുമിന്‍ (Curcumin) അണുബാധ തടയാന്‍ സഹായിക്കും.

വെളുത്തുള്ളി : പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

നാരങ്ങാനീര് : വിറ്റാമിന്‍ സി നല്‍കുകയും രുചി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.