ചൈനയിലെ ഒരു യുവതി 36 പേരെ ഒരുപോലെ പ്രണയിച്ചു. ഡേറ്റിംഗ് നടത്തി കാമുകന്മാരെക്കൊണ്ട് ഫ്‌ളാറ്റുകള്‍ വാങ്ങിപ്പിക്കും. പിന്നീട് മുങ്ങും. വെറും മാസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഡേറ്റിംഗില്‍ പുരുഷന്മാരില്‍ വിശ്വാസ്യത ഉണ്ടാക്കിയെടുക്കും. ശേഷം അവരെക്കൊണ്ട് ഒരുമിച്ച് ജീവിക്കാമെന്ന് പ്രലോഭനം നല്‍കി ഫ്‌ളാറ്റ് വാങ്ങിപ്പിച്ച ശേഷം മാസങ്ങള്‍ക്കകം ബന്ധം അവസാനിപ്പിച്ച് മുങ്ങിയെന്നാണ് ഇരകളുടെ ആക്ഷേപം.
ചൈനയിലെ ഷെന്‍ഷെന്‍ നഗരത്തില്‍ നിന്നുമാണ് ഈ വാര്‍ത്ത സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വരുന്നത്. ആകെ 36 പുരുഷന്മാരാണ് ഇരകളായതും ഫ്‌ളാറ്റ് വാങ്ങിയ ശേഷം കാമുകിയുടെ ഉപേക്ഷിക്കലിന് ഇരയായതും. ലിയു ജിയ എന്നാണ് ഓരോരുത്തര്‍ക്കും യുവതി സ്വയം പരിചയപ്പെടുത്തിയിരുന്നത്. അവര്‍ വാങ്ങാന്‍ ആവശ്യപ്പെട്ട വീടുകള്‍ ഷെന്‍ഷെനില്‍ നിന്ന് ഏകദേശം 90 കിലോമീറ്റര്‍ അകലെയുള്ള ഹുയിഷോ നഗരത്തിലെയും തെക്കന്‍ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെയും രണ്ട് റെസിഡന്‍ഷ്യല്‍ ബ്ലോക്കുകളിലാണെന്നതായിരുന്നു പൊതുവായിട്ടുള്ള കാര്യം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് പ്ലാറ്റ്ഫോമിലാണ് ലിയുവിനെ കണ്ടുമുട്ടിയതെന്ന് അവളുമായി പ്രണയത്തിലായ അറ്റാവോ എന്നയാള്‍ പറയുന്നു. അറ്റാവോയുടെ അഭിപ്രായത്തില്‍, ലിയുവിന് 30 വയസ്സ് പ്രായമുണ്ട്. ഹുനാന്‍ പ്രവിശ്യയില്‍ നിന്നു വരുന്നയാളാണ്. ഷെന്‍ഷെനിലെ ഇലക്ട്രിക്-കൊമേഴ്സ് വ്യവസായത്തില്‍ ജോലിയുണ്ടെന്നു പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.
ഒരു മാസത്തെ ഡേറ്റിംഗിന് ശേഷം, ഇവര്‍ വിവാഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. ലിയു അറ്റാവോയോട് ഒരു വീട് വാങ്ങണമെന്നും അതിനുശേഷം അവന്റെ മാതാപിതാക്കളെ കണ്ടശേഷം ഒരുമിച്ച് ജീവിക്കാമെന്നുമായിരുന്നു നല്‍കിയിരുന്ന വാഗ്ദാനം. ഫ്‌ളാറ്റ് വാങ്ങുന്നതിനുള്ള ഡൗണ്‍ പേയ്മെന്റില്‍ തന്റെ വിഹിതമായി 30,000 യുവാന്‍ എടുക്കാമെന്ന് വാഗ്ദാനവും ചെയ്തു. ഇതിനൊപ്പം ഹുയിഷോവിലെ ജിയു ജിംഗ് തായ്, ഹാവോ യി ഷാങ് യുവാന്‍ എന്നീ രണ്ട് ബ്ലോക്കുകള്‍ക്ക് വേണ്ടി ശുപാര്‍ശയും ലിയു നടത്തി.
ഈ സമയത്ത് പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാര്‍ വീട് വാങ്ങുന്നവര്‍ക്ക് 100,000 യുവാന്‍ വിലയുള്ള ഭവന സബ്സിഡികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. രണ്ട് ബ്ലോക്കുകളില്‍ ഒന്നില്‍ അറ്റാവോ ഫ്‌ളാറ്റ് വാങ്ങി. എന്നാല്‍ വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റില്‍ പേര് ചേര്‍ക്കാന്‍ ലിയു വിസമ്മതിച്ചു. വീട് വാങ്ങല്‍ പ്രക്രിയകള്‍ പൂര്‍ത്തിയായതോടെ ലിയു പതിയെ മുങ്ങാന്‍ തുടങ്ങി.
അവനോടുണ്ടായിരുന്ന അടുപ്പം ക്രമേണ കുറഞ്ഞു. ഒരു പ്രത്യേക ഘട്ടത്തില്‍ കഴിഞ്ഞപ്പോള്‍ അവളെ ബന്ധപ്പെടാനേ കഴിയാതായി. അറ്റാവോയുടെ അതേ അവസ്ഥ വാങ് എന്ന് വിളിക്കപ്പെടുന്ന മറ്റൊരു ഇരയ്ക്കും ലിയുവില്‍ നിന്നും ഉണ്ടായി. സമാന രീതിയായിരുന്നു അതിനും.
ഇപ്പോള്‍ പുറത്തുവരുന്ന പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ഷെന്‍ഷെനില്‍ ജോലി ചെയ്യുന്ന 30 വയസ്സുള്ള 36 പുരുഷന്മാരെ ലിയു വഞ്ചിച്ചിട്ടുണ്ടെന്ന് അറ്റാവോ പറഞ്ഞു. അവരെല്ലാം ഒന്നോ രണ്ടോ മാസത്തേക്ക് മാത്രമാണ് അവളുമായി ഡേറ്റ് ചെയ്യുകയും ഫ്‌ളാറ്റ് വാങ്ങുകയും ചെയ്തു. ലിയുവിന്റെ തന്ത്രം സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ഇത് റീയല്‍ എസ്‌റ്റേറ്റ് ഡവലപ്പര്‍മാര്‍ വസ്തുവാങ്ങിപ്പിക്കാന്‍ ഉപയോഗിച്ച തന്ത്രമായിരുന്നോ എന്ന സംശയമുണ്ട്. പലര്‍ക്കും ഇപ്പോള്‍ പ്രണയം പോലും ഭീതിയായിരിക്കുകയാണ്.