Oddly News

അടിച്ചു… ​മോളെ…. 33.76 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചു യുവാവിന് ഹൃദയാഘാതം, വീഡിയോ വൈറല്‍

പെട്ടെന്ന് ലോട്ടറി അടിച്ചാല്‍ എന്താണ് സംഭവിക്കുക. കിലുക്കത്തിലെ കിട്ടുണ്ണിയെ ഓര്‍മ്മയില്ലേ? ഇന്നസന്റ് അവിസ്മരണീയമാക്കിയ വേഷം. ഇവിടെ 3.2 മില്യന്‍ പൗണ്ടിന്റെ ജാക്ക്‌പോട്ട് അടിച്ചതിന് പിന്നാലെ ഒരു യുവാവിന് സംഭവിച്ചത് ഹൃദയാഘാതമാണ്. സംഭവം നടന്നത് സിംഗപ്പുരിലെ ഒരു കാസിനോയിലാണ്. കാസിനോയുടെ തറയില്‍ വീണ് കിടക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

യുവാവ് വീണുകിടക്കുമ്പോള്‍ ഒരു സ്ത്രീ അടുത്തിരുന്ന് കരയുകയും ചുറ്റിനും കൂടി നില്‍ക്കുന്നവരോട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. ‘ 3.2 മില്യന്‍ പൗണ്ട് ജാക്ക് പോട്ട് അടിച്ചതിന്റെ സന്തോഷത്തില്‍ തുള്ളിച്ചാടുന്നതിനിടെയായിരുന്നു കാസിനോ കളിക്കാരന് ഹൃദയാഘാതം വന്നത്. തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സുഖം പ്രാപിക്കുകയും ചെയ്തു. പിന്നീട് 3.2 മില്യന്‍ പൗണ്ടിന് തുല്യമായ രൂപയുമായി അദ്ദേഹം വീട്ടിലേക്ക് പോയിയെന്നുള്ള കുറിപ്പോടെയാണ് വീഡിയോ എത്തിയത്.എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന നിലയിലുള്ള വ്യാജ വാര്‍ത്തയും പടര്‍ന്നിരുന്നു. അത് വ്യാജമാണെന്നുള്ള കാര്യം ഔദ്യോഗിക വൃത്തങ്ങള്‍ തന്നെയാണ് അറിയിച്ചത്.