Sports

വെറും 20 ഓവറില്‍ 314 റണ്‍സ്, ഒമ്പത് പന്തില്‍ ഫിഫ്റ്റി ; നേപ്പാള്‍ റെക്കോഡിട്ടപ്പോള്‍ തകര്‍ന്നത് യുവിയുടെ റെക്കോര്‍ഡ്

വെറും 20 ഓവറില്‍ 300 ന് മുകളില്‍ റണ്‍സും ഒമ്പത് പന്തില്‍ ഒരാള്‍ക്ക് അര്‍ദ്ധശതകവുമായി ഏഷ്യന്‍ ഗെയിംസില്‍ നേപ്പാള്‍ കുറിച്ചത് റെക്കോഡ്. ടടി20 യുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിറന്നത് ഏഷ്യന്‍ ഗെയിംസിലെ നേപ്പാള്‍ മംഗോളിയ മത്സരത്തിലായിരുന്നു. വേഗമേറിയ അര്‍ദ്ധശതകം, ശതകം, ടി20 യിലെ കൂറ്റന്‍ സ്‌കോര്‍ എന്നിവയെല്ലാം മത്സരത്തിന്റെ പ്രത്യേകതകളായിരുന്നു.

മത്സരത്തില്‍ നേപ്പാള്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് അടിച്ചുകൂട്ടിയത്. 2019ല്‍ അയര്‍ലന്‍ഡിനെതിരെ അഫ്ഗാനിസ്ഥാന്‍ കുറിച്ച മൂന്നിന് 278 റണ്‍സ് എന്ന സ്‌കോറാണ് നേപ്പാള്‍ തകര്‍ത്തത്. സ്വന്തം ഇന്നിംഗ്സില്‍ നേപ്പാള്‍ മൊത്തം 26 സിക്‌സറുകള്‍ അടിച്ചു കൂട്ടി. അയര്‍ലന്റിനെതിരേ അഫ്ഗാനിസ്ഥാന്‍ അന്ന് അടിച്ചുകൂട്ടിയ 22 സിക്‌സുകളുടെ റെക്കോര്‍ഡും നേപ്പാള്‍ മറികടന്നു.

ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയും സെഞ്ചുറിയും ഈ മത്സരത്തില്‍ പിറന്നു. നേപ്പാള്‍ ഓള്‍റൗണ്ടര്‍ ദിപേന്ദ്ര സിംഗ് ഐറി വെറും ഒമ്പത് പന്തില്‍ തന്റെ അര്‍ദ്ധ സെഞ്ച്വറി തികച്ചു, 2007 ലെ ഐസിസി ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ഇതിഹാസം യുവരാജ് സിംഗിന്റെ 12 പന്തില്‍ ഫിഫ്റ്റി എന്ന റെക്കോര്‍ഡാണ് ദീപേന്ദ്ര തിരുത്തിയത്. വെറും 10 പന്തില്‍ 52 റണ്‍സുമായി ഐറി അവസാനിച്ചു, ഇതില്‍ എട്ടു പന്തും ദീപേന്ദ്ര സിക്സറിന് പറത്തി. ഇതില്‍ ഒരു പന്ത് സ്റ്റേഡിയത്തിന് പുറത്തേക്ക് വിടാനും കഴിഞ്ഞു.

ടി20 യിലെ ഏറ്റവും വേഗത്തിലുള്ള സെഞ്ച്വറിയും ഈ മത്സരത്തില്‍ പിറന്നു. നേപ്പാളി ബാറ്റ്സ്മാന്‍ കുശാല്‍ മല്ല 34 പന്തുകളില്‍ സെഞ്ച്വറി നേടി. എട്ടു ബൗണ്ടറികളും 12 സിക്സും സഹിതം 50 പന്തില്‍ 137 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ തുടങ്ങിയ ടി20യിലെ അതികായന്മാരെയാണ് കുശാല്‍ മല്ല മറികടന്നത്. ഇരുവരും 35 പന്തില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്.