തന്നെ കേസില്‍ പെടുത്തി തെറ്റായി പുറത്താക്കിയെന്ന് ആരോപിച്ച് സിബിഐ ഓഫീസില്‍ കയറി ഉദ്യോഗസ്ഥന് നേരെ അമ്പ് എയ്ത് ആക്രമിച്ച് 65 കാരന്‍. 30 വര്‍ഷത്തിന് മുമ്പുണ്ടായ കേസിലാണ് പകതീര്‍ത്തതെന്നാണ് 65 കാരനായ ദിനേഷ് മുര്‍മുവിന്റെ ആരോപണം. സിബിഐ എഎസ്‌ഐ ആയ വീരേന്ദ്ര സിംഗിന് നേരെയാണ് മുര്‍മു അമ്പ് എയ്തത്. 1993-ല്‍ സിംഗ് നയിച്ച ട്രാപ്പ് കേസില്‍ തന്നെ തെറ്റായി പെടുത്തി ജോലിയില്‍ നിന്നും പുറത്താക്കിയെന്നും അന്നുമുതല്‍ പകയിലായിരുന്നുവെന്നും മുര്‍മു അവകാശപ്പെട്ടു.
മുന്‍ റെയില്‍വേ ജീവനക്കാരനാണ് മുര്‍മു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഹസ്രത്ഗഞ്ച് ഏരിയയിലെ നേവല്‍ കിഷോര്‍ മാര്‍ഗിലെ സിബിഐ ഓഫീസിന് പുറത്താണ് സംഭവം. ഇരയായ 55 കാരനായ എഎസ്‌ഐ വീരേന്ദ്ര സിംഗിന് നെഞ്ചില്‍ അഞ്ച് സെന്റീമീറ്ററോളം ആഴത്തില്‍ മുറിവേറ്റു, ഇപ്പോള്‍ ലഖ്നൗവില്‍ ചികിത്സയിലാണ്. പ്രതി ബീഹാറിലെ മുന്‍ഗര്‍ നിവാസിയാണ്, പരമ്പരാഗത ആയുധമായ അമ്പും വില്ലും ഉപയോഗിച്ചായിരുന്നു ഇയാള്‍ ആക്രമണം നടത്തിയതെന്ന് ഹസ്രത്ഗഞ്ച് പോലീസ് പറഞ്ഞു.
കൊലപാതകശ്രമത്തിന് പോലീസ് മുര്‍മുവിനെതിരെ കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ്. 1993-ല്‍ എഎസ്‌ഐ വീരേന്ദ്ര സിംഗ് റെയില്‍വേയിലെ ഒരു അഴിമതിക്കേസ് അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെ് ദിനേശ് മുര്‍മുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. മുര്‍മു മുമ്പ് റെയില്‍വേയല്‍ ജോലി ചെയ്തിരുന്നു. ജോലിയില്‍ നിന്നും പിരിച്ചുവിട്ട അന്നുമുതല്‍, മുര്‍മു ഉദ്യോഗസ്ഥനോട് പകയുമായി കഴിഞ്ഞുവരികയായിരുന്നെന്ന് പോലീസ് പറയുന്നു.
സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്്. അതേസമയം മുര്‍മു അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെടുന്നത് ഇതാദ്യമല്ല. 2005ല്‍ ഒരു സിബിഐ ഉദ്യോഗസ്ഥനെ കാണാന്‍ ഡല്‍ഹിയില്‍ പോയ അദ്ദേഹം പോലീസുകാരനെ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ജയിലിലായി. 2015ല്‍ വീണ്ടും ജൗന്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജിആര്‍പി) ജവാനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. ആ സംഭവത്തെ തുടര്‍ന്ന് മൂന്നര വര്‍ഷത്തോളം ജയിലില്‍ കിടന്നു.




