വീടുകള്‍ വൈറലാകുന്നത് പലപ്പോഴും വലിപ്പത്തിന്റെ കാര്യത്തില്‍ ആയിരിയ്ക്കും. വമ്പന്‍ വീടുകളിലെ സൗകര്യങ്ങള്‍ കണ്ണ് തള്ളിപ്പിയ്ക്കുന്നതാണ് താനും. അതുപോലെ തന്നെയായിരിയ്ക്കും വിലയും. സൗകര്യങ്ങള്‍ കുറയുന്നത് അനുസരിച്ച് വിലയും കുറയുന്നതാണ് സാധാരണ രീതി. എന്നാല്‍ സ്ഥലപരിമിതി ഉണ്ടായിട്ടു പോലും വമ്പന്‍ വില മതിയ്ക്കുന്ന ഒരു വീടിനെ കുറിച്ചാണ് പറയുന്നത്.
യുകെയിലെ ക്ലെയര്‍മോണ്ട് ടെറസില്‍ സ്ഥിതി ചെയ്യുന്ന ‘ദി ഡോള്‍സ് ഹൗസ്’ ആണ് ഈ വീട്. സ്ഥലപരിമിതിയുടെ പേരില്‍ ഏറെ ശ്രദ്ധ നേടിയ ഈ വീട് ഇപ്പോള്‍ 235000 പൗണ്ട് (2.5 കോടി രൂപ) വില ആവശ്യപ്പെട്ടുകൊണ്ടാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. കോണോടുകോണായ അരികും വീതിയേറിയ ബ്ലേഡ് ആകൃതിയിലുള്ള ഭാഗവും കത്തിയുടെ കൈപ്പിടി പോലെ തോന്നിക്കുന്ന ഭാഗവും ചേര്‍ന്നതാണ് ഈ വീട്. 339 ചതുര അടി മാത്രമാണ് വീടിന്റെ വിസ്തീര്‍ണ്ണം. ഇരുവശങ്ങളിലുമുള്ള വീടുകളുടെ ഇടയിലുള്ള വിടവ് നികത്തിക്കൊണ്ട് അതേ ആകൃതിയിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്.
ഒരേ ആകൃതിയിലുള്ള രണ്ടു നിലകളാണ് ഇവിടെയുള്ളത്. കത്തിയുടെ കൈപ്പിടി പോലെ തോന്നിക്കുന്ന ഭാഗമാണ് വീടിന്റെ പ്രവേശനമുറി. ഒരു കസേര, ഷൂ റാക്ക്, ട്രഷറര്‍ എന്നിവ മാത്രമേ ഇവിടെയുള്ളൂ. താഴത്തെ നിലയില്‍ തന്നെ കിച്ചന്‍ പ്ലസ് ഡൈനിങ് ഏരിയയും ബാത്‌റൂമും ഉണ്ട്. ലിവിങ് റൂമും ഒരു കിടപ്പുമുറിയുമാണ് മുകള്‍ നിലയില്‍ ഉള്ളത്. ഒരു ഡബിള്‍കോട്ട് ഇടാനുള്ള സ്ഥലമേ ഇവിടെയുള്ളൂ. ലിവിങ് റൂമില്‍ രണ്ട് ആംചെയറുകള്‍ ഇടം പിടിച്ചിരിക്കുന്നു. ഒട്ടും സ്ഥലം പാഴാക്കാതെ കൃത്യമായി വീടിനുള്ളിലെ ഓരോ കോണും വിനിയോഗിച്ചിട്ടുണ്ട്.
സ്റ്റെയര്‍കെയ്‌സും അടുക്കളയിലേയ്ക്കുള്ള ഇടനാഴിയും കൂടിച്ചേരുന്ന ഇടത്തിന് മൂന്നു മീറ്ററാണ് വീതി. ഈ വീട്ടിലെ ഏറ്റവും വീതിയേറിയ ഭാഗവും ഇതാണ്. എന്നാല്‍ ഏറ്റവും ഇടുങ്ങിയ ഭാഗത്തിനാകട്ടെ ഏകദേശം മൂന്ന് അടി മാത്രമേ വീതിയുള്ളൂ. പോര്‍ത്ത്‌ലെവന്‍ എന്ന മനോഹരമായ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു എന്നതാണ് വീടിനെ വിലമതിപ്പേറിയതാക്കുന്നത്. ചെറിയ വീട്ടില്‍ പ്രായോഗികമായ എല്ലാ സൗകര്യങ്ങളോടും കൂടി കടലിന്റെ കാഴ്ചകളും കണ്ട് സ്വസ്ഥമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ വീടാണിത്.