നൂറ്റാണ്ടുകളായി ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ അവയുടെ ഔഷധഗുണങ്ങളാൽ പ്രശസ്തമാണ്. മഞ്ഞൾ മുതൽ ഇഞ്ചി വരെയുള്ളവ ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല, ആരോഗ്യവും ക്ഷേമവും നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു. ഇവയിൽ ഔഷധ ഉപയോഗത്തിന്റെ നീണ്ട ചരിത്രമുള്ള ഒരു പ്രധാന സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. ഇതിലെ ‘യൂജെനോൾ’ (Eugenol) എന്ന സംയുക്തത്തിന്റെ ഉയർന്ന അളവാണ് ഗ്രാമ്പൂവിന് ഈ ഗുണങ്ങൾ നൽകുന്നത്. വീക്കം കുറയ്ക്കാനും വേദന സംഹാരിയായും പ്രവർത്തിക്കാൻ കഴിവുള്ള ഒരു ആന്റിഓക്സിഡന്റാണിത്. പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. അലോക് ചോപ്ര ഗ്രാമ്പൂവിനെ വിശേഷിപ്പിക്കുന്നത് ‘വലിയ ഗുണങ്ങളുള്ള ചെറിയ സുഗന്ധവ്യഞ്ജനം’ എന്നാണ്.
“നിങ്ങളുടെ ഗ്യാസ്, വയറുവീർപ്പ്, അസിഡിറ്റി എന്നിവയ്ക്കുള്ള പരിഹാരം അടുക്കളയിൽ തന്നെയുണ്ട്. മുത്തശ്ശീമുത്തശ്ശന്മാർ വായിലിട്ട് ചവയ്ക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഗ്രാമ്പൂ അഥവാ ലോങ് എന്നറിയപ്പെടുന്ന ആ ചെറിയ സുഗന്ധവ്യഞ്ജനമാണത്,” ഡോ. ചോപ്ര വീഡിയോയിൽ പറഞ്ഞു. നൂറ്റാണ്ടുകളായി ഇന്ത്യൻ അടുക്കളകളിലും പരമ്പരാഗത വൈദ്യത്തിലും ഗ്രാമ്പൂ വ്യാപകമായി ഉപയോഗിച്ചുവരുന്നു. യൂജെനോൾ എന്ന പ്രകൃതിദത്ത സംയുക്തത്തിലാണ് ഇതിന്റെ അത്ഭുതശക്തി ഒളിഞ്ഞിരിക്കുന്നതെന്ന് ഇന്ന് ശാസ്ത്രം പറയുന്നു.
ഗ്രാമ്പൂ തൈലത്തിന്റെ 70 മുതൽ 90 ശതമാനം വരെയും യൂജെനോൾ ആണ്. ഇതാണ് ഗ്രാമ്പൂവിന് പ്രത്യേക ഗന്ധവും ഔഷധഗുണവും നൽകുന്നത്. പല്ലുവേദന കുറയ്ക്കാനും, ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും, ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളർച്ച തടയാനും ഇതിന് സാധിക്കും. പ്രകൃതിദത്തമായി മരവിപ്പിക്കുന്ന ഗുണമുള്ളതിനാലും വായ്നാറ്റത്തിനും മറ്റ് ദന്തപ്രശ്നങ്ങൾക്കും കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കുന്നതിനാലും ദന്തഡോക്ടർമാർ വർഷങ്ങളായി ഗ്രാമ്പൂവിനെ ആശ്രയിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ദഹനരസങ്ങളെ ഉത്തേജിപ്പിക്കാനും ആമാശയത്തിന്റെ സംരക്ഷണ പാളിയെ പിന്തുണയ്ക്കാനും ഗ്രാമ്പൂ സഹായിക്കുന്നു. ഇത് ഗ്യാസ്, വയറുവീർപ്പ്, അസിഡിറ്റി എന്നിവ കുറയ്ക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു. കൂടാതെ, ഗ്രാമ്പൂവിലെ യൂജെനോൾ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ്, വിട്ടുമാറാത്ത വീക്കം എന്നിവ കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗം, പ്രമേഹം, അകാല വാർദ്ധക്യം എന്നിവയെ പ്രതിരോധിക്കാനും സഹായിക്കുമെന്ന് ഡോ. ചോപ്ര കൂട്ടിച്ചേർക്കുന്നു.
പ്രമേഹരോഗികൾക്കും ഗ്രാമ്പൂ ഏറെ ഗുണകരമാണ്. ആരോഗ്യകരമായ ഇൻസുലിൻ പ്രവർത്തനത്തെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ഗ്രാമ്പൂ പിന്തുണയ്ക്കുന്നുവെന്ന് ചില പ്രാഥമിക ഗവേഷണങ്ങൾ കാണിക്കുന്നു. 2021-ലെ ഒരു പഠനമനുസരിച്ച്, ഗ്രാമ്പൂവിനും അതിലെ യൂജെനോളിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മിതമായ തോതിൽ കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും കഴിയും.
ഗ്രാമ്പൂ ചവയ്ക്കാൻ ഇഷ്ടമില്ലാത്തവർക്ക് ഒന്നോ രണ്ടോ ഗ്രാമ്പൂ രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർത്ത ശേഷം ഉറങ്ങുന്നതിന് മുമ്പ് ആ വെള്ളം കുടിക്കാവുന്നതാണ്. അത്താഴത്തിന് ശേഷം ഇത് കുടിക്കുന്നത് ആശ്വാസം നൽകുകയും രാത്രിയിൽ ദഹനത്തെ സഹായിക്കുകയും ചെയ്യുമെന്ന് ഡോ. ചോപ്ര നിർദ്ദേശിക്കുന്നു.
പാചകത്തിൽ ചോറ്, കറികൾ, ചായ എന്നിവയിൽ രുചിക്കായി മുഴുവൻ ഗ്രാമ്പൂ ചേർക്കാം. ബേക്കിംഗിലും ഗ്രാമ്പൂ പൊടി ഉപയോഗിക്കാറുണ്ട്. ചൂടുവെള്ളത്തിൽ ഒന്നോ രണ്ടോ ഗ്രാമ്പൂ ഇട്ട് തിളപ്പിച്ച് ചായയായി കുടിക്കുന്നത് ദഹനത്തിനും കഫക്കെട്ട് കുറയ്ക്കാനും നല്ലതാണ്. പല്ലുവേദന കുറയ്ക്കാൻ ഗ്രാമ്പൂ തൈലം മറ്റേതെങ്കിലും എണ്ണയുമായി നേർപ്പിച്ച് വേദനയുള്ള ഭാഗത്ത് പുരട്ടാം, എന്നാൽ ചർമ്മത്തിൽ പുരട്ടുന്നതിന് മുമ്പ് അലർജി ഇല്ലെന്ന് ഉറപ്പുവരുത്തണം.
എന്നാൽ അളവ് കൂടുന്നത് നല്ലതല്ലെന്ന് ഡോ. ചോപ്ര ഓർമ്മിപ്പിക്കുന്നു. അമിതമായ അളവിൽ ഗ്രാമ്പൂ ഉപയോഗിക്കുന്നത്, പ്രത്യേകിച്ച് വീര്യം കൂടിയ ഗ്രാമ്പൂ തൈലം, ആമാശയത്തിന് അസ്വസ്ഥതയുണ്ടാക്കും. അതിനാൽ ദിവസം ഒന്നോ രണ്ടോ ഗ്രാമ്പൂ മാത്രം ഉപയോഗിച്ചാൽ മതിയാകും. ഗ്യാസ്, വയറുവീർപ്പ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് ഇത് ഏറെ പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു.




