Lifestyle The Origin Story

മലയും കടലും വേര്‍തിരിച്ച് ‘ബ്രാ വേലി’! സഞ്ചാരികള്‍ ബ്രേസിയറുകള്‍ തൂക്കി മടങ്ങുന്നു; തരംഗമായി ‘ബ്രാഡ്രോണ- വീഡിയോ

പാലത്തിന്റെ കൈവരികളിൽ വർണാഭമായ ഷാളുകൾ കെട്ടിയിടുന്നതും താഴുകൾ പൂട്ടി പ്രണയം അടയാളപ്പെടുത്തുന്നതുമെല്ലാം നമുക്ക് പരിചിതമാണ്. എന്നാൽ കടലിനെയും മലനിരകളെയും വേർതിരിക്കുന്നിടത്ത് പല നിറങ്ങളിലും വലുപ്പങ്ങളിലുമുള്ള ബ്രേസിയറുകൾ നിരനിരയായി തൂക്കിയിട്ടിരിക്കുന്ന അപൂർവ്വ കാഴ്ച കണ്ടിട്ടുണ്ടോ! 40 മീറ്ററോളം നീളുന്ന ഈ അതിർത്തി ‘ബ്രാഡ്രോണ’ എന്നാണ് അറിയപ്പെടുന്നത്.

ന്യൂസീലൻഡിലെ ക്വീൻസ്ടൗണിനും വനാകയ്ക്കും ഇടയിലുള്ള മനോഹരമായ മലനിരകൾക്കും പച്ചപ്പിനും നടുവിലാണ് ഈ വേലിയുള്ളത്. ബ്രാഡ്രോണയെക്കുറിച്ചറിഞ്ഞ് ഇവിടെയെത്തുന്ന സഞ്ചാരികൾ തങ്ങളുടെ ബ്രേസിയറുകളിലൊന്ന് ഓർമയ്ക്കായി ഇവിടെ തൂക്കിയിട്ടാണ് മടങ്ങുന്നത്. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലായതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ പ്രവാഹവും വർധിച്ചിട്ടുണ്ട്.

‘നോക്കൂ, എവിടെ തിരിഞ്ഞാലും പല നിറത്തിലുള്ള ബ്രേസിയറുകൾ. കടൽ അതാ അവിടെ, മലനിരകൾ ഇപ്പുറം. ഇവയെ വേർതിരിക്കാൻ നമുക്കൊരു ബ്രേസിയർ അതിർത്തിയും’ എന്നാണ് സ്ഥലത്തെത്തിയ ഒരു ട്രാവൽ വ്ലോഗർ വിഡിയോയിൽ പറയുന്നത്. തുടര്‍ന്ന് ‘ഈ രസകരമായ ആചാരത്തിൽ ഞാനും പങ്കുചേരാതിരിക്കുന്നതെങ്ങനെ!’ എന്നു പറഞ്ഞ് കൈവശമുണ്ടായിരുന്ന ബ്രേസിയറുകളിലൊന്ന് അവർ വേലിയിൽ തൂക്കിയിടുകയും ചെയ്യുന്നു. സത്യത്തിൽ എന്താണ് ഈ ബ്രാഡ്രോണയുടെ കഥ?

1998-ലോ 1999-ലോ ക്രിസ്മസ് കാലത്താണ് ഇതിന് തുടക്കമിട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ആഘോഷങ്ങൾക്കുശേഷം മടങ്ങുകയായിരുന്ന രണ്ട് സ്ത്രീകൾ കാർഡ്രോണ താഴ്‌വരയിലെ റോഡരികിലുള്ള മുള്ളുവേലിയിൽ തങ്ങളുടെ ബ്രേസിയറുകൾ തൂക്കിയിടുകയായിരുന്നു. ആരാണ് ഇതൊക്കെ ചെയ്തതെന്നോ എന്തിനാണെന്നോ വ്യക്തമല്ലാത്തതിനാൽ നാട്ടുകാരും അവ നീക്കാൻ മുതിർന്നില്ല. എന്നാൽ ദിവസങ്ങൾ പിന്നിട്ടതോടെ ഇതുവഴി വന്ന സഞ്ചാരികളും കൗതുകത്തിന് ബ്രേസിയറുകൾ തൂക്കാൻ തുടങ്ങി. പെട്ടെന്നുതന്നെ വേലി നിറഞ്ഞു. പക്ഷെ വാഹനയാത്രക്കാരുടെ ശ്രദ്ധ തിരിക്കുകയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് നാട്ടുകാർ ഇതിനെതിരെ രംഗത്തെത്തി.

2006-ൽ പ്രാദേശിക കൗൺസിൽ മുൻകൈയെടുത്ത് 1,500-ലേറെ ബ്രേസിയറുകൾ വേലിയിൽനിന്ന് നീക്കം ചെയ്തു. എങ്കിലും സഞ്ചാരികൾ പിന്മാറാതെ വീണ്ടും അവ തൂക്കാൻ തുടങ്ങി. അധികൃതർ പലതവണ നീക്കം ചെയ്തെങ്കിലും നിയന്ത്രിക്കാനാവാതെ വന്നതോടെ, വാഹന അപകടങ്ങൾ ഒഴിവാക്കാനായി ബ്രാഡ്രോണയെ ഹൈവേയിൽനിന്ന് മാറ്റി ഡ്രൈവ്‌വേയിലേക്കുള്ള പ്രവേശനഭാഗത്തേക്ക് മാറ്റുകയായിരുന്നു.

2015-ലാണ് ഈ വേലിക്ക് ‘ബ്രാഡ്രോണ’ എന്ന പേര് വീഴുന്നത്. സ്തനാർബുദ ബോധവൽക്കരണത്തിനും ഫണ്ട് ശേഖരണത്തിനുമായി വേലിയുടെ ചിത്രം ഉൾപ്പെടുത്തി പോസ്റ്ററുകൾ തയാറാക്കിയതോടെയാണ് ഈ പേര് പ്രശസ്തമായത്. ഇതോടൊപ്പം സ്തനാർബുദത്തിനെതിരായ പോരാട്ടത്തിനായി സംഭാവന പെട്ടിയും ഇവിടെ സ്ഥാപിച്ചു. ഇവിടെനിന്ന് മാത്രം 30,000 ഡോളറിലേറെ ധനസഹായം ലഭിച്ചതോടെ, എത്തുന്ന സഞ്ചാരികൾ ബ്രേസിയർ തൂക്കുന്നതിനൊപ്പം തങ്ങളാൽ കഴിയുന്ന തുകയും നൽകാൻ തുടങ്ങി.