Hollywood

ജസ്റ്റിന്‍ ബീബറിന്റെ മുന്‍ കാമുകി അന്തരിച്ചു; അന്ത്യം അമ്മയായി മാസങ്ങൾക്കുള്ളിൽ

പോപ് താരം ജസ്റ്റിൻ ബീബറിന്റെ മുൻ കാമുകിയും ഓസ്ട്രേലിയൻ മോഡലുമായ സഹാറ റായ് (34) ആശുപത്രിയിൽ വെച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ആദ്യകുഞ്ഞ് പിറന്ന് മാസങ്ങൾക്കുള്ളിലാണ് ഈ ദാരുണമായ മരണം സംഭവിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മരണസമയത്ത് പ്രിയപ്പെട്ടവരെല്ലാം സഹാറയ്‌ക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

2024 ഏപ്രിലിൽ തനിക്ക് ഗില്ലൻ ബാരെ സിൻഡ്രോം ബാധിച്ചതായി സഹാറ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. രോഗബാധയെ തുടർന്ന് ശരീരം ഭാഗികമായി തളരുകയും നടക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തിരുന്നു. ശരീരത്തിന്റെ പ്രതിരോധ സംവിധാനം നാഡീവ്യൂഹത്തെ ആക്രമിക്കുന്ന അപൂർവമായ ഒരു രോഗമാണ് ഗില്ലൻ-ബാരെ സിൻഡ്രോം. പേശികൾക്ക് ബലക്കുറവും മരവിപ്പും ഉണ്ടാക്കുന്ന ഈ രോഗം ഗുരുതരമായ സാഹചര്യങ്ങളിൽ പക്ഷാഘാതത്തിലേക്ക് വരെ നയിച്ചേക്കാമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.

സഹാറയുടെ അപ്രതീക്ഷിത വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിലൂടെ അനുസ്മരണക്കുറിപ്പുകൾ പങ്കുവെച്ചു. സഹാറയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ഓർമകളും പലരും പങ്കുവെക്കുന്നുണ്ട്. ഈ വർഷം ജനുവരിയിലാണ് സഹാറ സ്നോ എന്ന് പേരിട്ട മകൾക്ക് ജന്മം നൽകിയത്. പ്രസവത്തിന് മുൻപും കുഞ്ഞിന്റെ വരവുമായി ബന്ധപ്പെട്ട സന്തോഷങ്ങളും ആശങ്കകളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

ഏപ്രിൽ മാസത്തിൽ മകൾ സ്നോയ്‌ക്കൊപ്പമുള്ള ഒരു വീഡിയോയും സഹാറ പങ്കുവെച്ചിരുന്നു. ജസ്റ്റിൻ ബീബറുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ 2016-ലാണ് സഹാറ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്. ഇരുവരെയും ഹവായിയിൽ വെച്ച് ഒരുമിച്ച് കണ്ടതാണ് ഈ വാർത്തകൾക്ക് ആക്കം കൂട്ടിയത്. പിന്നീട് 2023-ൽ സംഗീതജ്ഞൻ മോഡ് സണ്ണുമായും സഹാറയുടെ പേര് ചേർത്ത് വാർത്തകൾ വന്നിരുന്നു. ഇരുവരും ഒരുമിച്ചുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയായിരുന്നു ഇത്.