Oddly News

“അമ്മയ്ക്ക് നൽകിയ വാക്ക് പ്രധാനം!”; പൂജയ്ക്ക് നാട്ടിലെത്താൻ മുഴുവൻ ശമ്പളവും വിമാന ടിക്കറ്റിനായി ചെലവഴിച്ച് യുവാവ്

ബിഹാറിലെ നളന്ദ ജില്ലക്കാരനായ ശത്രുഘ്നൻ കുമാർ ചെന്നൈയിലെ ഒരു ഇരുമ്പ് ഫാക്ടറിയിൽ വെൽഡറായി ജോലി ചെയ്യുകയാണ്. ഇത്തവണത്തെ ഛത്ത് പൂജയ്ക്ക് സ്വന്തം നാട്ടിലെത്താൻ അദ്ദേഹം തന്റെ ഒരു മാസത്തെ മുഴുവൻ ശമ്പളവും മുടക്കി വിമാനടിക്കറ്റെടുത്തു. ഉത്സവത്തിന് നാട്ടിൽ തിരിച്ചെത്തുമെന്നും അത് വിമാനത്തിലായിരിക്കുമെന്നും അദ്ദേഹം തന്റെ അമ്മയ്ക്കും നാട്ടുക്കാർക്കും വാക്ക് നൽകിയിരുന്നു.

തന്റെ വാക്ക് പാലിച്ച ശത്രുഘ്നന്റെ യാത്രയുടെ വീഡിയോകളും കഥയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലാവുകയാണ്. വലിയ തുക ചെലവഴിച്ചാണെങ്കിലും നൽകിയ വാക്ക് പാലിച്ച് നാട്ടിലെത്താൻ കാണിച്ച ഈ മനസ്സിനെ ആളുകൾ പ്രശംസ കൊണ്ടു മൂടുകയാണ്.

തന്റെ കുടുംബത്തിൽ നിന്നും ജന്മനാട്ടിൽ നിന്നും അകന്ന് ചെന്നൈയിലാണ് ശത്രുഘ്നൻ ജോലി ചെയ്യുന്നത്. ഇത്തവണത്തെ ഛത്ത് പൂജ കുടുംബത്തോടൊപ്പം ആഘോഷിക്കണമെന്ന ആഗ്രഹവും അമ്മയ്ക്ക് നൽകിയ വാക്കും നിറവേറ്റാനാണ് ചെന്നൈയിൽ നിന്ന് ബിഹാറിലേക്കുള്ള വിമാന ടിക്കറ്റിനായി താൻ കഷ്ടപ്പെട്ട് അധ്വാനിച്ച പണം അദ്ദേഹം ചെലവാക്കിയത്.

സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് അദ്ദേഹത്തിന്റെ പ്രയത്നത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. “ഈ കാണുന്ന സന്തോഷമുണ്ടല്ലോ, ഏതെങ്കിലും ഒരു ദിവസം താങ്കൾ ഞാൻ പോകുന്ന വിമാനത്തിൽ യാത്രക്കാരനായി വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അന്ന് ഞാൻ ഉറപ്പായും താങ്കൾക്കൊപ്പം ഒരു സെൽഫി എടുക്കും” എന്ന് ഒരാൾ കുറിച്ചപ്പോൾ, “സ്വന്തം സ്വപ്നങ്ങളെല്ലാം പൂർത്തിയാക്കാൻ സഹോദരന് സാധിക്കട്ടെ, കൂടുതൽ കരുത്ത് നേരുന്നു” എന്നാണ് മറ്റൊരാൾ കുറിച്ചത്.

ബിഹാറിലെ ഭൂരിഭാഗം കുടുംബങ്ങൾക്കും വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശേഷദിവസങ്ങളിലൊന്നാണ് ഛത്ത് പൂജ. സൂര്യദേവനും ഛത്തി മാതാവിനുമായി സമർപ്പിച്ചിരിക്കുന്ന ഈ ഉത്സവത്തിൽ ഉദയസൂര്യനും അസ്തമയസൂര്യനും ഭക്തർ അർഘ്യം അർപ്പിക്കുന്നു.

വ്രതാനുഷ്ഠാനങ്ങൾ, പരമ്പരാഗത നിവേദ്യങ്ങൾ ഒരുക്കൽ, നദികളിലും കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും ഒന്നിച്ചുകൂടിയുള്ള പൂജകൾ എന്നിവയാണ് ഈ ആഘോഷത്തിന്റെ പ്രധാന ഭാഗം. ചടങ്ങുകൾക്കായി കുടുംബാംഗങ്ങൾ ഒന്നിച്ചുചേരുന്നതിനാൽ, പല സ്ഥലങ്ങളിൽ കഴിയുന്ന ബന്ധുക്കളെല്ലാം ഈ സമയത്ത് വീട്ടിലേക്ക് തിരിച്ചെത്താറുണ്ട്.

തൊഴിലാവശ്യങ്ങൾക്കായി ബിഹാറിൽ നിന്ന് ചെന്നൈ പോലുള്ള വലിയ നഗരങ്ങളിലേക്ക് കുടിയേറിയ നിരവധിയാളുകളുണ്ട്. ഛത്ത് പൂജയുടെ സമയത്ത് ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തുന്നത് ഇവർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും തങ്ങളുടെ പാരമ്പര്യങ്ങളുടെ ഭാഗമാകാനുമുള്ള അവസരം നൽകുന്നു.

ദൂരെ സ്ഥലങ്ങളിൽ കഴിയുന്ന ഒരാളെ സംബന്ധിച്ചിടത്തോളം നാട്ടിലെത്തുക എന്നത് ജോലിയിൽ നിന്ന് അവധിയെടുക്കുന്നതും യാത്രയ്ക്കായി വലിയ തുക ചെലവഴിക്കുന്നതുമൊക്കെ ഉൾപ്പെടുന്ന കാര്യമാണ്. നൽകിയ വാക്ക് പാലിക്കാനുള്ള ശത്രുഘ്നൻ കുമാറിന്റെ ഈ നിശ്ചയദാർഢ്യത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് അദ്ദേഹത്തിന്റെ കഥ പങ്കുവെക്കുന്നത്.