ഷോപ്പിംഗ് മാൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് എയർ കണ്ടീഷൻ ചെയ്ത കടകളും ഫുഡ് കോർട്ടുകളും വൻകിട ബ്രാൻഡുകളുടെ നിരകളുമാണ്. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപ് ഷോപ്പിംഗ് രീതികൾ വളരെ വ്യത്യസ്തമായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചരിത്രപ്രധാന സ്ഥലത്ത്, തെരുവിന്റെ ഇരുവശത്തും കൽമണ്ഡപങ്ങൾ പണിത് വിദേശികളടക്കമുള്ള ആളുകൾക്കായി ഒരു വലിയ വ്യാപാരകേന്ദ്രം തന്നെ നിർമ്മിച്ചിരുന്നു. കർണാടകയിലെ ഹംപിയിലെ ക്ഷേത്രങ്ങൾക്ക് മുന്നിൽ ഈ പുരാതന വിപണിയുടെ അവശിഷ്ടങ്ങൾ ഇന്നും കാണാൻ സാധിക്കും.
വിജയനഗര സാമ്രാജ്യത്തിലെ പ്രധാന വ്യാപാരകേന്ദ്രമായിരുന്ന ഹംപി ബസാർ, വിരൂപാക്ഷ ബസാർ എന്നും അറിയപ്പെടുന്നു. വിരൂപാക്ഷ ക്ഷേത്രത്തിന് മുന്നിലായി ഒരു കിലോമീറ്ററിലധികം നീളത്തിലാണ് ഈ ബസാർ സ്ഥിതി ചെയ്യുന്നത്. രണ്ട് നിലകളുള്ള കൽമണ്ഡപങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെ കാണാം. പുരാതന ഇന്ത്യയിലെ ഒരു ‘ഷോപ്പിംഗ് മോൾ’ എന്നാണ് ഹംപി ബസാറിനെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. മധ്യകാല തെക്കേ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ വിജയനഗരത്തിന്റെ കേന്ദ്രഭാഗമായിരുന്നു ഇത്. ക്ഷേത്രസമുച്ചയങ്ങൾക്ക് പുറമേ വലിയ വിപണികളും ജനവാസ മേഖലകളും സൗകര്യങ്ങളും ഇവിടെയുണ്ടായിരുന്നതായി യുനെസ്കോ വ്യക്തമാക്കുന്നു.
സാധാരണക്കാർക്കും സമ്പന്നരായ ഉപഭോക്താക്കൾക്കും ആവശ്യമായ സാധനങ്ങൾ ഇവിടെ ലഭ്യമായിരുന്നു. രത്നങ്ങൾ, ആഭരണങ്ങൾ, വിലകൂടിയ തുണിത്തരങ്ങൾ, സുഗന്ധവ്യഞ്ജനങ്ങങ്ങൾ എന്നിവയ്ക്ക് പുറമേ വിജയനഗര സൈന്യത്തിനും വ്യാപാരത്തിനും ആവശ്യമായ കുതിരകളെയും ഈ ചന്തയിൽ വിറ്റിരുന്നു.
ഇന്ന് ആ പഴയ കച്ചവടക്കാരോ ചന്തയുടെ പ്രതാപമോ ഇവിടെയില്ലെങ്കിലും, ഹംപിയിലൂടെ നടക്കുമ്പോൾ ഈ വിപണിയുടെ ഭീമാകാരമായ ഘടന മനസ്സിലാക്കാൻ സാധിക്കും. വിരൂപാക്ഷ ക്ഷേത്രം മുതൽ നന്ദിപ്രതിമ വരെ നീളുന്ന ഈ തെരുവും ഇരുവശത്തുമുള്ള കൽമണ്ഡപങ്ങളും വിജയനഗര സാമ്രാജ്യത്തിന്റെ ജീവിതത്തിൽ വ്യാപാരം എത്രത്തോളം പ്രധാനമായിരുന്നു എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.




