യൂറോപ്പിലേക്കൊരു യാത്ര എന്നത് ഇന്ന് അത്ര അപൂർവ്വമായ കാര്യമല്ല. ഇന്ത്യയിൽ നിന്ന് പാരീസ്, ലണ്ടൻ, ആംസ്റ്റർഡാം അല്ലെങ്കിൽ റോം എന്നിവിടങ്ങളിലേക്ക് വിമാനത്തിൽ പറക്കുക എന്നത് വളരെ എളുപ്പമുള്ള ഒരു അവധിക്കാല പ്ലാനാണ്. എന്നാൽ റോഡ് മാർഗ്ഗം യൂറോപ്പിലെത്തുക എന്നത് തികച്ചും വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ ഒന്നാണ്.
റോഡ് മാർഗ്ഗം യൂറോപ്പിലേക്ക് പോകാൻ സാധിക്കുമെങ്കിലും, ഒരൊറ്റ നീളൻ ഹൈവേയിലൂടെ വണ്ടിയോടിച്ച് എളുപ്പത്തിൽ എത്താനാകില്ല. നിരവധി രാജ്യങ്ങളും അതിർത്തികളും വിസ നിയമങ്ങളും കടന്നു വേണം പോകാൻ. സഞ്ചരിക്കുന്ന വഴിക്കനുസരിച്ച് ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്കുള്ള ഈ യാത്ര ഏകദേശം 15,000 കിലോമീറ്ററോളം വരും. ഇത് പൂർത്തിയാക്കാൻ ആറാഴ്ചയോ അതിൽ കൂടുതലോ സമയമെടുക്കും. നീണ്ട റോഡ് യാത്രകളെ സ്നേഹിക്കുന്ന സഞ്ചാരികളെ ആർഷിക്കുന്നതും ഈ പ്രത്യേകത തന്നെയാണ്.
20 രാജ്യങ്ങളിലൂടെ 15,000 കിലോമീറ്റർ നീളുന്ന റോഡ് യാത്ര
ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്യാം എന്നത് യാഥാർത്ഥ്യമാണ്. യാത്ര ചെയ്യുന്ന വഴിയും സന്ദർശിക്കുന്ന സ്ഥലങ്ങളും അനുസരിച്ച് 15 മുതൽ 20 വരെ രാജ്യങ്ങളിലൂടെ കടന്നുപോകാൻ സാധിക്കും.
യാത്ര തിരിക്കുന്ന ദിശയെ ആശ്രയിച്ച് പ്രധാനമായും രണ്ട് വഴികളാണുള്ളത്. ആദ്യത്തെ വഴി നേപ്പാൾ, ചൈന, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാഖിസ്ഥാൻ, റഷ്യ എന്നിവ കടന്ന് ബെലാറസിലൂടെ യൂറോപ്പിലേക്ക് പ്രവേശിക്കുന്നതാണ്. അവിടെ നിന്ന് ലണ്ടനിലേക്ക് തുടരാൻ പോളണ്ട്, ജർമ്മനി, നെതർലൻഡ്സ്, ബെൽജിയം, ഫ്രാൻസ് എന്നിവ കടന്ന് യുകെയിൽ എത്താം. മധ്യേഷ്യയുടെ വലിയൊരു ഭാഗം കവർ ചെയ്യുന്നതാണ് ഈ റൂട്ട്.
ജോർജിയ, തുർക്കി എന്നീ രാജ്യങ്ങൾ ഉൾപ്പെടുത്തിയുള്ള കൂടുതൽ ദൈർഘ്യമേറിയ വഴികളും തിരഞ്ഞെടുക്കാം. ഉദാഹരണത്തിന്, ‘അഡ്വഞ്ചേഴ്സ് ഓവർലാന്റ്’ സംഘടിപ്പിക്കുന്ന 69 ദിവസം നീളുന്ന പര്യവേഷണത്തിൽ ഇന്ത്യ, നേപ്പാൾ, ചൈന, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാഖിസ്ഥാൻ, റഷ്യ, ജോർജിയ, തുർക്കി, ബൾഗേറിയ, സെർബിയ, ക്രൊയേഷ്യ, ഹംഗറി, സ്ലൊവാക്യ, ചെക്കിയ, ജർമ്മനി, നെതർലൻഡ്സ്, ബെൽജിയം, ഫ്രാൻസ്, യുകെ എന്നീ 20 രാജ്യങ്ങൾ ഉൾപ്പെടുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക് ഒറ്റ സ്ഥിരമായ പാതയില്ല. രാജ്യങ്ങളുടെ എണ്ണവും യാത്രയുടെ ദൈർഘ്യവും നമ്മൾ തിരഞ്ഞെടുക്കുന്ന വഴിയെ ആശ്രയിച്ചിരിക്കും.
പാകിസ്ഥാൻ, ഇറാൻ, തുർക്കി എന്നിവ വഴി യൂറോപ്പിലെത്തുന്നതാണ് രണ്ടാമത്തെ പ്രധാന വഴി. അവിടെ നിന്ന് ഗ്രീസ്, ബൾഗേറിയ, സെർബിയ, ഹംഗറി, ഓസ്ട്രിയ, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ കടന്ന് യുകെയിലെത്താം. ഇന്ത്യ-പാകിസ്ഥാൻ വാഗാ അതിർത്തി, പാകിസ്ഥാൻ-ഇറാൻ തഫ്താൻ അതിർത്തി, തുർക്കി-യൂറോപ്പ് അതിർത്തിയിലെ കപികുലെ എന്നിവയാണ് ഈ വഴിയുള്ള പ്രധാന അതിർത്തി ക്രോസിംഗുകൾ. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും അതിർത്തി നിയമങ്ങളും അനുസരിച്ച് യാത്രയ്ക്ക് മുൻപ് ആവശ്യമായ അനുമതികൾ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്.
യാത്രാ ദൈർഘ്യം
യാത്ര മാത്രം ലക്ഷ്യമിട്ടാൽ ഏകദേശം ആറാഴ്ച കൊണ്ട് ഇത് പൂർത്തിയാക്കാം. എന്നാൽ വഴിയിലെ ഓരോ രാജ്യങ്ങളും കണ്ടു കണ്ട് പോകാനാണ് പ്ലാനെങ്കിൽ യാത്രയുടെ ദൈർഘ്യം ഇനിയും കൂടും. ചുരുങ്ങിയ സമയത്തിനുള്ളിൽ ലണ്ടനിൽ എത്തുന്നതും, കടന്നുപോകുന്ന രാജ്യങ്ങൾ കണ്ടസ്വദിച്ച് യാത്ര ചെയ്യുന്നതും തമ്മിൽ സമയത്തിൽ വലിയ വ്യത്യാസമുണ്ട്.
ആവശ്യമായ രേഖകൾ
സാധാരണ ഒരു വിദേശ യാത്രയേക്കാൾ സങ്കീർണ്ണമാണ് ഇത്തരം ഒരു റോഡ് യാത്രയുടെ പേപ്പർ വർക്കുകൾ. കൈയ്യിൽ കരുതേണ്ട പ്രധാന രേഖകൾ ഇവയാണ്:
- ആവശ്യത്തിന് ഒഴിവുപേജുകളുള്ള സാധുതയുള്ള പാസ്പോർട്ട്.
- കടന്നുപോകുന്ന എല്ലാ രാജ്യങ്ങളുടെയും വിസകൾ.
- വിദേശ രാജ്യങ്ങളിൽ വണ്ടിയോടിക്കാനുള്ള ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (IDP).
- വാഹനം അന്താരാഷ്ട്ര അതിർത്തികൾ കടത്തുന്നതിനായി ആവശ്യമായ ‘കാർനെറ്റ് ഡി പാസേജ് എ ഡൗൺ’ (CPD) എന്ന കസ്റ്റംസ് രേഖ.
ഓർത്തുവെക്കേണ്ട കാര്യങ്ങൾ
രേഖകളെല്ലാം കൈയ്യിലുണ്ടെങ്കിലും ആഴ്ചകളോളം നീളുന്ന ഇത്രയും കഠിനമായ യാത്രയ്ക്ക് ഇറങ്ങിത്തിരിക്കും മുൻപ് കൃത്യമായ തയ്യാറെടുപ്പുകൾ വേണം. വിശ്വസനീയമായ വാഹനം, കൃത്യമായ താമസ-ഭക്ഷണ സൗകര്യങ്ങൾ, അതിർത്തികളിലെയും വഴിയിലെയും അപ്രതീക്ഷിത താമസം നേരിടാനുള്ള സമയക്രമം എന്നിവ ഉറപ്പാക്കണം. രാഷ്ട്രീയ സാഹചര്യങ്ങൾ മാറുമ്പോൾ മുൻകൂട്ടി പ്ലാൻ ചെയ്ത റൂട്ടുകളിൽ മാറ്റം വരുത്തേണ്ടി വന്നേക്കാം.
തീർച്ചയായും വിമാനയാത്രയാണ് കൂടുതൽ എളുപ്പം. സ്വന്തം വാഹനവും കൊണ്ട് കസ്റ്റംസ് പരിശോധനകളും ബോർഡറുകളും കടന്ന് ആഴ്ചകളോളം വണ്ടിയോടിക്കേണ്ട ഭാരവും ചെലവും അതിലില്ല. എന്നാൽ, ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനേക്കാൾ ആ യാത്രയെ പ്രണയിക്കുന്നവർക്കാണ് ഈ റോഡ് യാത്ര പ്രിയപ്പെട്ടതാകുന്നത്. ഓരോ അതിർത്തി കടക്കുമ്പോഴും ഭൂപ്രകൃതിയും ഭാഷയും ഭക്ഷണവും സംസ്കാരവും മാറിമറിയുന്നത് നേരിട്ടനുഭവിച്ചുള്ള ഈ റോഡ് യാത്ര പ്രയാസമേറിയതാണെങ്കിലും നൽകുന്ന അനുഭവം സമാനതകളില്ലാത്തതാണ്.




