Crime

ചൂതാട്ട ഭ്രാന്തിന് പണം കണ്ടെത്താൻ 14 വിവാഹങ്ങൾ! യുവതി കുടുങ്ങി; കോടികൾ പിഴ

ചൂതാട്ടത്തിന് അടിമപ്പെട്ടതിനെ തുടർന്ന് പണം കണ്ടെത്തുന്നതിനായി ലാസ് വേഗാസിൽ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യു.എസ് വനിതയ്ക്ക് തടവുശിക്ഷയും വൻ തുക പിഴയും വിധിച്ചു. 33 കാരിയായ ജിയായിംഗ് ചെന്നിനാണ് ഒരു വർഷത്തെ തടവുശിക്ഷയും 2.7 കോടിയോളം രൂപ (2,80,000 ഡോളർ) ഇരകൾക്ക് നഷ്ടപരിഹാരമായി നൽകാനും ക്ലആർക്ക് കൗണ്ടി കോടതി വിധിച്ചത്. ലാസ് വേഗാസിലെ ലളിതമായ വിവാഹ നിയമങ്ങൾ മുതലെടുത്താണ് ഇവർ ഓൺലൈൻ വഴി പരിചയപ്പെട്ട പുരുഷന്മാരെ വിവാഹം കഴിക്കുകയും തുടർന്ന് പതിനായിരക്കണക്കിന് ഡോളർ തട്ടിയെടുക്കുകയും ചെയ്തത്.

ചൈനയിലുള്ള തന്റെ രോഗിയായ ബന്ധുവിനെ ചികിത്സിക്കാൻ പണം വേണമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ പുരുഷന്മാരിൽ നിന്ന് പണം തട്ടിയത്. പണം ലഭിച്ചയുടൻ ഇവരുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുകയായിരുന്നു ഇവരുടെ രീതി. 2019 മാർച്ച് മുതൽ 2024 മേയ് വരെയുള്ള കാലയളവിൽ ഇവർ ഏഴ് വിവാഹ സർട്ടിഫിക്കറ്റുകൾ നേടി. 2024-ൽ ബഹുഭാര്യത്വത്തിനും തട്ടിപ്പിനും അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിൽ ഇറങ്ങി. തുടർന്ന് “വിക്കി ലിയാങ്” എന്ന വ്യാജ പേരിൽ ഇവർ ഏഴ് പുരുഷന്മാരെക്കൂടി വിവാഹം കഴിച്ചു. തട്ടിയെടുത്ത പണത്തിൽ നിന്ന് 2.9 കോടിയോളം രൂപ (3,00,000 ഡോളർ) കഴിഞ്ഞ ഒരു വർഷത്തിനിടെ ലാസ് വേഗാസിലെ കാസിനോയിൽ വെച്ച് ഇവർ ചൂതാട്ടത്തിൽ തുലച്ചു. ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനും ഇവരുടെ ചൂതാട്ട ആസക്തിക്ക് പരിഹാരമാകാനുമാണ് കോടതി ഈ ശിക്ഷാവിധി പുറപ്പെടുവിച്ചത്.