Health

കീമോതെറാപ്പിക്ക് പകരമാകുമോ പുതിയ ‘സ്മാർട്ട്’ മരുന്ന് RK-251? ക്യാൻസർ ചികിത്സയിൽ ഇന്ത്യയുടെ വിപ്ലവം

ആരോഗ്യമുള്ള കോശങ്ങൾക്ക് ദോഷം വരുത്താതെ ക്യാൻസർ കോശങ്ങളിൽ എത്തുമ്പോൾ മാത്രം സജീവമാകുന്ന “സ്മാർട്ട്” ക്യാൻസർ മരുന്നായ RK-251 വികസിപ്പിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ സയൻസ് ആൻഡ് ടെക്നോളജിയിലെ (IASST) ഡോ. അസിസ് ബാലയുടെ നേതൃത്വത്തിൽ ഐ.ഐ.ടി ഗുവാഹത്തിയിലെ ഡോ. കെ.പി. ഭാബക്കുമായി സഹകരിച്ചാണ് ഈ ഗവേഷണം നടത്തിയത്. ഗവേഷണ ഫലങ്ങൾ പ്രശസ്ത ശാസ്ത്ര മാസികയായ ‘എ.സി.എസ് ജേണൽ ഓഫ് മെഡിസിനൽ കെമിസ്ട്രി’യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാധാരണയായി ഉപയോഗിക്കുന്ന കീമോതെറാപ്പി മരുന്നുകൾ പെട്ടെന്ന് വിഭജിക്കുന്ന ക്യാൻസർ കോശങ്ങളെ നശിപ്പിക്കുമ്പോൾ തന്നെ, വേഗത്തിൽ വളരുന്ന മുടി, ദഹനവ്യവസ്ഥ, അസ്ഥിമജ്ജ എന്നിവയിലെ ആരോഗ്യമുള്ള കോശങ്ങളെയും ബാധിക്കാറുണ്ട്. ഇതാണ് മുടികൊഴിച്ചിൽ, ക്ഷീണം, ഛർദ്ദി തുടങ്ങിയ പാർശ്വഫലങ്ങൾക്ക് കാരണമാകുന്നത്. എന്നാൽ ക്യാൻസർ കോശങ്ങളിൽ ഉയർന്ന അളവിൽ കാണപ്പെടുന്ന ‘റിയാക്ടീവ് ഓക്സിജൻ സ്പീഷീസ്’ (ROS) എന്ന തന്മാത്രകളെ തിരിച്ചറിഞ്ഞ് മാത്രം പ്രവർത്തിക്കാൻ കഴിവുള്ള തരത്തിലാണ് RK-251 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ഉയർന്ന ROS അന്തരീക്ഷത്തിൽ എത്തുമ്പോൾ രാസമാറ്റത്തിന് വിധേയമാവുകയും ‘NBDHEX’ എന്ന സജീവമായ ക്യാൻസർ പ്രതിരോധ സംയുക്തത്തെ പുറത്തുവിടുകയും ചെയ്യുന്നു. അതായത്, ക്യാൻസർ കോശങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന ഒരു സ്വിച്ച് പോലെ ഈ മരുന്ന് പ്രവർത്തിക്കുന്നു.

ലബോറട്ടറിയിൽ നടത്തിയ ആദ്യഘട്ട പരീക്ഷണങ്ങളിൽ, ചികിത്സിക്കാൻ ഏറെ പ്രയാസമുള്ള ‘ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് ക്യാൻസർ’ കോശങ്ങൾക്കെതിരെ RK-251 മികച്ച ഫലം കാണിച്ചു. കൂടാതെ, സെബ്രാഫിഷ് ഭ്രൂണങ്ങളിൽ (Zebrafish embryos) നടത്തിയ വിഷാംശ പരിശോധനയിലും ഈ മരുന്ന് ആരോഗ്യമുള്ള കോശങ്ങൾക്ക് അപകടകരമല്ലെന്ന് തെളിഞ്ഞു.

എങ്കിലും, RK-251 നിലവിൽ ആദ്യഘട്ട പരീക്ഷണ ഘട്ടത്തിൽ (Preclinical stage) മാത്രമാണുള്ളത്. മനുഷ്യരിൽ നടത്തുന്ന ക്ലിനിക്കൽ ട്രയലുകളിലൂടെ (Clinical trials) സുരക്ഷിതത്വവും കാര്യക്ഷമതയും തെളിയിക്കപ്പെട്ടാൽ മാത്രമേ ഇത് ഒരു പൂർണ്ണ മരുന്നായി അംഗീകരിക്കപ്പെടുകയുള്ളൂ. അതിനാൽ തന്നെ നിലവിലുള്ള കീമോതെറാപ്പി ചികിത്സകൾക്ക് പകരമായി ഇതിനെ ഇപ്പോൾ കരുതാനാകില്ല. വരുംദിവസങ്ങളിൽ കൂടുതൽ മൃഗങ്ങളിലെ പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ശേഷമേ മനുഷ്യരിലെ ക്ലിനിക്കൽ ട്രയലുകളിലേക്ക് കടക്കുകയുള്ളൂ. ഭാവിയിൽ കൂടുതൽ കൃത്യതയുള്ളതും പാർശ്വഫലങ്ങൾ കുറഞ്ഞതുമായ ക്യാൻസർ ചികിത്സാരീതികൾ വികസിപ്പിക്കുന്നതിൽ ഈ കണ്ടെത്തൽ നിർണ്ണായക പങ്കുവഹിച്ചേക്കാം.