Oddly News

ഭൂമിവിറ്റു കിട്ടിയ ലക്ഷങ്ങളുമായി 20 വര്‍ഷം മുമ്പ് നാടുവിട്ടുപോയ കാമുകിയെ തേടി 60 കാരന്‍….! കാരണം കേട്ട് അമ്പരന്ന് ഭാര്യയും പോലീസും

ആഗ്ര: ഭൂമിവിറ്റു കിട്ടിയ പണവുമായി 60 കാരന്‍ 20 വര്‍ഷം മുമ്പ് പ്രണയിച്ച നാടുവിട്ടുപോയ കാമുകിയെ തേടി സൂററ്റിലേക്ക് പോയി. കസാഗഞ്ച് ജില്ലയിലെ ധോല്‍നാ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന മുബാരക്പൂര്‍ ഗ്രാമവാസിയായ ഇയാള്‍ക്ക് ഭാര്യയും വിവാഹിതയായ ഒരു മകളും ഉണ്ട്.

രണ്ടു സഹോദരന്മാരുമായി കുടുംബത്തോടൊപ്പമായിരുന്നു മഹേന്ദ്രസിംഗ് താമസം. ആഗസ്റ്റ് 14 നായിരുന്നു മഹേന്ദ്ര സിംഗ് എന്ന 60 കാരന്‍ കര്‍ഷകനെ കാണാതായത്. നാലു ദിവസം മുമ്പ് ഇയാള്‍ തന്റെ ഏക്കറുകള്‍ വരുന്ന ഭൂമി വിറ്റ് 21.42 ലക്ഷം രൂപയും വാങ്ങിയിരുന്നു.

20 വര്‍ഷം മുമ്പ് വിവാഹിതയായ ഒരു സ്ത്രീയുമായി ഇയാള്‍ക്ക് പ്രണയബന്ധം ഉണ്ടായിരുന്നു. ഈ ബന്ധം ഏതാനും മാസം മാത്രമാണ് നിന്നത്. ഇതിനകം സ്ത്രീ സൂററ്റിലേക്ക് ഭര്‍ത്താവിനൊപ്പം പോകുകയും ചെയ്തു. പിന്നീട് ഈ സ്ത്രീ ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പെടുത്തുകയും സഹോദരനൊപ്പം സൂറത്തില്‍ താമസമാക്കുകയും ചെയ്തു. മഹേന്ദ്രസിംഗിനെ കാണാതായതിന് പിന്നാലെ കഴിഞ്ഞയാഴ്ച കൃഷിഭൂമി വില്‍ക്കാന്‍ സഹായിച്ച ബ്രോക്കറെ പോലീസ് കണ്ടെത്തുകയും കര്‍ഷകന്റെ വിവരം തേടുകയും ചെയ്തു.

പണവുമായി മഹേന്ദ്ര സിംഗിനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയോ എന്ന് ഭയന്നാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. മഹേന്ദ്രസിംഗ് വീട്ടിലെ ആരോടും പറയാതെ തന്റെ ഭൂമി വിറ്റ ശേഷം തന്റെ പഴയ കാമുകിയെ തേടി സൂറത്തിലേക്ക് പോകുകയും അവരെ അവിടെ കണ്ടെത്തുകയും ചെയ്തു.

കോത്ത്‌വാലി ധോല്‍നാ പോലീസ് ഇയാളെ കണ്ടെത്തി ഗ്രാമ മുഖ്യന്റെ സാന്നിദ്ധ്യത്തില്‍ ഭാര്യയ്ക്കും മകള്‍ക്കും കൈമാറി. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും താന്‍ തന്റെ ഭാര്യയെ ഉപേക്ഷിച്ചിട്ടില്ലെന്നുമായിരുന്നു മഹേന്ദ്രസിംഗിന്റെ പ്രതികരണം. 20 വര്‍ഷം മുമ്പ് താനൊരാളെ സ്‌നേഹിച്ചു. ഇപ്പോള്‍ അവള്‍ക്കും എന്റെ പിന്തുണ ആവശ്യമുണ്ട്. ഭൂമി വിറ്റു കിട്ടിയ പണം ഞാന്‍ എന്റെ കാമുകിക്കും ഭാര്യയ്ക്കും ഒരു പോലെ വീതിച്ചു കൊടുത്തെന്നും പറഞ്ഞു.