Featured Lifestyle

പ്രണയം നടിച്ച് യുവാവിനെ കൊന്ന യുവതി; കാമുകിയുടെ ഭര്‍ത്താവിനെ കൊന്ന യുവാവ്; ജയിലിലെ പ്രണയം വിവാഹത്തിലേക്ക്, 15 ദിവസം പരോള്‍ അനുവദിച്ച് കോടതി

വ്യത്യസ്ത കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന യുവതിയും യുവാവും പ്രണയത്തിലാവുകയും തുടർന്ന് വിവാഹിതരാകാൻ കോടതി 15 ദിവസത്തെ പരോൾ അനുവദിക്കുകയും ചെയ്തു. ജയ്പൂർ ടിൻഡർ-സ്യൂട്ട്കേസ് കൊലക്കേസിലെ പ്രതി പ്രിയ സേഠും (31), കാമുകിയുടെ ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഹനുമാൻ പ്രസാദുമാണ് (29) വിവാഹിതരാകുന്നത്. ആറ് മാസം മുമ്പ് ജയ്പൂരിലെ സംഗാനർ ഓപ്പൺ ജയിലിൽ വെച്ചാണ് ഇവർ പരിചയപ്പെട്ടതും പ്രണയത്തിലായതും. ഹനുമാന്റെ ജന്മനാടായ ആൽവാർ ജില്ലയിലെ ബറോഡമിയോയിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക.

ഡേറ്റിങ് ആപ്പായ ടിൻഡർ വഴി പരിചയപ്പെട്ട ദുഷ്യന്ത് ശർമ്മ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച കേസിലാണ് 2018-ൽ പ്രിയ സേഠ് ശിക്ഷിക്കപ്പെടുന്നത്. സാമ്പത്തിക ബാധ്യതകൾ തീർക്കാൻ കാമുകൻ ദിക്ഷാന്ത് കമ്രയോടൊപ്പം ചേർന്ന് പത്ത ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടുപോകൽ. എന്നാൽ മൂന്ന് ലക്ഷം രൂപ ലഭിച്ചതിന് പിന്നാലെ, തങ്ങൾ പിടിക്കപ്പെടുമെന്ന ഭയത്താൽ ദുഷ്യന്തിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

തന്നേക്കാൾ പത്ത് വയസ്സ് കൂടുതലുള്ള സന്തോഷ് എന്ന കാമുകിയുടെ നിർദ്ദേശപ്രകാരമാണ് ഹനുമാൻ പ്രസാദ് കൊലപാതകങ്ങൾ നടത്തിയത്. 2017 ഒക്ടോബറിൽ സന്തോഷിന്റെ ഭർത്താവായ ബൻവാരിലാലിനെ വീട്ടിലെത്തി കൊലപ്പെടുത്തുകയും, ഈ കൃത്യത്തിന് സാക്ഷികളായ സന്തോഷിന്റെ മൂന്ന് മക്കളെയും അനന്തരവനെയും കൂടി ഹനുമാനും സുഹൃത്തും ചേർന്ന് വകവരുത്തുകയായിരുന്നു. ഈ കൂട്ടക്കൊലക്കേസിലാണ് ഹനുമാൻ പ്രസാദിന് ജീവപര്യന്തം തടവ് ലഭിച്ചത്. ഇവർക്ക് വിവാഹത്തിനായി കോടതി പരോൾ അനുവദിച്ച നടപടിക്കെതിരെ കൊല്ലപ്പെട്ട ദുഷ്യന്ത് ശർമ്മയുടെ ബന്ധുക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.