വരാനിരിക്കുന്ന ചിത്രത്തിനായി നടി രജിഷ വിജയൻ നടത്തിയ ബോഡി ട്രാൻസ്ഫോർമോഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
6 മാസം കൊണ്ട് രജിഷ വിജയൻ കുറച്ചത് 15 കിലോ ഭാരമാണ്. രജിഷയുടെ ട്രെയിനറും ആലപ്പുഴ ജിംഖാന സിനിമയ്ക്കു വേണ്ടി താരങ്ങളെ ട്രെയിൻ ചെയ്യിച്ച കോച്ചുമായ അലി ഷിഫാസ് ആണ് ഈ ട്രാൻസ്ഫർമേഷൻ പോസ്റ്റ് പങ്കുവച്ചത്.
‘2024ൽ ഖാലിദ് റഹ്മാൻ നിർദേശിച്ച പ്രകാരമാണ് രജിഷ എന്റെയടുത്ത് വരുന്നത്. ആദ്യം കാണുമ്പോൾ ശാരീരികമായ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുകയായിരുന്നു. മുൻപ് നടന്നൊരു ഷൂട്ടിങ്ങിനിടെ ലിഗമെന്റുകൾക്കേറ്റ പരുക്കുകളുണ്ടായിരുന്നു. പക്ഷേ വരാനിരിക്കുന്ന സിനിമയ്ക്കുവേണ്ടി എത്ര കഷ്ടപ്പെടാനും രജിഷ തയാറായിരുന്നു. 6 മാസം കൊണ്ട് 15 കിലോ ഭാരമാണ് കുറച്ചത്. മുൻപ് ഒട്ടും ആരോഗ്യകരമല്ലാത്ത ഡയറ്റുകളാണ് നോക്കിയിരുന്നതെങ്കിൽ ഇത്തവണ ബാലൻസ്ഡ് ഡയറ്റിലൂടെയാണ് പോയത്. മസിൽ ലോസ് ഇല്ലാതെയാണ് വണ്ണം കുറച്ചത്. ഇതിനിടെ പരുക്കുകളിലൂടെ കടന്നുപോവേണ്ടി വന്നെങ്കിലും ഒരിക്കലും രജിഷ പിന്തിരിഞ്ഞില്ല.’ രജിഷയുടെ ആത്മാർഥതയെ അഭിനന്ദിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
പോസ്റ്റിൽ പങ്കുവച്ച വിഡിയോയിൽ രജിഷ വർക്ഔട്ട് ചെയ്യുന്നതും ഡെഡ്‌ലിഫ്റ്റ് ചെയ്യുന്നതും കാണാനാകും. ഒപ്പം പല തവണയായി കാലിനേറ്റ പരുക്കുകളുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിനു താഴെ അപർണ ബാലമുരളി, അരുൺ കുര്യൻ, ആന്ന ബെൻ, മഞ്ജിമ മോഹൻ തുടങ്ങിയ താരങ്ങളും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.