Good News

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കിടന്നത് 15 വര്‍ഷം ; ഒടുവില്‍ മേരിക്ക് തോക്കിന്‍ മുനയില്‍ നിന്നും മോചനം

ഇന്തോനേഷ്യയില്‍ മരണശിക്ഷ കാത്ത് ഏകദേശം 15 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ഫിലിപ്പീനിയന്‍ സ്ത്രീയ്ക്ക് ഒടുവില്‍ മോചനം. ഏതു നിമിഷവും ജീവിതം അവസാനിക്കുമെന്ന് കരുതിയ ഫിലിപ്പീനിയന്‍ സ്ത്രീ മേരീ ജെയ്ന്‍ വെലോസോയ്ക്കാണ് ഒടുവില്‍ ഇന്തോനേഷ്യന്‍ യുക ഫയറിംഗ് സക്വാഡിന്റെ തോക്കിന്‍മുനയില്‍ നിന്നും മോചനം കിട്ടിയത്.

ഇന്തോനേഷ്യന്‍ വിമാനത്താവളം വഴി 2.6 കിലോഗ്രാം (5.7 പൗണ്ട്) ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിന് 2010-ലായിരുന്നു മേരി ജെയ്ന്‍ വെലോസോയെ വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ രണ്ട് കുട്ടികളുടെ അമ്മയായ 39 കാരി താന്‍ കബളിപ്പിക്കലിന് ഇരയായെന്ന് പല തവണ പറഞ്ഞിട്ടും ആരും കേള്‍ക്കാന്‍ തയ്യാറായില്ല. ഇന്തോനേഷ്യയുടേയും ഫിലിപ്പീന്‍സിന്റെയും സര്‍ക്കാരുകള്‍ ഇടപെട്ട കേസില്‍ രണ്ടു രാജ്യങ്ങളും ചേര്‍ന്ന് ഒപ്പുവെച്ച കരാറിലാണ് ഒടുവില്‍ മേരിക്ക് ബുധനാഴ്ച മനിലയിലേക്ക് മടങ്ങാനായത്.

‘എനിക്ക് വീട്ടില്‍ പോകണം, കാരണം എനിക്ക് അവിടെ ഒരു കുടുംബമുണ്ട്, എന്റെ കുട്ടികള്‍ എന്നെ കാത്തിരിക്കുന്നു. ഇത് എനിക്ക് ഒരു പുതിയ ജീവിതമാണ്, ഫിലിപ്പീന്‍സില്‍ എനിക്ക് ഒരു പുതിയ തുടക്കം ഉണ്ടാകും. കുടുംബത്തോടൊപ്പം ക്രിസ്മസ് ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു.’ അവള്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു, 2010 ഏപ്രിലില്‍ യോഗ്യക്കാര്‍ത്ത വിമാനത്താവളത്തില്‍ വെച്ചാണ് മയക്കുമരുന്നുമായി മേരിയെ അറസ്റ്റ് ചെയ്തത്.

പുതിയ ജോലി ലഭിച്ച് ഇന്തോനേഷ്യയിലേക്ക് പോകുന്ന സമയത്താണ് സംഭവം. അവളുടെ തൊഴിലുടമകളില്‍ ഒരാളുടെ മകളുടെ പുരുഷ സുഹൃത്തുക്കള്‍ തനിക്ക് പുതിയ വസ്ത്രങ്ങളും പുതിയ ബാഗും നല്‍കിയെന്നും അതില്‍ ഹെറോയിന്‍ തുന്നിച്ചേര്‍ത്തത് താന്‍ അറിയാതെയാണെന്നും അവര്‍ അവകാശപ്പെട്ടു.

കേസില്‍ ജയിലിലായ മേരിക്ക് 2015-ല്‍ വധശിക്ഷ ലഭിച്ചു. പക്ഷേ അവള്‍ ഫയറിംഗ് സ്‌ക്വാഡിനെ അഭിമുഖീകരിക്കുന്നതിന് തൊട്ടു മുമ്പായി ഫിലിപ്പീന്‍സ് പ്രസിഡന്റായിരുന്ന ബെനിഗ്നോ അക്വിനോ മൂന്നാമന്‍, അവളെ റിക്രൂട്ട് ചെയ്തതായി സംശയിക്കുന്ന സ്ത്രീയെ മനുഷ്യക്കടത്തിന് അറസ്റ്റ് ചെയ്യുകയും വിചാരണ ചെയ്യുകയും ചെയ്തതിനെത്തുടര്‍ന്ന് അവസാന നിമിഷം തോക്കിന്‍മുനയില്‍ നിന്നും മേരി രക്ഷപ്പെട്ടു.

ചതിയ്ക്ക് ഇരയായ മേരിയുടെ കഥ അക്കാലത്ത് ഫിലിപ്പീന്‍സിലെ പല പത്രങ്ങളും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. വധശിക്ഷയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വെലോസോയുടെ കേസ് വ്യാപകമായ പൊതുജന സഹതാപത്തിന് കാരണമായി. അവളുടെ സാഹചര്യങ്ങള്‍ ഫിലിപ്പീന്‍സില്‍ പലര്‍ക്കും പരിചിതമായിരുന്നു. ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടാനായി വിദേശത്ത് വീട്ടുജോലിക്കാരായി പോകുന്ന സ്ത്രീകള്‍ ഫിലിപ്പീന്‍സില്‍ സാധാരണമായിരുന്നു. പലരും അവരെ കാണാന്‍ ജയിലില്‍ എത്തി.

” ഞാന്‍ ധരിച്ചിരിക്കുന്ന ഈ ടി-ഷര്‍ട്ട് പോലും എന്റെ സുഹൃത്തുക്കള്‍ തന്നതാണ്.” ജയിലില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ അവള്‍ പറഞ്ഞു. വധശിക്ഷയുടെ തോക്കിന്‍മുനയില്‍ നിന്നും വെലോസിയെ രക്ഷപ്പെടുത്താന്‍ ഫിലിപ്പീന്‍സ് കാര്യമായ ഇടപെടല്‍ നടത്തി. 2015 മുതല്‍ ഇന്തോനേഷ്യയില്‍ പല തവണ അപ്പീലിന് പോയി. ആദ്യ രണ്ട് അപ്പീലുകളില്‍ വാദം കേട്ടപ്പോള്‍ ഭാഷ അറിയാന്‍ കഴിയാതിരുന്നതിനാല്‍ സത്യത്തില്‍ എന്താണ് സംഭവിക്കുന്നെന്ന് പോലും വെലോസിക്ക് മനസ്സിലായിരുന്നില്ല. വധശിക്ഷ വിധിക്കുമെന്ന് പോലും അറിയില്ലായിരുന്നെന്നാണ് അന്ന് അവര്‍ പ്രതികരിച്ചത്.

വെലോസോ മയക്കുമരുന്ന് സംഘത്തിന്റെ ഇരയാകാമെന്ന് വാദിച്ചുകൊണ്ട് ഇന്തോനേഷ്യ വീണ്ടും അതേവര്‍ഷം അപ്പീല്‍ നല്‍കി. അതും തള്ളിയതോടെ ശിക്ഷ നടപ്പാക്കാന്‍ അവരെ നുസകംബംഗന്‍ ജയില്‍ ദ്വീപിലേക്ക് അവളെ അയച്ചു. ഫിലിപ്പീന്‍സില്‍ ഇത് വലിയ കോലാഹലമുണ്ടാക്കി. മനിലയിലെ ഇന്തോനേഷ്യന്‍ എംബസിക്ക് പുറത്ത് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. പ്രാദേശിക മാധ്യമങ്ങള്‍ വെലോസോയുടെ കേസിന് പ്രമുഖ കവറേജ് നല്‍കി. ഒടുവില്‍ വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് വെലോസോയുടെ കേസ് ചര്‍ച്ച ചെയ്യുന്നതിനായി മലേഷ്യയില്‍ നടന്ന പ്രാദേശിക യോഗത്തോടനുബന്ധിച്ച് ഫിലിപ്പീന്‍സിന്റെയും ഇന്തോനേഷ്യയുടെയും നേതാക്കന്മാര്‍ കൂടിക്കാഴ്ച നടന്നു.