കോഴിക്കോട് ഫറോക്കിൽ പതിനഞ്ചുകാരിയെ സുഹൃത്തുക്കൾ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. സംഭവത്തിൽ കുറ്റാരോപിതരായ ആൺകുട്ടികളെ ചൊവ്വാഴ്ച കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യൂസി) മുമ്പിൽ ഹാജരാക്കാൻ നിർദേശം. ഇതുസംബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി.
നല്ലളം സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുൻപ് ആണ് സംഭവം. സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കൾ ചേർന്നാണ് പീഡനത്തിനിരയാക്കിയതെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. ഒപ്പം ഉണ്ടായിരുന്ന പതിനൊന്നുകാരൻ ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു. കൗൺസിലിങ്ങിനിടെ പെൺകുട്ടി വിവരം പുറത്തു പറയുകയായിരുന്നു. പതിനൊന്നുകാരൻ പകർത്തിയ പീഡന ദൃശ്യം പിന്നീട് പലരിലും എത്തിയതായാണ് വിവരം.
പെൺകുട്ടിയുടെ ബന്ധു ദൃശ്യം കാണാനിടയായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. തുടന്ന് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുകയായിരുന്നു. കൗൺസിലിങ്ങിനിടെയാണ് ഞെട്ടിക്കുന്ന വിവരം പെൺകുട്ടി പുറത്തുപറഞ്ഞത്. സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.