Oddly News

15മാസം പ്രായമുള്ള കുട്ടിയെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് അമ്മ കാമുകനോടൊപ്പം ഒളിച്ചോടി; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ

നൽഗൊണ്ട (തെലങ്കാന): നൽഗൊണ്ട ആർടിസി ബസ് സ്റ്റാൻഡിൽ 15 മാസം പ്രായമുള്ള മകനെ ഉപേക്ഷിച്ച് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കാമുകനോടൊപ്പം അമ്മ ഒളിച്ചോടി. ഞായറാഴ്ചയാണ് സംഭവം. ധനുഷ് എന്ന് തിരിച്ചറിഞ്ഞ കുട്ടി കരയുന്നത് കണ്ട് ബസ് ഡിപ്പോ ജീവനക്കാരും യാത്രക്കാരും പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇൻസ്റ്റാഗ്രാം കാമുകനുവേണ്ടി യുവതി കുട്ടിയെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു

ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, ഹൈദരാബാദ് സ്വദേശിനിയും വിവാഹിതയുമായ നവീന എന്ന യുവതിയാണ് കുട്ടിയെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച്, നൽഗൊണ്ടയിലെ ഓൾഡ് സിറ്റി സ്വദേശിയായ യുവാവിനൊപ്പം മോട്ടോർ സൈക്കിളിൽ രക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാം വഴി യുവാവുമായി പ്രണയത്തിലായ നവീന, ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ബസ് ഡിപ്പോയിലെ സിസിടിവി ദൃശ്യങ്ങൾ നിർണായക തെളിവായി. കരയുന്ന കുട്ടിയെ ഉപേക്ഷിച്ച് നവീന നടന്നുപോകുന്നതും, പിന്നീട് യാത്രക്കാരും ബസ് സ്റ്റാൻഡ് ജീവനക്കാരും കുട്ടിയെ ശ്രദ്ധിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതേ ദൃശ്യങ്ങളിൽ തന്നെ യുവതി കാമുകനൊപ്പം ബൈക്കിൽ കയറി പോകുന്നത് പതിഞ്ഞിട്ടുണ്ട്. അന്വേഷണത്തിനിടെ, കുട്ടിയെ ദൃശ്യങ്ങൾ കാണിച്ചപ്പോൾ അവൻ ‘അമ്മ’ എന്ന് വിളിച്ച് കരഞ്ഞത് ഹൃദയഭേദകമായ നിമിഷമായിരുന്നു.

ഡിജിറ്റൽ തെളിവുകൾ ഉപയോഗിച്ച് പോലീസ് യുവതിയെയും കാമുകനെയും കണ്ടെത്തി

ദൃശ്യങ്ങൾ ഉപയോഗിച്ച് പോലീസ് രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം കണ്ടെത്തി. മോട്ടോർ സൈക്കിളിന്റെ രജിസ്റ്റേര്‍ഡ് ഉടമ, സംഭവം നടന്ന ദിവസം തന്റെ സുഹൃത്തായ നവീനയുടെ കാമുകന്, ബൈക്ക് കടം നൽകിയിരുന്നതായി വെളിപ്പെടുത്തി. ഈ വിവരം യുവാവിനെ തിരിച്ചറിയാനും യുവതിയുടെ ഈ കടുംകൈക്ക് പിന്നിലെ സോഷ്യൽ മീഡിയ ബന്ധം കണ്ടെത്താനും അധികാരികളെ സഹായിച്ചു.

ഇതിനെത്തുടർന്ന്, പോലീസ് നവീനയെയും കാമുകനെയും ഭർത്താവിനെയും കൗൺസിലിംഗിനായി വിളിപ്പിച്ചു. വിശദമായ ചോദ്യം ചെയ്യലിനും അധികാരികളുടെ ഇടപെടലിനും ശേഷം, 15 മാസം പ്രായമുള്ള കുട്ടിയെ അവന്റെ പിതാവിന് കൈമാറി.