തുറവൂര്‍: പന്ത്രണ്ട് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 13 വര്‍ഷം തടവും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.തുറവുര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ആഞ്ഞിലിക്കാപ്പള്ളി കോളനിയില്‍ സതീശന്‍ മകന്‍ സാരംഗി (27) നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ജഡ്ജി ശിക്ഷിച്ചത്.
2021 ജനുവരിയില്‍ കുത്തിയതോട് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. വീടിന് അരുകില്‍ നിന്ന പെണ്‍കുട്ടിയെ പിടിച്ച് വലിച്ച് സമീപത്തുള്ള മറ്റൊരു വീടിനുള്ളില്‍ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് കേസ്. 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്‌സോ നിയമത്തിലെ 9(എം) വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം തടവും 50,000 രൂപ പിഴയും കുട്ടിയെ കടത്തിക്കൊണ്ട് പോയതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 363-ാം വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം തടവും 15,000 രൂപ പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിന് 354-ാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു.
കുത്തിയതോട് എസ്.ഐ ആയിരുന്ന ജി. രമേശന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസിന്റെ അന്വേഷണത്തില്‍ വനിതാ എസ്.ഐ ഷെറി, സി.പി.ഒ പ്രവീണ്‍, സബിത എന്നിവര്‍ ഭാഗഭക്കായി . പ്രോസിക്യൂഷന്‍ 22 സാക്ഷികളെ ഹാജരാക്കിയതില്‍ 20പേരെ വിസ്തരിച്ചു 16രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ബീന കാര്‍ത്തികേയന്‍ ഹാജരായി.