Sports

10 ഓവറില്‍ വഴങ്ങിയത് 113 റണ്‍സ്! 9സിക്‌സറും 8 ബൗണ്ടറിയും; ആദം സാംപ ഏകദിനത്തിലെ ഏറ്റവും ധാരാളിയായ ബൗളര്‍

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടക്കുന്ന ഏകദിന പരമ്പരയിലെ നാലാമത്തെ മത്സരം ഓസ്‌ട്രേലിയന്‍ ബൗളര്‍ ആദം സാംപ ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കില്ല. ഡൂ ഓര്‍ ഡൈ സിറ്റുവേഷനില്‍ കളിക്കാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചു തകര്‍ത്തപ്പോള്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ വഴങ്ങുന്ന ബൗളര്‍ എന്ന പദവിയാണ് സാംപയെ തേടി വന്നത്.

അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് തകര്‍പ്പന്‍ ബാറ്റിംഗ് കെട്ടഴിച്ച ക്ലാസനും മില്ലറും കൂടി ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ അടിച്ചു തകര്‍ത്തപ്പോള്‍ ഏറ്റവും പരിക്കേറ്റത് സാംപയ്ക്കായിരുന്നു. പന്തെറിഞ്ഞ 10 ഓവറില്‍ സാംപ വഴങ്ങിയത് 113 റണ്‍സായിരുന്നു. ഒരു വിക്കറ്റും കിട്ടിയുമില്ല. ഒമ്പത് സിക്സറുകളും എട്ടു ബൗണ്ടറികളുമാണ് സാംപയ്ക്കിട്ട് ഇരുവരും ചേര്‍ന്ന് അടിച്ചത്.

ഇതോടെ ഏകദിനത്തില്‍ ഓസ്ട്രേലിയയിലെ ഏറ്റവും ധാരാളിയായ ബൗളര്‍ എന്ന ഖ്യാതിയാണ് സാംപയ്ക്ക് ഒപ്പമായത്. ബൗളര്‍മാരിലെ ഏറ്റവും ധാരാളി എന്ന പദവിയില്‍ സാംപ ഓസീസിന്റെ മുന്‍ താരം മിക്ക് ലൂയിസിനൊപ്പമായി. ലൂയിസിന്റെ റെക്കോഡും ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയായിരുന്നു. ജോഹന്നാസ് ബര്‍ഗില്‍ ലൂയിസ് 113 റണ്‍സ് വഴങ്ങിയ കളിയില്‍ ദക്ഷിണാഫ്രിക്ക അടിച്ചു കൂട്ടിയത് 434 റണ്‍സായിരുന്നു.

ഈ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അവരുടെ ഏറ്റവും ഉയര്‍ന്ന അഞ്ചാമത്തെ സ്‌കോറും കണ്ടെത്തി. 2015 ല്‍ വെസ്റ്റിന്‍ഡീസിനെതിരേ നേടിയ രണ്ടിന് 439 ആണ് ഏകദിനത്തിലെ അവരുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 2006 ല്‍ ഓസ്‌ട്രേലിയയ്ക്ക് എതിരേ 438 റണ്‍സ് നേടിയ അവര്‍ 2006 ല്‍ ഇന്ത്യയ്‌ക്കെതിരേയും ഇതേ സ്‌കോര്‍ കുറിച്ചിരുന്നു. 2006 ല്‍ പേട്ടെഫസ്റ്റ്‌റൂമില്‍ വെച്ച് സിംബാബ്‌വേയ്ക്ക് എതിരേയും 400 ന് മുകളില്‍ സ്‌കോര്‍ ചെയ്തു. 418 റണ്‍സാണ് അന്ന് എടുത്തത്.

400 ന് മുകളില്‍ ഏഴാം തവണ സ്‌കോര്‍ എത്തിക്കാനും ദക്ഷിണാഫ്രിക്കയ്ക്കായി. ഇതുവരെ ഏകദിനത്തില്‍ 400 ന് മുകളില്‍ ആറുതവണ സ്‌കോര്‍ ചെയ്ത ദക്ഷിണാഫ്രിക്ക ഇതുവരെ ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ഈ മത്സരത്തോടെ അവര്‍ ആ റെക്കോഡ് മറികടന്ന് ഏഴാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.