വിഷമദ്യ ദുരന്തത്തിൽ തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ മരണമഞ്ഞവര്‍ക്ക് ധനസഹായം നല്‍കുന്നതിനെതിരെ പ്രശസ്ത നടി കസ്തൂരി. വിഷമദ്യദുരന്തത്തില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും, മരിച്ചവരുടെ കുടുംബത്തിന് 10ലക്ഷം രൂപയുമാണ് സ്റ്റാന്‍ലിന്‍സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്.
ഏതെങ്കിലും ഒരു കായികതാരത്തിനോ, യുദ്ധത്തെ അതിജീവിച്ച ജവാനോ, ശാസ്ത്രജ്ഞനോ, കര്‍ഷകനോ അല്ല 10ലക്ഷം രൂപ നല്‍കുന്നത്. കുടുംബത്തെ ഉപേക്ഷിച്ച് കള്ളമദ്യം കുടിച്ച് മരിച്ചവര്‍ക്കാണ്. ഈ ഈ മോശം ദ്രാവിഡ മാതൃകയില്‍ പത്ത് ലക്ഷം സമ്പാദിക്കാൻ നിങ്ങൾ കഷ്ടപ്പെടേണ്ടതില്ല. ഫാഷനബിൾ മദ്യപാനിയായാൽ മതി. കസ്തൂരി എക്സില്‍ കുറിച്ചു. #kallakuruchi എന്ന ഹാഷ് ടാഗോടെയാണ് കസ്തൂരി ഈ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.
കുടിക്കരുത് ദയവായി കുടിക്കരുത്. മദ്യപാനാസക്തി ജീവിതത്തിൽ മാത്രമല്ല, മരണത്തിലും മാന്യത കവർന്നെടുക്കുന്നുവെന്നും കസ്തൂരി പിന്നീട് എക്സില്‍ എഴുതി. ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടശവസംസ്കാരത്തിന്റെ ചിത്രം പങ്കുവച്ച് അവര്‍ ഇതുകൂടി കൂട്ടിച്ചേര്‍ത്തു. ‘കള്ളക്കുറിച്ചിയിലെ അനധികൃത മദ്യത്തിന് ഇരയായവരുടെ കൂട്ട ശവസംസ്കാരമാണിത്. സ്വന്തം ജീവിതം നശിപ്പിച്ചു, കുടുംബം തകർത്തു, അന്തസ്സില്ലാത്ത മരണവും’
ഇതിനിടയില്‍ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ഇതുവരെ മരണം 53 ആയി. ചികിത്സയിലുള്ളവരില്‍ മുപ്പതോളം പേരുടെ നില അതീവഗുരുതരമാണെന്നു റിപ്പോര്‍ട്ടുകള്‍. ദുരന്തത്തില്‍ ഡി.എം.കെ. സര്‍ക്കാരിനെ മദ്രാസ് ഹൈക്കോടതി അതിരൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. പ്രതിപക്ഷ കക്ഷികളും സര്‍ക്കാരിന്റെ പിടിപ്പുകേടില്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്.