Uncategorized

ഇപ്പോള്‍ മറിഞ്ഞു വീഴുമെന്ന് തോന്നും ;  ഇതാണ് കുമ്മാക്കിവിയെന്ന പ്രകൃതിയുടെ അദ്ഭുതനിര്‍മ്മിതി

പ്രകൃതിയുടെ നിര്‍മ്മിതികള്‍ പലപ്പോഴും നമ്മളെയൊക്ക അദ്ഭുതപ്പെടുത്താറുണ്ട്. അത്തരത്തില്‍ ഒരു നിര്‍മ്മിതിയാണ് വിചിത്രമായ ഒരു പാറ. കുമ്മാക്കിവി എന്നാണ് ഈ പാറയുടെ പേര്. ഒരു പാറയുടെ മേല്‍ മറ്റൊരു വമ്പന്‍ പാറ വെറുതെ തൊട്ടതു പോലെ ഇരിക്കുകയാണ് ചെയ്യുന്നത്. ഫിന്‍ലന്‍ഡിലെ റൂകോലാഹ്തി എന്ന സ്ഥലത്താണ് കുമ്മാക്കിവി എന്നറിയപ്പെടുന്ന ഈ പാറ.

ഇതുടനെ മറിഞ്ഞുവീഴുമെന്നു തോന്നാമെങ്കിലും ഈ പാറകള്‍ ഇങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട് സഹസ്രാബ്ദങ്ങളായി. ഏകദേശം 12000 വര്‍ഷങ്ങളായി ഈ പാറ ഇവിടെയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വിചിത്രമായ പാറ എന്നാണ് കുമ്മാക്കിവിയുടെ അര്‍ഥം. 23 അടി നീളമുള്ള പാറയാണ് കുമ്മാക്കിവി. വലിയ ഭാരമുള്ളതാണ് കുമ്മാക്കിവി, ഏകദേശം അഞ്ച് ലക്ഷം കിലോ വരും ഇതിന്റെ ഭാരം. കുമ്മാക്കിവി നില്‍ക്കുന്നത് കണ്ടാല്‍ ഇപ്പോള്‍ ഉരുണ്ടുവീഴുമെന്ന പ്രതീതി ആളുകളില്‍ വരും. എന്നാല്‍ ഇങ്ങനെയൊന്നുമില്ല. തള്ളി മറിക്കാന്‍ ശ്രമിച്ചാല്‍ പോലും ഇത് വീഴില്ല. താഴെയുള്ള പരുക്കന്‍ പാറയുമായി നന്നായി ഒട്ടിച്ചേര്‍ന്നാണ് മറ്റേ പാറ ഇരിയ്ക്കുന്നത്.

എങ്ങനെയാണ് ഇത് ഇവിടെയെത്തിയതെന്നത് സംബന്ധിച്ച് കാലങ്ങളായി പഠനങ്ങളും തര്‍ക്കങ്ങളുമൊക്കെ നടക്കുന്നുണ്ട്. ഫിന്‍ലന്‍ഡിലെ തദ്ദേശീയ വിശ്വാസമനുസരിച്ച് കുമ്മാക്കിവി ഇവിടെ കൊണ്ടുവന്നു വച്ചത് ഏതോ ഭീകരജീവികളാണ്. ചരിത്രാതീത കാലത്തുണ്ടായിരുന്ന ഒരു ഹിമാനിയുടെ ഒഴുക്കുമായി ബന്ധപ്പെട്ടാണ് ഇത് അവിടെ വന്നതെന്നാണ് ഗവേഷകരുടെ അഭിപ്രായം. കുമ്മാക്കിവി കാണാനായി ധാരാളം വിനോദസഞ്ചാരികള്‍ റുകോലാഹ്തിയില്‍ എത്താറുണ്ട്. ഇങ്ങോട്ടേക്ക് വാഹനങ്ങള്‍ വരാത്തതിനാല്‍ ഒരു കിലോമീറ്ററോളം നടന്നാണ് ആളുകള്‍ എത്തുക.