Sports

‘ഇപ്പോള്‍ ശീലമായി… തന്നെ ഒഴിവാക്കുന്ന മുന്നാമത്തെ ലോകകപ്പ്’ ; ആദ്യമായി പ്രതികരിച്ച് ചാഹല്‍

ഇന്ത്യയുടെ മികച്ച സ്പിന്നര്‍മാരില്‍ പെടന്ന യൂസ്‌വേന്ദ്ര ചാഹലിന് ഈ വര്‍ഷം മികച്ചതായിരുന്നു. ഐപിഎല്‍ 2023 സീസണില്‍ 21 വിക്കറ്റുകളാണ് താരം നേടിയത്. ടീമിനെ പ്‌ളേഓഫില്‍ എത്തിക്കുകയും ചെയ്തു. പക്ഷേ 2023 ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ കഴിയാത്തത് വലിയ നിരാശയായി. ലോകകപ്പില്‍ ഇടം കിട്ടാതെ പോയതിനെക്കുറിച്ച് ഇതാദ്യമായി താരം മനസ്സു തുറന്നു.

”ഇപ്പോള്‍ ഇത് മൂന്നാമത്തെ ലോകകപ്പാണ്. പതിനഞ്ച് കളിക്കാര്‍ക്ക് മാത്രമേ ടീമിന്റെ ഭാഗമാകാന്‍ കഴിയൂവെന്ന് ഞാന്‍ മനസ്സിലാക്കുന്നു, കാരണം ഇത് ഒരു ലോകകപ്പാണ്, അവിടെ നിങ്ങള്‍ക്ക് 17 അല്ലെങ്കില്‍ 18 എടുക്കാന്‍ കഴിയില്ല. എനിക്ക് അല്‍പ്പം നിരാശ തോന്നുന്നു, പക്ഷേ മുന്നോട്ട് പോകുക എന്നതാണ് എന്റെ ജീവിത മുദ്രാവാക്യം. എനിക്കിപ്പോള്‍ ശീലമായി…” ചാഹല്‍ പറഞ്ഞു.

”അതുകൊണ്ടാണ് ഞാന്‍ ഇവിടെ കെന്റിലേക്ക് കളിക്കാന്‍ വന്നത്. കാരണം എങ്ങനെയെങ്കിലും ക്രിക്കറ്റ് മൈതാനത്ത് എവിടെയെങ്കിലും എത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചുവന്ന പന്തുമായി എനിക്ക് ഇവിടെ അവസരം ലഭിക്കുന്നു, ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നു. അതിനാല്‍. ഇത് എന്നെ സംബന്ധിച്ചിടത്തോളം വിലപ്പെട്ട അനുഭവമാണ്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിക്ക് മൂലം ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരുന്ന അക്‌സര്‍ പട്ടേല്‍ പുറത്തായിട്ടും ഓള്‍റൗണ്ടറുടെ പകരക്കാരനായി ചാഹലിനെ പരിഗണിച്ചില്ല. പകരക്കാരനായി വെറ്ററന്‍ രവിചന്ദ്രന്‍ അശ്വിനെയാണ് ഇന്ത്യ മാനേജ്‌മെന്റ് തിരഞ്ഞെടുത്തത്. അതേസമയം ഇതാദ്യമായല്ല ഹരിയാനക്കാരന്‍ താരത്തിന് ലോകകപ്പ് അവസരം നഷ്ടമാകുന്നത്. 2021 ല്‍ യുഎഇയില്‍ നടന്ന ടി 20 ലോകകപ്പില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹത്തിന് ടീമിന്റെ ഭാഗമായിരുന്നിട്ടും 2022 പതിപ്പില്‍ മത്സര അവസരങ്ങളൊന്നും ലഭിച്ചില്ല.