ഇന്ത്യന്‍ ക്രിക്കറ്റിലെ തകര്‍പ്പന്‍ സ്പിന്നറായ യൂസ്വേന്ദ്ര ചഹലിന് ഇപ്പോള്‍ കാലം അത്ര മെച്ചമല്ലെന്ന് തോന്നുന്നു. ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട താരം ദേശീയകുപ്പായത്തിലേക്ക് മടങ്ങിവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല. അതിനിടയില്‍ ഭാര്യയും നര്‍ത്തകിയുമായ ധനശ്രീവര്‍മ്മയുമായുള്ള ദാമ്പത്യവിഷയങ്ങളും താരത്തെ വേട്ടയാടുകയാണ്. ഏതാനും നാളായി ഇരുവരും രണ്ടുവഴിയിലാണെന്ന തരത്തിലുള്ള വര്‍ത്തമാനം ആരാധകര്‍ക്കിടയില്‍ അങ്ങാടിപ്പാട്ടായി മാറിയിട്ടുണ്ട്.
ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതാണ് ആരാധകര്‍ ആദ്യം ശ്രദ്ധിച്ച കാര്യം. പിന്നാലെ രണ്ടുപേരും എതിരാളികളുടെ ഫോട്ടോകള്‍ സ്വന്തം പേജില്‍ നിന്നും നീക്കം ചെയ്തതായി കണ്ടെത്തിയതും ഈ ഗോസിപ്പിന് പ്രചാരം കൂട്ടി. 2023 ല്‍ തന്റെ പേരില്‍ നിന്നും ചഹല്‍ എന്ന പേര് ധനശ്രീ നീക്കം ചെയ്തതോടെയാണ് എല്ലാം തുടങ്ങിയത്. എന്തായാലും ധനശ്രീയ്ക്ക് പിന്നാലെ ചഹല്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടു രംഗത്ത് വന്നിരിക്കുകയാണ്.
സാമൂഹ്യമാധ്യമങ്ങളില്‍ ഹൃദയസ്പര്‍ശിയായ പോസ്റ്റ് ഇട്ടുകൊണ്ടാണ് ചഹല്‍ വാര്‍ത്ത സ്ഥിരീകരിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമോ അസത്യമോ ആകട്ടെ. ഇവ കുടുംബത്തിനും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഉണ്ടാക്കുന്ന വേദന ചെറുതല്ലെന്ന് താരം പറയുന്നു. തന്റെ വ്യക്തിജീവിതത്തില്‍ ആള്‍ക്കാര്‍ക്കും ആരാധകര്‍ക്കും ആകാംഷയുണ്ടാകുന്നത് സാധാരണ കാര്യമായിരിക്കാം. എന്നിരുന്നാലും തന്നെ അവര്‍ മനസ്സിലാക്കുമെന്നും തന്റെ തീരുമാനങ്ങളെ വ്യക്തിജീവിതത്തെ ബഹുമാനിക്കുമെന്നും കരുതുന്നതായി താരം പറഞ്ഞു.
ആരാധകരുടെ സ്നേഹവും പിന്തുണയും തനിക്ക് വേണ്ടുവോളം ഉണ്ടെന്നും അതില്ലായിരുന്നെങ്കില്‍ ഇവിടെ വരെ എത്തുവാന്‍ കഴിയുമായിരുന്നില്ലെന്നും പറഞ്ഞു. എന്നാല്‍ ഈ യാത്ര വളരെ ദൂരെ തന്നെ അവസാനിച്ചു. എന്നിരുന്നാലും തന്നില്‍ രാജ്യത്തിന് വേണ്ടിയും തന്റെ ടീമിന് വേണ്ടിയും ആരാധകര്‍ക്ക് വേണ്ടിയുമുള്ള അനേകം ഓവറുകള്‍ എറിയാന്‍ ബാക്കിയുണ്ട്.” അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാം പേജിലെ കുറിപ്പില്‍ വ്യക്തമാക്കി.
”ഒരു മകന്‍, ഒരു സഹോദരന്‍, ഒരു സുഹൃത്ത് എന്നെല്ലാം നിലകളില്‍ താന്‍ എല്ലാവരോടും ഊഹാപേഹം പ്രചരിപ്പിക്കരുതെന്നും അത് തന്റെ കുടുംബത്തിന് ഉണ്ടാക്കുന്ന വേദന ചെറുതല്ലെന്നും പറഞ്ഞു. എല്ലാവര്‍ക്കും നന്മയുണ്ടാകാന്‍ പ്രാര്‍ത്ഥിക്കാനാണ് കുടുംബം തന്നെ പഠിപ്പിച്ചത്. കുറുക്കുവഴിയിലൂടെയല്ലാതെ സമര്‍പ്പണത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും വിജയം നേടുക, ഈ മൂല്യങ്ങളില്‍ വിശ്വസിക്കുന്നത് തുടരുക. എല്ലാക്കാലത്തേക്കും നിങ്ങളുടെ പിന്തുണയും സ്നേഹവുമാണ് വേണ്ടത് അല്ലാതെ സഹതാപമല്ല” എന്നും താരം കുറിച്ചു. ഓണ്‍ലൈന്‍ വഴിയുള്ള നെഗറ്റീവ് കമന്റിനേക്കുറിച്ച് ആക്ഷേപം ഉന്നയിച്ച കഴിഞ്ഞദിവസം ധനശ്രീയും രംഗത്ത് വന്നു.
കഴിഞ്ഞ ഏതാനും ദിവസമായി താനും കുടുംബവും ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അടിസ്ഥാനമില്ലാത്ത എഴുത്തുകള്‍ കൊണ്ട് തങ്ങള്‍ വലഞ്ഞിരിക്കുകയാണെന്നും പറഞ്ഞിരുന്നു്. വസ്തുതകള്‍ മനസ്സിലാക്കുകയോ പരിശോധിക്കുകയോ ചെയ്യാതെ ഞെട്ടിക്കുന്ന ആക്ഷേപം നടത്തി തങ്ങളെ ഇവര്‍ സ്തബദ്ധരാക്കുകയാണെന്നും സല്‍പ്പേരിന് കളങ്കം വരുത്തുകയാണെന്നും പറഞ്ഞു.