Crime

ഒരേ പെണ്ണിന് വേണ്ടി തര്‍ക്കം; യുവാവ് മറ്റൊരു യുവാവിനെ ക്രൂരമായി വെട്ടി

തിരുനെല്‍വേലി: ഒരേ പെണ്ണിന് വേണ്ടിയുള്ള തര്‍ക്കത്തെയും പകയെയും തുടര്‍ന്ന് തിരുനെല്‍വേലിയില്‍ ഒരു യുവാവ് മറ്റേ യുവാവിനെ വെട്ടി ആഴത്തില്‍ പരിക്കേല്‍പ്പിച്ചു. തിരുനെല്‍വേലി ശങ്കരന്‍കോവില്‍ റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തില്‍ 23 കാരന്‍ സെല്‍വരാജിനെയാണ് സൂര്യകണ്ണന്‍ എന്ന മറ്റൊരു യുവാവ് ആക്രമിച്ചത്. ഇരുവരും ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായതിനെ ചൊല്ലിയുള്ള വൈരാഗ്യമാണ് പ്രശ്‌നത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സെല്‍വരാജിനെ തിരുനെല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (ടിവിഎംസിഎച്ച്) പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ പ്രതിയും വാസുദേവനല്ലൂര്‍ സ്വദേശിയുമായ സൂര്യകണ്ണനെ പിടികൂടുകയും ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി സൂര്യകണ്ണനെ ശ്രീവില്ലിപുത്തൂര്‍ റെയില്‍വേ പോലീസിന് കൈമാറി. വാസുദേവനല്ലൂരില്‍ തന്നെ കലൈഞ്ജര്‍ കോളനിയിലെ സെല്‍വരാജും ചെന്നൈയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന കൂട്ടുകാരനും ചെന്നൈയിലേക്ക് പോകാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം.

സൂര്യകണ്ണന്റെ വെട്ടേറ്റ് സെല്‍വരാജിന്റെ മുഖത്ത് ആഴത്തിലുള്ള മുറിവുണ്ടാക്കുകയും സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. ഉടന്‍ തന്നെ അദ്ദേഹത്തെ ശങ്കരന്‍കോവില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ടിവിഎംസിഎച്ചിലേക്ക് മാറ്റുകയും ചെയ്തു. അന്വേഷണത്തില്‍, സെല്‍വരാജും സൂര്യ കണ്ണനും ഒരേ യുവതിയുമായി പ്രണയത്തിലായിരുന്നുവെന്ന് കണ്ടെത്തി.

ഇത് ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കത്തിന് ഇടയാക്കിയതായി പോലീസ് പറഞ്ഞു. പൊതുവേ ക്രിമിനല്‍ പശ്ചാത്തലമുള്ള സൂര്യകണ്ണനെതിരേ ആക്രമണം, മോഷണം തുടങ്ങിയവ കുറ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. ശങ്കരന്‍കോവില്‍ പോലീസ് കൂടുതല്‍ അന്വേഷണത്തിനായി സൂര്യകണ്ണനെ ശ്രീവില്ലിപുത്തൂര്‍ റെയില്‍വേ പോലീസിന് കൈമാറിയിരിക്കുകയാണ്. റെയില്‍വേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ആവശ്യവും ശക്തമാണ്.