ഒന്നു മനസുവച്ചാല്‍ യൗവനം അതിന്റെ ഊര്‍ജസ്വലതയോടെ ദീര്‍ഘകാലം കാത്തു സൂക്ഷിക്കാന്‍ കഴിയും. മുപ്പതുകളുടെ ചെറുപ്പം നാല്‍പതുകളിലും നിലനിര്‍ത്താം. യുവത്വത്തെ കാത്തുസൂക്ഷിക്കുന്നതില്‍ ഈ കാര്യങ്ങളൊന്ന് ശ്രദ്ധിക്കൂ.
എന്നും വ്യായാമം
ദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വയ്ക്കുക. നടത്തം, ഓട്ടം, നീന്തല്‍, സൈക്ലിങ് തുടങ്ങി ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതിയ്ക്ക് യോജിക്കുന്ന തരത്തിലുള്ള വ്യായാമമുറകള്‍ സ്വീകരിക്കാം. ജിം തിരഞ്ഞെടുക്കുമ്പോള്‍ ആദ്യ ആഴ്ചയിലെ അഞ്ചുദിവസം അരമണിക്കൂര്‍ വീതം ഇഷ്ടമുള്ള വ്യായാമത്തില്‍ ഏര്‍പ്പെടാം. പിന്നീട് ഓരോരുത്തരുടെയും ആരോഗ്യത്തിനും കഴിവിനും അനുസരിച്ച് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.
ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുന്നവര്‍ക്കും സിസേറിയന്‍ നടത്തിയവര്‍ക്കും പ്രായം മുപ്പത്തിയഞ്ചിനോട് അടുക്കുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടി വയറു ചാടുന്നതായി കണ്ടുവരുന്നു. ശരീരത്തിനുണ്ടാകുന്ന ഈ മാറ്റം തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.
ഉത്കണ്ഠ, പിരിമുറുക്കം ഇവയെല്ലാം കുറയ്ക്കാന്‍ വ്യായാമം നല്ലൊരു മാര്‍ഗമാണ്. ആര്‍ത്തവ വിരാമത്തിലേക്ക് അടുക്കുംതോറും സ്ത്രീകളില്‍ മാനസികമായുണ്ടാകുന്ന എല്ലാ അസ്വസ്തതകള്‍ക്കും നല്ലൊരു പ്രതിവിധി കൂടിയാണ് വ്യായാമം.
പ്രായം കൂടുംതോറും ആരോഗ്യകരമായ രീതിയിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാവൂ. ഒരു ട്രെയിനറുടെ നിര്‍ദ്ദേശപ്രകാരം ശരീരത്തിന്റെ ഭാരം കൃത്യമായ അനുപാതത്തിന് കുറയ്ക്കുക.
ആരോഗ്യത്തോടെ ഡയറ്റ്
വയറു നിറയെ പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് വിശപ്പു മാറാന്‍ ഊണ്, രാത്രിയില്‍ അരവയര്‍ ഭക്ഷണം ഇതാണ് ആരോഗ്യകരമായ ഭക്ഷണരീതി. ചോറോ ചപ്പാത്തിയോ കഴിക്കുന്നതുകൊണ്ട് ശരീരത്തിന് അമിത വണ്ണം ഉണ്ടാകില്ല. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലാണ് കാര്യം.
കുറച്ചു ചോറിനൊപ്പം ധാരാളം പച്ചക്കറി കഴിക്കാം, ഭക്ഷണത്തിന്റെ ഇടവേളകളില്‍ വിശക്കുന്നുണ്ടെങ്കില്‍ സ്നാക്ക്സിനുപകരം പഴങ്ങള്‍ കഴിക്കാം.
ദിവസവും രാവിലെ എഴുന്നേറ്റയുടന്‍ രണ്ടുഗ്ലാസ് ഇളംചൂടുവെള്ളം കുടിക്കുന്നത് ശരീരത്തെ ഒരുപരിധിവരെ ആരോഗ്യപൂര്‍ണ്ണമായി നിലനിര്‍ത്താന്‍ സഹായിക്കും.
നല്ല നടപ്പ്
ശരീരത്തിലടങ്ങിയ ഫാറ്റിനെ അപ്രത്യത്യക്ഷമാക്കി ആരോഗ്യകരമായ ജീവിതം പ്രദാനം ചെയ്യുന്ന മാര്‍ഗം മാത്രമാണ് നടത്തം. നടക്കുമ്പോള്‍ കൈവീശി വേണം നടക്കാന്‍. 30 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ മോണിങ് വാക്കോ അതല്ലെങ്കില്‍ അത്താഴത്തിന് ശേഷം അരമണിക്കൂര്‍ നടത്തമോ ശീലമാക്കാം.
ഭക്ഷണം കഴിഞ്ഞ ഉടനെ കിടന്നുറങ്ങുന്നത് നല്ലതല്ല. ശരീരം നന്നായി വിയര്‍ക്കുന്നത് ചര്‍മ്മത്തിലെ പൊടിപടലങ്ങളെ അകറ്റി ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും.
ജങ്ക് ഫുഡ്‌സ്‌വേണ്ട
വറുത്തതും പൊരിച്ചതുമായ ആഹാരം, ജങ്ക് ഫൂഡ് എന്നിവയെല്ലാം ശരീരത്തിലേക്ക് അമിതമായി ഫാറ്റ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നു.
പ്രഭാതഭക്ഷണത്തില്‍ ആവിയില്‍ പുഴുങ്ങിയ ആഹാരങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുക. പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ശരീരത്തിന് ഊര്‍ജം നല്‍കുന്നതില്‍ പ്രഭാതഭക്ഷണം ഏറെ പ്രധാനമാണ്.
ഉച്ചയ്ക്ക് ഇലക്കറികള്‍ അടങ്ങിയ കറികള്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം. ചോറിന്റെ അളവ് കുറയ്ക്കുക. മാക്സിമം ഉച്ചയ്ക്ക് മാത്രമായി ചോറ് പരിമിതപ്പെടുത്തുക.
രാത്രിഭക്ഷണത്തില്‍ ഓട്‌സ്, ഗോതമ്പ് എന്നിവ ഉള്‍പ്പെടുത്തുക. രാത്രിഭക്ഷണം കഴിവതും 8 മണിക്ക് മുന്‍പായി കഴിക്കുക.
നമ്മള്‍ കഴിക്കുന്ന ഓരോ ആഹാരത്തിന്റെയും കലോറി അറിഞ്ഞിരുന്നാല്‍ ഒരു പരിധിവരെ അമിതഭക്ഷണം അകത്താക്കുന്നതില്‍ കുറവു വരും. ഫോണില്‍ കലോറി തിട്ടപ്പെടുത്തുന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. അത് ഒരു പരിധിവരെ നമ്മുടെ ഭക്ഷണക്രമം നിയന്ത്രിക്കുകയും ചെയ്യും.
ഒരു ദിവസം 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് രണ്ട് ഗ്ലാസ് വെള്ളം കുടിച്ചാല്‍, നമ്മള്‍ അതില്‍ കുറച്ച് ഭക്ഷണം കഴിച്ചാല്‍ മതി.
പഴങ്ങളും ഇലക്കറികളും ഉള്‍പ്പടെ നാരുകള്‍ അടങ്ങിയ ആഹാരങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തുക. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ആഹാരമാണ് ശരീരത്തിന് യുവത്വം നല്‍കുന്നത്. കടുംനിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും ആന്റി ഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയിരിക്കുന്നു. പല നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കാന്‍ ശ്രദ്ധിക്കുക.
വൈറ്റമിന്‍ സി അടങ്ങിയ ആഹാരം ചര്‍മത്തിലെ പിഗ്മെന്റേഷനെ (കറുത്ത പാടുകള്‍) തടയുന്നു. ലൈം ജ്യൂസ് നിത്യവും കുടിക്കുക. ഒരു നെല്ലിക്ക നിത്യേന കഴിക്കുക. നട്‌സ് (ബദാം, അണ്ടിപ്പരിപ്പ്, നിലക്കടല തുടങ്ങിയവ) നിത്യഭക്ഷണത്തിലുള്‍പ്പെടുത്തുക. നട്‌സിലെ കൊഴുപ്പ് ചര്‍മത്തിലെ കൊളാജന്‍ അയഞ്ഞു പോകാതെ സംരക്ഷിക്കുന്നു. ദിവസവും ഒരു വലിയ സ്പൂണ്‍ (30 ഗ്രാം) നട്‌സ് കഴിക്കുക.
സ്ട്രെസ് മറന്നേക്കൂ
- ചെറുപ്പം നിലനിര്‍ത്താന്‍ വ്യായാമം പോലെ തന്നെ നമ്മുടെ മനസ്സിന്റെ ആരോഗ്യവും വളരെ പ്രധാനമാണ്. ശരീരത്തിന്റെ ആരോഗ്യവും മനസ്സിന്റെ സുഖവും തമ്മില്‍ ബന്ധപ്പെട്ടാണിരിക്കുന്നത്.
- മാനസിക സമ്മര്‍ദം കൂടുമ്പോള്‍ നമ്മളില്‍ പലരും അമിതഭക്ഷണം അകത്താക്കുന്നത് പതിവാണ്. അതുകൊണ്ട് കഴിവതും എന്തു ടെന്‍ഷന്‍ നേരിട്ടാലും അതൊക്കെ പക്വതയോടെ തരണം ചെയ്യാനുള്ള കഴിവ് ആര്‍ജിച്ചാല്‍ അതു നിങ്ങളെ കൂടുതല്‍ ആരോഗ്യവും സൗന്ദര്യവും ഉള്ള ശരീത്തിന്റെ ഉടമയാക്കും.
- മാനസിക സമ്മര്‍ദം അകറ്റുക. സമ്മര്‍ദം കൂടുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ഫ്രീ റാഡിക്കല്‍സ് കൂടുതല്‍ ഉണ്ടാവുന്നു. അത് കോശങ്ങള്‍ വേഗം നശിക്കാന്‍ ഇടയാക്കുന്നു. ഇത് തടയാന്‍ ആന്റി ഓക്സിഡന്റ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ഗ്രീന്‍ ടീ, മഞ്ഞള്‍ ചായ, ഇഞ്ചി, നാരാങ്ങ ഇവയൊക്കെ നിങ്ങളില്‍ ചെറുപ്പം നിറയ്ക്കുന്ന ആഹാര വസ്തുക്കളാണ്.
- സ്ട്രെസ് തോന്നുമ്പോള്‍ മൊബൈലില്‍ നല്ലൊരു പാട്ടു വച്ച്, നന്നായി ഒന്ന് ഡാന്‍സ് ചെയ്തു നോക്കൂ, ഫ്രഷ് ആകുന്നത് സ്വയം അനുഭവിച്ചറിയാം.