Lifestyle

തോല്‍ക്കില്ല; 58-ാം വയസില്‍ മോഡലാകാന്‍ തീരുമാനിച്ച ഒരു സ്റ്റൈലിഷ് മുത്തശ്ശി

വ്യക്തിയുടെ കഴിവിനെ കണക്കാക്കാതെ പ്രായം മാത്രം വിലയിരുത്തി ആളുകളെ വിമര്‍ശിക്കുന്ന രീതിയിലുള്ള പല കമന്റുകളും സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കും. 58-ാം വയസ്സില്‍ മോഡലാകാന്‍ തീരുമാനിച്ച മുക്ത സിങ് നേരിടേണ്ടതായി വന്ന രൂക്ഷ വിമര്‍ശനങ്ങളും ഇത്തരത്തിലായിരുന്നു. എന്നാല്‍ ഇതിലൊന്നും പതറാതെ മുക്ത സിങ്ങിന്റെ മറുപടി ആരെയും ഞെട്ടിക്കും. “ഇന്‍സ്റ്റഗ്രാമിലെ പരിഹാസ കമന്റുകള്‍ വായിച്ച് വേദന തോന്നിയ സമയങ്ങളുണ്ട് . പല മോശം കമന്റുകളും എന്നെ പാടെ തകര്‍ത്തു കളഞ്ഞിട്ടുണ്ട്. എന്നാല്‍ ഇനി അതിലൊന്നും വീഴില്ല, നിങ്ങളുടെ ഒരു വിമര്‍ശനങ്ങളും എന്നെ തോല്‍പ്പിക്കില്ല”.

സ്‌റ്റൈലിഷായി നടക്കുന്ന ചിലപ്പോള്‍ ചിലവര്‍ക്ക് ഇഷ്ടമാകില്ല. പ്രായമായവര്‍ നല്ല വസ്ത്രം ധരിച്ചാല്‍ പോലും വിമര്‍ശിക്കുന്നവര്‍ ധാരളമാണ്.എന്നാല്‍ ഇതിനെ മറികടന്ന് തന്റെ 58-ാം വയസ്സില്‍ മോഡലിങ് രംഗത്തേക്ക് ഇറങ്ങാന്‍ മുക്ത സിങ് തീരുമാനിച്ചു. താന്‍ സ്വയം തിരഞ്ഞെടുത്ത പാതയാണിതെന്നും അവര്‍ വ്യക്തമാക്കി.

മുക്തയുടെ ഭര്‍ത്താവ് ഒരു പൈലറ്റ് ആയതിനാല്‍ പലയിടങ്ങളിലും യാത്ര ചെയ്യേണ്ടതായി വന്നു. കുട്ടികളുടെ പഠിപ്പും വീട്ടുജോലികളുമെല്ലാം താന്‍ സ്വയം മറന്നുപോയതായും മുക്ത ഓര്‍ത്തെടുക്കുന്നു. കുട്ടികളെ നന്നായി വസ്ത്രം ധരിപ്പിക്കും എന്നാല്‍ തന്റെ വസ്ത്രം ഒരു പഴയ ഷര്‍ട്ടും ജീന്‍സുമായിരുന്നുവെന്നും അവര്‍ പറയുന്നു. ഒരു സ്ത്രീ കുടുംബത്തിനെ പരിപാലിക്കുന്നവളാണ് എന്നാല്‍ അത് സ്വയം അവഗണിച്ചു കൊണ്ടാവരുതെന്ന് മാത്രം.

മുക്ത സിങ്ങിന്റെ മുടിയാണ് കൂടുതല്‍ ശ്രദ്ധേയം . കുറച്ച് കാലം മുമ്പ് വരെ ഡൈ ചെയ്യാറുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഡൈ ചെയ്യാറില്ലായെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ ഫാഷന്‍ ഷോകളിലും പരസ്യ കമ്പനികളിലും മോഡലിങ്ങിലുമൊക്കെ മുക്ത പ്രശസ്തി നേടിയത് ഈ വെള്ളി നിറത്തിലെ തലമുടിയുടെ പേരില്‍ കൂടിയാണ്.