ഉന്നത വിദ്യാഭ്യാസമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം കുറവുള്ള സമപ്രായക്കാരെ അപേക്ഷിച്ച് ഉയര്‍ന്ന അളവില്‍ വിഷാദവും ഉത്കണ്ഠയും ഉള്ളതായി കണ്ടെത്തല്‍. യു.എസ് അക്കാദമിക്‌സിന്റെ നേതൃത്വത്തിലുള്ള പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഈ പഠനമനുസരിച്ച് ഇംഗ്ലണ്ടിലെ ഉന്നത വിദ്യാഭ്യാസത്തിനായി പഠിക്കുന്ന ചെറുപ്പക്കാര്‍ക്ക് പഠിക്കാത്തവരെ അപേക്ഷിച്ച് ഉത്കണ്ഠയും വിഷാദവും കൂടുതലാണെന്ന് കണ്ടെത്തി.
ദി ലാന്‍സെറ്റ് പബ്ലിക്ക് ഹെല്‍ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. എന്നാല്‍ 25 വയസ് എത്തിയപ്പോള്‍ ബിരുദധാരികളും ബിരുദധാരികള്‍ അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം അപ്രത്യക്ഷമായി എന്നും പഠനം പറയുന്നു. യു.കെയിലെ സൈക്യാട്രിസ്റ്റ് ഡോ. ജെമ്മ ലൂയിസ് പറയുന്നത് യു.കെയില്‍ സമീപ വര്‍ഷങ്ങളില്‍ യുവാക്കള്‍ക്കിടയില്‍ മാനസീകാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിച്ചു വരുന്നതായി കാണുന്നു. അതിനാല്‍ വിദ്യാര്‍ത്ഥികളെ എങ്ങനെ പിന്തുണയ്ക്കാം എന്നതില്‍ അവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
ഉന്നത വിദ്യാഭ്യാസത്തിന്റെ ആദ്യത്തെ രണ്ട് വര്‍ഷം നിര്‍ണായകമാണ്. ഈ സമയം വിദ്യാര്‍ത്ഥികളുടെ മാനസീകാരോഗ്യം മെച്ചപ്പെടുത്താന്‍ കഴിഞ്ഞാല്‍ അത് ദീര്‍ഘകാല നേട്ടങ്ങള്‍ ഉണ്ടാക്കുമെന്ന് ഇവര്‍ പറയുന്നു.1989 മുതല്‍ 1999 വരെ ജനിച്ചവരിലാണ് പഠനം നടന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ എന്തുകൊണ്ട് ഇങ്ങനെ വിഷാദവും ഉത്കണ്ഠയും വരുന്നു എന്ന കാര്യത്തില്‍ തങ്ങള്‍ക്ക് കൃത്യമായി ഒരു കാരണം പറയാനില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഇത് അക്കാദമികമോ സാമ്പത്തികമോ ആയ സമ്മര്‍ദ്ദങ്ങളുമായി ബന്ധപ്പെട്ടിരിക്കാം എന്നും അവര്‍ അനുമാനിക്കുന്നു. ഉന്നതവിദ്യാഭ്യാസമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അല്ലാത്തവരെക്കാള്‍ മാനസികാരോഗ്യം ഉണ്ടാകുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന ഫലങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും ഇവര്‍ പറയുന്നു.