Lifestyle

ചര്‍മ്മത്തിലെ സണ്‍ ടാന്‍ മാറ്റാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം ഈ ഉഗ്രന്‍ ഫെയ്സ് പാക്ക്

ചൂടും, അന്തരീക്ഷ മലിനീകരണവും ഒക്കെ നമ്മുടെ മുഖ ചര്‍മ്മത്തെ ഓരോ ദിവസവും മലിനമാക്കുന്നു. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നത് പോലെ തന്നെ ചര്‍മ്മത്തിന്റെ കാര്യത്തിലും നമ്മള്‍ ഓരോ ദിവസവും ശ്രദ്ധ കൊടുക്കേണ്ടതാണ്. അമിതമായി വെയില്‍ ഏറ്റാല്‍ മുഖം കരിവാളിച്ച് പോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ കരിവാളിപ്പിനെ മാറ്റിയെടുത്തില്ലെങ്കില്‍ ചര്‍മ്മത്തിന്റെ ഭംഗി തന്നെ നഷ്ടപ്പെട്ട് പോയേക്കാം. സ്ഥിരമായി വെയില്‍ ഏല്‍ക്കുന്നവര്‍ പുറത്ത് പോകുമ്പോള്‍ മാസ്‌ക് ധരിക്കുക, സ്‌കാര്‍ഫ് കെട്ടുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാം. ഇതോടൊപ്പം സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കാനും മറക്കരുത്. ചര്‍മ്മത്തിലെ സണ്‍ ടാന്‍ മാറ്റാന്‍ വീട്ടില്‍ തന്നെ ഫെയ്സ് പാക്ക് തയ്യാറാക്കാവുന്നതാണ്….

  • അരിപ്പൊടി – ചര്‍മ്മത്തിന് ഏറെ നല്ലതാണ് അരിപ്പൊടി. മൃതകോശങ്ങളെ നീക്കം ചെയ്യാനും ചര്‍മ്മത്തില്‍ മികച്ച എക്സ്ഫോളിയേഷന്‍ നടത്താനും അരിപ്പൊടി വളരെയധികം സഹായിക്കും. ഇത് സുഷിരങ്ങളില്‍ അടിഞ്ഞുകൂടിയ അഴുക്ക് നീക്കം ചെയ്യുകയും അവയെ അണ്‍ക്ലോഗ് ചെയ്യാനും സഹായിക്കുന്നതാണ്. കറുത്ത പാടുകളെ മാറ്റാനും ചര്‍മ്മത്തിന് നല്ല സോഫ്റ്റാക്കാനും അരിപ്പൊടി സഹായിക്കും. കഠിനമായ യുവി രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഏറെ നല്ലതാണ് അരിപ്പൊടി.
  • ഉരുളക്കിഴങ്ങ് നീര് – ഹൈപ്പര്‍പിഗ്മന്റേഷന്‍, കറുത്ത പാടുകള്‍ എന്നിവയൊക്കെ മാറ്റാന്‍ സഹായിക്കുന്ന സ്വാഭാവിക ചേരുവകള്‍ ഉരുളക്കിഴങ്ങിലുണ്ട്. ചര്‍മ്മത്തിന് വേഗത്തില്‍ തിളക്കം കൂട്ടാന്‍ ഉരുളക്കിഴങ്ങ് ഏറെ സഹായിക്കും. വരണ്ട ചര്‍മ്മത്തിന് ഏറെ നല്ലതാണിത്. മാത്രമല്ല ചര്‍മ്മത്തെ മോയ്ചറൈസ് ചെയ്ത് നിര്‍ത്താനും ഉരുളക്കിഴങ്ങ് നീര് ഏറെ സഹായിക്കാറുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തിന് വരകളും ചുളിവകുളുമൊക്കെ മാറ്റാന്‍ സഹായിക്കുന്നതാണ്.
  • കാപ്പിപൊടി – രാവിലെ കാപ്പി കുടിക്കുന്നത് ഉന്മേഷം നല്‍കാറുണ്ട് പലര്‍ക്കും. അതുപോലെ ചര്‍മ്മത്തിന് ഭംഗി കൂട്ടാന്‍ ഏറെ നല്ലതാണ് കാപ്പിപൊടി. നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവര്‍ത്തിക്കാന്‍ കാപ്പിപൊടിക്ക് കഴിയും. ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളി ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാന്‍ കാപ്പിപൊടി ഏറെ നല്ലതാണ്. യുവി രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനുള്ള കഴിവ് കാപ്പിപൊടിയ്ക്കുണ്ട്. ഇത് ചര്‍മ്മത്തിന്റെ പ്രതിരോധ ശേഷിയെ കൂട്ടുന്നു. കൂടാതെ കൊളാജന്‍ ഉത്പ്പാദനം വര്‍ധിപ്പിച്ച് ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്തും. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും മറ്റ് കേടുപാടുകളെയും ഇല്ലാതാക്കാന്‍ ഏറെ സഹായിക്കാറുണ്ട്.
  • കടലമാവ് – ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കാന്‍ ഏറെ നല്ലതാണ് കടലമാവ്. ചര്‍മ്മത്തെ ഡീപ്പ് ക്ലെന്‍സ് ചെയ്യാനും എക്സ്ഫോളിയേറ്റ് ചെയ്ത് മൃതകോശങ്ങളെ പുറന്തള്ളാനും കടലമാവ് ഏറെ സഹായിക്കും. അമിതമായ എണ്ണമയം കുറച്ച് ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ കടലമാവ് ഏറെ സഹായിക്കും. സ്ഥിരമായി ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ കറുത്ത പാടുകളെ നീക്കി നിറം വര്‍ധിപ്പിക്കാന സഹായിക്കും. കെമിക്കലുകള്‍ ഇല്ലാതെ ചര്‍മ്മത്തം സംരക്ഷിക്കാന്‍ നല്ലതാണ് കടലമാവ്.

ഫെയ്സ് പായ്ക്ക് ഇങ്ങനെ തയാറാക്കാം – ഇതിനായി ഒരു ടീ സ്പൂണ്‍ അരിപ്പൊടി, 1 ടീ സ്പൂണ്‍ കടലമാല്, 1 ടീ സ്പൂണ്‍ കാപ്പിപൊടി എന്നിവ എടുക്കുക. ഇനി ഇതിലേക്ക് അല്‍പ്പം ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്ത് പിഴിഞ്ഞെടുത്ത നീര് കൂടി ചേര്‍ക്കുക. ഇനി ഇത് നന്നായി മിക്സ് ചെയ്ത് എടുക്കണം. ഒരു പേസ്റ്റ് രൂപത്തിലാകുമ്പോള്‍ ഇത് മുഖത്തും കഴുത്തിലുമൊക്കെ ഇടാവുന്നതാണ്. അതിന് ശേഷം 20 മിനിറ്റ് കഴിഞ്ഞ് മുഖം കഴുകി വൃത്തിയാക്കാം. മുഖത്തിടുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റ് ചെയ്യാന്‍ മറക്കരുത്.