Sports

ലാപാസ് സ്‌റ്റേഡിയത്തില്‍ കളിച്ചു ജയിക്കണോ? ഓക്‌സിജന്‍ ട്യുബുമായി വരണം; മെസ്സക്കും കൂട്ടര്‍ക്കും ഭീതി

അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന അടുത്ത ലോകകപ്പിന് യോഗ്യത കിട്ടണമെങ്കില്‍ ഓക്‌സിജന്‍ കൊണ്ടു നടക്കണമെന്ന സ്ഥിതിയിലാണ് ഫുട്‌ബോളിലെ ലോകരാജാക്കന്മാരായ അര്‍ജന്റീന. ചൊവ്വാഴ്ച ബൊളീവിയയുമായുള്ള ഏറ്റുമുട്ടാനൊരുങ്ങുന്ന അവര്‍ ടീമിലെ കളിക്കാര്‍ക്ക് നല്‍കിയിരിക്കുന്നത് വ്യക്തിഗത ഓക്‌സിജന്‍ ട്യൂബുകളാണ്.

അര്‍ജന്റീനയുടെ അടുത്ത മത്സരം ലാപാസിലെ എസ്റ്റാഡിയോ ഹെര്‍ണാണ്ടോ സൈല്‍സിലാണ്. ഇവിടുത്തെ കളിയാകട്ടെ ഏറ്റവും അപകടം നിറഞ്ഞതാണ്. കാരണം സമുദ്രനിരപ്പില്‍ നിന്ന് 3,637 മീറ്റര്‍ ഉയരത്തില്‍ പര്‍വ്വതത്തിന് മുകളിലാണ് സ്‌റ്റേഡിയം. ഹൈ ആള്‍ട്ടിട്യൂഡ് കാരണം ഇവിടെ ശ്വാസം കിട്ടാന്‍ കളിക്കാര്‍ ഏറെ ബുദ്ധിമുട്ടും. അര്‍ജന്റീനയുടെ കളിക്കാര്‍ക്ക് ഈ പ്രശ്‌നത്തിന് പരിഹാരമായിട്ടാണ് ഓക്‌സിജന്‍ ട്യുബുകള്‍.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രൊഫഷണല്‍ സ്റ്റേഡിയങ്ങളില്‍ ഒന്നാണ് ലാപാസിലെ എസ്റ്റാഡിയോ ഹെര്‍ണാണ്ടോ സൈല്‍സ്. 2,500 മീറ്ററിലധികം ഉയരമുള്ള സ്റ്റേഡിയങ്ങള്‍ ഫിഫ നിരോധിച്ചതിനെത്തുടര്‍ന്ന് ബൊളീവിയന്‍ സ്റ്റേഡിയത്തിന് കഴിഞ്ഞ തവണ യോഗ്യതാ മത്സരങ്ങള്‍ നടത്താനായിരുന്നില്ല. മാസങ്ങള്‍ക്ക് ശേഷം ഉയരപരിധി 3000 മീറ്ററായി ഉയര്‍ത്തുകയും എസ്റ്റാഡിയോ ഹെര്‍ണാണ്ടോ സൈല്‍സിന് പ്രത്യേക ഇളവ് നല്‍കുകയും ചെയ്തതോടെയാണ് ഇവിടേയ്ക്ക് മത്സരങ്ങള്‍ തിരിച്ചു വന്നത്.